
എഴുത്തുകാരനും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം തന്റെ ജീവിത വഴികളിലൂടെ...
മനുഷ്യന്റെ പച്ചയായ ജീവിത യാഥാര്ത്ഥ്യങ്ങളെ തുറന്നുകാട്ടുന്നവയാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ രചനകള്. അതില് അസാധാരണ സന്ദര്ഭങ്ങളില്ല, വെല്ലുവിളി ഉയര്ത്തുന്ന കഥാപാത്രങ്ങളില്ല. കണ്മുമ്പില് കാണുന്ന പൊള്ളുന്ന യാഥാര്ത്യങ്ങള് മാത്രം.
ശക്തമായ തിരക്കഥകള് കൊണ്ട് മലയാള സിനിമയ്ക്ക് ഒരുപിടി നല്ല ചിത്രങ്ങളും അദ്ദേഹം സമ്മാനിച്ചു. അന്നയും റസൂലും, ചന്ദ്രേട്ടന് എവിടെയാ?,ഞാന് സ്റ്റീവ് ലോപ്പസ്, ഇടുക്കി
ഗോള്ഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്ക്ക് സുപരിചിതനായ സന്തോഷ് ഏച്ചിക്കാനം തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും, നേരിട്ട വിമര്ശനങ്ങളെക്കുറിച്ചും സംസാരിക്കുന്നു.....
പുതിയ വിശേഷങ്ങള്?
വിനീത് ശ്രീനിവാസന് നായകനാകുന്ന എബിയുടെ ഷൂട്ടിംഗ് നടക്കുന്നു. നവാഗതനായ ശ്രീകാന്ത് മുരളിയാണ് സംവിധാനം.
ബിരിയാണി ഉയര്ത്തിയ വിവാദങ്ങള്?
23 വര്ഷമായി എഴുതുന്ന ആളാണ് ഞാന്. ഇന്നുവരെയുള്ള എന്റെ കഥകളൊക്കെ എടുത്ത് നോക്കിയാല് അതില് മത, വര്ഗീയ ശക്തികളെ വിദൂരതയില് നിര്ത്താനും എതിര്ക്കാനുമുള്ള ശ്രമങ്ങള് കാണാം. എഴുത്തുകാരന് എന്ന നിലയില് ഞാനൊരിക്കലും ഒരു മതത്തിന്റെയോ ജാതിയുടേയോ ആളായി പ്രവര്ത്തിച്ചിട്ടില്ല.
ബിരിയാണി പട്ടിണിയെക്കുറിച്ചുള്ള കഥയാണ്. കാസര്കോട് ഒരു മുസ്ലീം കുടുംബത്തില് വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന കഥ. അതുകൊണ്ടാണ് ബിരിയാണി എന്ന് പേരിട്ടത്. തിരുവല്ലയിലെ ഒരു കുടുംബത്തിലായിരുന്നെങ്കില് ക്രിസ്ത്യന് പശ്ചാത്തലവും തൃശ്ശൂരിലായിരുന്നെങ്കില് ഹിന്ദു പശ്ചാത്തലവുമായേനെ.
ഏത് സ്ഥലത്തായാലും വിവാഹാനുബന്ധ ധൂര്ത്ത് വര്ദ്ധിച്ചു. സിനിമ ഷൂട്ട് ചെയ്യും പോലെയാണ് വീഡിയോഗ്രഫി. 35 ലക്ഷം രൂപ വരെ ഫോട്ടോഗ്രഫിക്കായി ചെലവഴിച്ച കല്യാണങ്ങളുണ്ട്. ലക്ഷക്കണക്കിന് രൂപ മുടക്കിയാണു വിരുന്ന്.
അതില് പകുതിയോളം കുഴിച്ചുമൂടുമ്പോള് മറ്റൊരു വിഭാഗം ഭക്ഷണം കിട്ടാതെ വലയുന്നു. മനുഷ്യര് തമ്മിലുള്ള ഈ അന്തരത്തെക്കുറിച്ചാണ് ഞാന് എഴുതിയത്. അതില് മുസ്ലീം പേരുകള് ഉപയോഗിച്ചതുകൊണ്ട് എഴുത്തുകാരന് മുസ്ലീം വിരുദ്ധനാണെന്ന് പറയുന്നത് എന്നെ സംബന്ധിച്ച് പൊറുക്കാനാവില്ല.
