ന്യുഡല്‍ഹി: രാജസ്ഥാന് കോണ്‍ഗ്രസിലെ അച്ചടക്ക ലംഘനത്തില്‍ ഖേദപ്രകടനവുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട്. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. രാജസ്ഥാന് മുഖ്യമന്ത്രിയായി താന്‍ തുടരണമെന്ന് എംഎല്‍എമാര്‍ ആവശ്യപ്പെടുന്നു. അവരുടെ മനസ്സുമാറ്റാന്‍ തനിക്ക കഴിഞ്ഞില്ല. അന്ന നടന്ന സംഭവങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. എന്നാല്‍ താന്‍ തുടരണമോ എന്ന് അന്തിമമായി സോണിയ ഗാന്ധി തീരുമാനിക്കട്ടെയെന്നും ഗെലോട്ട് പറഞ്ഞൂ. സോണിയ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലുമായി നടത്തിയ ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളെ കാണുകയായിരു ഗെലോട്ട്.
കഴിഞ്ഞ 50 വര്‍ഷമായി കോണ്‍ഗ്രസിന്റെ വിധേയത്വമുള്ള പ്രവര്‍ത്തകനാണ് താന്‍. രണ്ട് ദിവസം മുന്‍പ് സംസ്ഥാനത്ത് സംഭവിച്ച കാര്യങ്ങളില്‍ ക്ഷമാപണം നടത്തുന്നു. താന്‍ മുഖ്യമന്ത്രി കസേര വിടാന്‍ തയ്യാറല്ലെന്ന പ്രതിനിധി അതുണ്ടാക്കി. പ്രശ്നം പരിഹരിക്കാന്‍ തനിക്ക് കഴിയാത്തതില്‍ സോണിയ ഗാന്ധിയോട് ഖേദം പ്രകടിപ്പിക്കുന്നുവെന്നും എഴുതി തയ്യാറാക്കിയ കുറിപ്പ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വായിച്ചുകൊണ്ട് ഗെലോട്ട് അറിയിച്ചു.
അതിനിടെ, രാജസ്ഥാന് ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റ് വൈകാതെ സോണിയ ഗാന്ധിയെ കാണുമെന്ന് സൂചനയുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ള ശശിതരൂര്‍ മത്സരത്തിനൊരുങ്ങുന്ന ദിഗ്വിജയ് സിംഗുമായി കൂടിക്കാഴ്ച നടത്തും.
ദിഗ്വിജയ് സിംഗിന്റെ സ്ഥാനാര്‍ത്ഥിത്വം താന്‍ സ്വാഗതം ചെയ്യുന്നുവെന്ന് തരൂര്‍ പറഞ്ഞു. ഞങ്ങളുടെത് ശത്രുക്കള്‍ തമ്മിലുള്ള മത്സരമല്ലല, സഹപ്രവര്‍ത്തകര്‍ക്കിടയില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള മത്സരമായി കാണുമെന്നും തരൂര്‍ പറഞ്ഞു. ആരുജയിച്ചാലും വിജയിക്കുന്നത് കോണ്‍ഗ്രസ് ആയിരിക്കുമെന്നും തരൂര്‍ വ്യക്തമാക്കി.
രാജസ്ഥാനിലെ നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് ഗെലോട്ടിന്റെ സാധ്യത മങ്ങിയത്. ഇതോടെ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ ഗെലോട്ടിനെതിരെ കടുത്ത നടപടിക്ക് സോണിയ ഒരുങ്ങുകയായിരുന്നു. സോണിയയെ കാണാന്‍ ഗെലോട്ട് ഇന്നലെ അവസരം ചോദിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് കൂടിക്കാഴ്ച അനുവദിച്ചത്. കോണ്‍ഗ്രസ അധ്യക്ഷ തിരഞ്ഞെടുപ്പിനു മുന്‍പ് രാജസ്ഥാനിലെ പ്രശ്ന പരിഹാരമാണ് ഹൈക്കമാന്‍ഡ് ആഗ്രഹിച്ചത്. അധ്യക്ഷ സ്ഥാനത്തേക്ക് ഗെലോട്ടിന് താല്പര്യമില്ലെങ്കില് മാത്രം മറ്റൊരാളെ പരിഗണിക്കാമെന്ന് തീരുമാനിച്ചിരുന്ന ഹൈക്കമാന്‍ഡിന് ഞായറാഴ്ചത്തെ സംഭവത്തോടെയാണ് ഗെലോട്ട് അനഭിമതനായി മാറിയത്.






