ന്യൂഡല്‍ഹി : ജിയോയുടെ വില കുറഞ്ഞ ലാപ്ടോപ്പ് എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ജിയോ ബുക്ക് എന്ന് വിളിക്കുന്ന ഈ ലാപ്ടോപ്പ് സ്കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ ഉപഭോക്താക്കള്‍ക്ക് വേണ്ടിയാവും അവതരിപ്പിക്കുക. ജിയോയുടെ 4ജി കണക്ഷനോടു കൂടിയ ഈ ലാപ്ടോപ്പിന് 15000 രൂപയായിരിക്കും വിലയെന്ന് റോയിട്ടേഴ്സ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
മൈക്രോസോഫ്റ്റ്, ക്വാല്‍കോം എന്നിവരുമായി സഹകരിച്ചാണ് ഈ ജിയോബുക്ക് നിര്‍മിക്കുക. കരാര്‍ നിര്‍മാണ കമ്പനിയായ ഫ്ളെക്സുമായി ചേര്‍ന്ന് ഇന്ത്യയില്‍ തന്നെയാവും ജിയോ ബുക്കിന്റെ നിര്‍മാണം. ക്വാല്‍കോം ചിപ്പുകള്‍ക്ക് വേണ്ടിയുള്ള പിന്തുണയും മൈക്രോസോഫ്റ്റ് ലാപ്ടോപ്പിലെ ആപ്ലിക്കേഷനുകള്‍ക്ക് വേണ്ടിയുള്ള പിന്തുണയും നല്‍കും. ലാപ്ടോപ്പില്‍ ജിയോയുടെ സ്വന്തം ജിയോ ഓഎസ് ആയിരിക്കും ഉണ്ടാവുക.
ജിയോ സ്റ്റോറില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ടാപ് ലെറ്റുകള്‍ക്ക് പകരമായി ഉപയോഗിക്കാനാവുന്ന ഒന്നായിരിക്കും തങ്ങളുടെ ലാപ്ടോപ്പ് എന്നാണ് ജിയോ നല്കുന്ന സൂചന. ഇതിന് പിന്നാലെ തന്നെ ലാപ്ടോപ്പിന്റെ 5ജി സൗകര്യത്തോടു കൂടിയ പതിപ്പും എത്തിയേക്കും. ജിയോ ഔദ്യോഗികമായി ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ലെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.