ഗോപാല യാദവ് എന്നൊരു ബീഹാറി കഥാപാത്രവും കഥയിലുണ്ട്. അത് ശ്രീകൃഷ്ണനാണെന്നും കൃഷ്ണനെ ഒരു മുസ്ലീമിനെ ഉപയോഗിച്ച് ഉപദ്രവിക്കുകയാണെന്നുമുള്ള ആരോപണങ്ങള് ബാലിശമാണ്. ബുദ്ധിയുണ്ടെന്ന് നടിക്കുന്ന ചില പാരസൈറ്റ് ബുദ്ധിജീവികളാണിതിന് പിന്നില്.
എഴുതിക്കഴിഞ്ഞാല് സാഹിത്യ സൃഷ്ടി വായനക്കാരുടേതായി മാറുകയാണ്. എന്റെ കഥയെക്കുറിച്ച് ആര്ക്കും അഭിപ്രായം പറയാം.
എഴുത്തിലേക്ക്?
കവിതകളെഴുതിയായിരുന്നു തുടക്കം. കവിതയല്ല കഥയാണ് എനിക്ക് നന്നായി എഴുതാന് കഴിയുന്നതെന്ന് മനസ്സിലാക്കിത്തന്നത് അംബീകൃഷ്ണന് മാഷാണ്. എഴുത്തിന്റെ വഴിയില് എന്റെ മാര്ഗദര്ശിയും ഗുരുസ്ഥാനീയനുമാണ് അദ്ദേഹം. കോളജ് പഠനകാലത്താണ് എഴുത്തില് സജീവമാകുന്നത്. ഒരുപിടി ഗോതമ്പ് എന്ന കഥയാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്.
കാസര്കോട്ടെ ഗ്രാമത്തിലെ ജീവിതം ?
ഓരോ എഴുത്തുകാരനേയും ആഴത്തില് സ്വാധീനിക്കുന്നത് അവരുടെ കുട്ടിക്കാലമാണ്. എനിക്കും സമ്പന്നമായ ഒരു കുട്ടിക്കാലമുണ്ട്. കാസര്കോട്ടെ ഒരു ഗ്രാമത്തിലാണ് ഞാന് ജനിച്ചു വളര്ന്നത്.
വ്യത്യസ്ത ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും വലിയൊരു കലവറയാണ് കാസര്കോട്. പ്രകൃതി ഭംഗി, ജീവജാലങ്ങളുമായുള്ള മനുഷ്യരുടെ ഇടപെടലുകള് എല്ലാം ഗ്രാമങ്ങളില് മാത്രമാണുള്ളത്.
പണ്ടൊക്കെ കൊയ്ത്തുകഴിഞ്ഞ പാടങ്ങളില് വീണുകിടക്കുന്ന നെല്ക്കതിരുകള് കിളികള്ക്കുള്ളതാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധമുണ്ടാക്കുന്നത് കൃഷിയിലൂടെയാണ്. ഇന്ന് നെല്പ്പാടങ്ങള് തന്നെയില്ലാതെയായി.ആ സ്ഥാനത്ത് ഗള്ഫ് പണത്തിന്റെ ബലത്തില് ഫ്ളാറ്റുകള് പൊങ്ങി.
എഴുത്തിന്റെ രാഷ്ര്ടീയം?
ഞാനൊരു കമ്മ്യൂണിസ്റ്റ്് അനുഭാവിയാണ്. പക്ഷേ കക്ഷിരാഷ്ര്ടീയം പറ്റിക്കൊണ്ട് അന്ധമായി ജീവിക്കുന്ന വ്യക്തിയല്ല. വിശാലമായ കാഴ്ചപ്പാടോടെ കക്ഷി രാഷ്ര്ടീയത്തെ നോക്കിക്കാണാനും എഴുതാനുമാണെനിക്കിഷ്ടം.
ലോകത്ത് രണ്ട് വിഭാഗമേ ഉള്ളു. ഇരയും വേട്ടക്കാരനും. ഇരയുടെ ഭാഗത്തുനില്ക്കുന്നവരുടെ രാഷ്ര്ടീയമാണ് എഴുത്തുകാര്ക്ക് വേണ്ടത്. എന്റെ ചുറ്റുപാടുകളെക്കുറിച്ചാണ് ഞാനെഴുതുന്നത്.
നാട്ടില് ഒരു ദോശ നാലായി മുറിച്ച് ഭര്ത്താവിനും മക്കള്ക്കുമായി പങ്കുവച്ച് കൊടുത്തശേഷം പണിക്കിറങ്ങുന്ന ഒരു സ്ത്രീയെ എനിക്കറിയാം. ഇത്തരത്തിലുള്ള ഒരുപാട് ആളുകള് ചുറ്റുമുണ്ടായിരുന്നു. അവരെക്കുറിച്ചാണ് ഞാന് എഴുതുന്നത്.
