
കൊല്ലം: കൊട്ടാരക്കരയില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള വഴക്കിനിടെ അഭിഭാഷകനായ മുകേഷിന് വെടിയേറ്റ സംഭവത്തില്‍ പ്രതികരണവുമായി മുകേഷിന്റെ അമ്മ കനകമ്മ. പ്രതി പ്രൈം എബി അലക്സില്‍ നിന്ന് കുടുംബത്തിന് മുന്‍പും ഭീഷണിയുണ്ടായിരുന്നു. മുകേഷിന്റെ അച്ഛനെ പ്രൈം ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു. എട്ട് തുന്നലുകള്‍ ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച കേസ് കോടതിയിലുണ്ട്.
മുകേഷിന്റെ വീട് കയറി ആക്രമിച്ച സംഭവവുമുണ്ടായി. മുകേഷിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. മുകേഷിന്റെ വീടുമായി പ്രൈം എബിക്കുണ്ടായ വ്യക്തിപരമായ ചില പ്രശ്നങ്ങളാണ് തര്‍ക്കത്തിന് പിന്നിലെന്നും അമ്മ പറയുന്നു.
മുകേഷിന്റെ തോളെല്ലിനാണ് ഇന്നലെ വെടിയേറ്റത്. പരിക്ക് സാരമുള്ളതല്ല. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കു ശേഷം മുകേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വെടിവച്ച പ്രൈം എബി അലക്സിനെ വധശ്രമത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റു ചെയ്തു. തോക്ക് ഇയാളുടെ ഉടമസ്ഥതയിലുള്ളതാണ്.
പ്രൈം എബി അലക്സിന്റെ കുടുംബം അഭിഭാഷകനെതിരെയും പരാതി നല്‍കിയിട്ടുണ്ട്. മദ്യപിച്ച് ആക്രമിക്കാന്‍ വന്നുവെന്നാണ് പരാതി. ഇതും പോലീസ് പരിഗണിക്കുന്നുണ്ട്.