സോഷ്യല് മീഡിയയുടെ അതിപ്രസരം എഴുത്തിനെ എത്രമാത്രം സ്വാധീനിക്കുന്നുണ്ട്?
എല്ലാത്തിലും നല്ലതു ചീത്തയുമായ രണ്ട് വശങ്ങളില്ലേ? സോഷ്യല് മീഡിയയിലും നല്ല കാര്യങ്ങളൊക്കെ ഷെയര് ചെയ്യുന്നുണ്ട്. എന്നാല് സോഷ്യല് മീഡിയ പലപ്പോഴും സമൂഹത്തിന് ഭീഷണിയാകുന്നുമുണ്ട്.
നവ മാധ്യമങ്ങളിലൂടെ ആര്ക്കും എന്തും പറയാമെന്നായിട്ടുണ്ട്. സിനിമ കാണാതെ റിവ്യുഎഴുതി പോസ്റ്റ് ചെയ്ത് സിനിമകളെ തകര്ക്കുന്ന പ്രവണതയും കൂടി വരുന്നു.
നേരത്തെ സത്യസന്ധമായ അഭിപ്രായങ്ങളാണ് പറഞ്ഞിരുന്നതെങ്കില് ഇന്നതല്ല സ്ഥിതി. തങ്ങളുടെ ഇഷ്ടതാരങ്ങള്ക്കനുകൂലമായിട്ടും എതിരാളികളെ തകര്ക്കുന്ന രീതിയിലുമാണ് പലപോസ്റ്റുകളും ഇടുന്നത്. ബിരിയാണി വായിക്കാതെ മോശം പറയുന്നവരുണ്ട്. വായിച്ച ശേഷം ചിലരെങ്കിലും അത് തിരുത്തിപ്പറയുന്നുമുണ്ട്.

പട്ടിണിയും കാര്ഷിക പ്രശ്നങ്ങളുമാണ് താങ്കളുടെ കഥകളുടെ പശ്ചാത്തലം?
അതെ. അടിസ്ഥാന വര്ഗത്തിന്റെ കൂടെനിന്നുകൊണ്ടാണ് ഞാനെഴുതുന്നത്. അവരോട് സഹാനുഭൂതി പുലര്ത്തുന്ന മനോഭാവം എന്നില് ഉണ്ടാക്കിയെടുത്തത് എന്റെ ചുറ്റുപാടുകളാണ്.
പ്രണയമല്ല, പട്ടിണിയും പാവപ്പെട്ടവന്റെ ജീവിതവുമാണ് ചര്ച്ച ചെയ്യേണ്ടത്. ലോകത്ത് 80% ആളുകള് പട്ടിണി കിടക്കുന്നു. ബാക്കി 20 % ഇവര്ക്ക് കിട്ടേണ്ടതുകൂടി കൈയ്യടക്കിയിരിക്കുന്നു. ആ 80% മനുഷ്യരുടെ ഭാഗത്തുനിന്നാണ് ഞാന് എഴുതുന്നത്.
ടെക്നോളജിയുടെ ലോകത്ത് ജീവിക്കുന്ന ഇന്നത്തെ തലമുറയ്ക്കിതൊക്കെ ഉള്ക്കൊള്ളാനാവുമോ?
കേരളത്തില് പട്ടിണിയും കടവും ഇല്ലെന്നാരു പറഞ്ഞു? ഓരോ ഇന്ത്യക്കാരനും 1000 രൂപ കടക്കാരനാണ്. കേറിക്കിടക്കാന് വീടില്ലാത്തവരിന്നുമുണ്ട്. ഒരിക്കല് എറണാകുളം റെയില്വേ സ്റ്റേഷനില്വച്ച് ലോട്ടറി വില്ക്കുന്ന ഒരു സ്ത്രീയെ കണ്ടു.
ലോട്ടറി വില്പ്പനയ്ക്കു ശേഷം അവര് ഉറങ്ങുന്നത് ചോറ്റാനിക്കര ക്ഷേത്രത്തിന് മുമ്പിലാണ്. വയസ്സായതുകൊണ്ട് ആരെങ്കിലും ഉപദ്രവിക്കുമെന്ന പേടി അവര്ക്കില്ല. പക്ഷേ അവരുടെ കൈയിലുള്ള പണം മോഷ്ടിക്കാന് വരുന്നവരെ അവര് പേടിക്കുന്നു. ഇത്തരത്തിലുള്ള മനുഷ്യര് നമുക്ക് ചുറ്റുമുണ്ട്.
ഇതൊന്നും അറിയാന് ആരും ശ്രമിക്കുന്നില്ല. മണിയോഡര് എക്കോണമിയാണ് ഇവിടെയുള്ളത്. മലയാളികള്ക്ക് നാട്ടില് പണിയെടുക്കാന് താല്പര്യമില്ല. എന്നാല് പുറംലോകത്ത് പോയിപണിയെടുക്കാനാണെങ്കിലോ ഒരു മടിയുമില്ല.
ഗള്ഫ് പണംകൊണ്ട് സുഖ സുന്ദരമായി ജീവിക്കുന്നു. വരാന് പോകുന്ന കാലഘട്ടത്തില് ഭയങ്കരമായ ദുരിതമായിരിക്കും. അന്യ നാട്ടില് നിന്നുള്ള പണത്തിന്റെ വരവ് നിലയ്ക്കും. 10 വര്ഷത്തിനുള്ളില് കേരളവും പട്ടിണി എന്താണെന്ന് ഒരിക്കല് കൂടി അറിയും.
അധ്യാപക ജീവിതം?
ഒറ്റപ്പാലം ട്രെയിനിങ് കോളജിലെ ബി.എഡ് പഠന ശേഷം ഒരു ഹയര്സെക്കന്ഡറി സ്കൂളില് അധ്യാപകനായി ജോലി നോക്കി. പക്ഷേ അവിടെയും പിടിച്ചു നില്ക്കാനായില്ല. എറണാകുളത്ത് പ്രസ് അക്കാദമിയില് ജേര്ണലിസത്തിന് ചേര്ന്നു. എറണാകുളത്തെ ജീവിതവും സൗഹൃദങ്ങളുമാണ് എന്നെ വിഷ്വല് മീഡിയയോട് അടുപ്പിച്ചത്.
പത്രപ്രവര്ത്തനത്തോട് അത്ര താല്പര്യമായിരുന്നോ?
സത്യത്തില് അമിത താല്പര്യം കൊണ്ടല്ല പ്രസ് അക്കാദമിയില് ചേര്ന്നത്. എന്റെ കാമുകി അവിടെ പഠിച്ചതുകൊണ്ട് ഞാനും പ്രസ് അക്കാദമിയില് ചേര്ന്നു. അതവിടെ കഴിഞ്ഞു. ഇപ്പോള് പ്രണയം ഭാര്യ ചെല്സയോടാണ്.
മാധ്യമ പ്രവര്ത്തനം ഉപേക്ഷിച്ചോ?
മംഗളമടക്കമുള്ള പത്രങ്ങളില് ജോലി ചെയ്തു. പരാജയപ്പെട്ട പത്രപ്രവര്ത്തകനാണ് ഞാന്. റിപ്പോര്ട്ടിംഗ് എനിക്ക് പറ്റിയ പണിയല്ലെന്ന് മനസ്സിലായി. അതുകൊണ്ടാണ് മാധ്യമപ്രവര്ത്തനത്തില് നിന്ന് പിന്വാങ്ങിയത്.

സീരിയല്?
പത്രപ്രവര്ത്തനത്തില് പരാജയപ്പെട്ടു. അധ്യാപകനായി ജോലി നോക്കിയെങ്കിലും അവിടെയും സ്ഥിരമായി നില്ക്കാന് കഴിഞ്ഞില്ല. അതോടെ ഒരു ഉപജീവനമാര്ഗം ആവശ്യമായി. അങ്ങനെ സീരിയലുകള്ക്ക് വേണ്ടി എഴുതാന് തുടങ്ങി.
എട്ടു വര്ഷം കൊണ്ട് ആകാശദൂത്, മകള് മരുമകള്, കളിപ്പാട്ടങ്ങള് തുടങ്ങിയ മെഗാസീരിയലുകളുടെ ഭാഗമായി. സീരിയല് മടുത്തതോടെ സിനിമയിലേക്കെത്തി.
സൗഹൃദങ്ങള് സിനിമയുടെ വിജയത്തെ എത്രത്തോളം സ്വാധീനിക്കുന്നു ?
മാനസികമായി പൊരുത്തപ്പെടുന്നവര് തമ്മില് സിനിമ ചെയ്യുമ്പോഴാണ് ഒരു സിനിമ വിജയിക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തും തമ്മിലൊരു അടുപ്പം വേണം. അല്ലാതെ സിനിമ ചെയ്താല് പല പാളിച്ചകളുമുണ്ടാകും. അത്തരത്തില് ഒരനുഭവവുമുണ്ട്.
ഹരികുമാര് സംവിധാനം ചെയ്ത കാറ്റും മഴയും എന്ന സിനിമയ്ക്കു വേണ്ടി ശക്തമായ തിരക്കഥയാണ് എഴുതിയത്. ജാതിയേയും മതത്തേയും സംബന്ധിക്കുന്ന നല്ലൊരു പ്രമേയമായിരുന്നു അത്. പക്ഷേ സിനിമ എടുത്തതിനെ കുളമാക്കി. എന്താണോ എഴുതിവച്ചത് അതിനോട് യാതൊരു ബന്ധവും ഇല്ലാത്ത രീതിയിലാണ് സിനിമ എടുത്തത്.
ഏറെ പ്രതിക്ഷയോടെ ചെയ്ത നിദ്ര വിജയം നേടിയില്ല?
നല്ലൊരു സിനിമയാണ് നിദ്ര. പഴയ സിനിമയുടെ റീമേക്ക്. ഭ്രാന്താണതിന്റെ വിഷയം. പ്രേക്ഷകര് അതെത്രത്തോളം സ്വീകരിക്കുമെന്ന് സംശയമുണ്ടായിരുന്നു. എങ്കിലും നല്ല രീതിയില് സിനിമ എടുക്കാന് സിദ്ധാര്ത്ഥ് ശ്രമിച്ചു.
സോഷ്യല് മീഡിയയില് നല്ല അഭിപ്രായം നേടിയെടുത്തെങ്കിലും പൊതു സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാന് സിനിമയ്ക്ക് കഴിഞ്ഞിട്ടില്ല. രണ്ട് സംസ്ഥാന അവാര്ഡുകളാണ് നിദ്രക്ക് ലഭിച്ചത്.
അന്നയും റസൂലും എന്ന ചിത്രത്തിലൂടെ കൊച്ചിയുടെ മറ്റൊരു മുഖം കാണിച്ചു?
രാജീവ് രവിയാണ് സിനിമയുടെ ത്രെഡ് തന്നത്. ആണും പെണ്ണും തമ്മിലുള്ള പ്രണയമാണ് പ്രമേയം. നായകന് കൊച്ചിയില്, നായിക വൈപ്പിനിലും. ഇവര്ക്കിടയിലുള്ള കായലാണ് മതം. ആ കായല് നീന്തിക്കടക്കാനുള്ള പരിശ്രമവും അതിനിടയിലുള്ള പ്രശ്നങ്ങളിലൂടെയുമാണ് സിനിമ മുന്നോട്ട് പോകുന്നത്.
ആദ്യകാലത്ത് സിനിമകള്ക്ക് തിരുവിതാംകൂര് ഭാഷയായിരുന്നു. പിന്നീടത് വള്ളുവനാടന് ശൈലിയിലേക്ക് മാറി. വര്ഷങ്ങള്ക്കുശേഷം പ്രാദേശികമായ ഒരു ഭാഷയില് ഒരു സമൂഹത്തിന്റെ രാഷ്ര്ടീയ, ഭാഷ,ജീവിതശൈലി എല്ലാം കൃത്യമായി വരച്ച് കാട്ടിയ സിനിമയാണ് അന്നയും റസൂലും. മട്ടാഞ്ചേരിയില് ലോഡ്ജില് താമസിച്ച് അവിടുത്തെ ആളുകളുമായി ഇടപഴകിയും മനസ്സിലാക്കിയുമാണ് തിരക്കഥ എഴുതിയത്.
കൊച്ചിയിലെ ആളുകളെ ഗുണ്ടകളായാണ് പലരും ചിത്രീകരിക്കുന്നത്. ജീവിക്കാന്വേണ്ടിയാണ് പലരും ഗുണ്ടകളായത്. സത്യത്തില് വളരെ നിഷ്കളങ്കരാണ് കൊച്ചിക്കാര്. കലാകാരന്മാരും നിസ്വാര്ത്ഥരുമാണവര്. ഒരു സാധാരണക്കാരനായ കൊച്ചിക്കാരന്റെ ജീവിതമാണ് ആഷിക് അബുവിന്റെ കഥാപാത്രത്തിലൂടെ കാണിക്കാന് ശ്രമിച്ചതും.







Comments