ആലപ്പുഴ: ആലപ്പുഴ അരൂര്‍ പുത്തനങ്ങാടി ശ്രീകുമാരവിലാസം ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തില്‍ നിന്ന് പത്ത് പവന് വരുന്ന തിരുവാഭരണവും സ്വര്‍ണക്കൂടും വെള്ളിരൂപങ്ങളും നഷ്ടപ്പെട്ടു. മോഷ്ടാവ് ക്ഷേത്രത്തിനുള്ളില്‍ കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
തൊഴുത് പ്രാര്‍ത്ഥിച്ച ശേഷം ശ്രീകോവില്‍ തകര്‍ത്താണ് കള്ളന് അകത്ത് പ്രവേശിച്ചത്. രാവിലെ മൂന്നു മണിയോടെ ചുറ്റമ്പലത്തിന്റെ വാതില്‍ തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പെട്ട ക്ഷേത്ര ഭാരവാഹികള്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മുഖംമൂടി ധരിച്ചാണ് കള്ളന് മോഷണത്തിന് എത്തിയത്.
പുലര്‍ച്ചെ 12.54നാണ് കള്ളന് ക്ഷേത്രത്തില്‍ കയറിയത്. വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള ഇരുമ്പ് ഗ്രില്ലിന്റെ കൊളുത്ത് മാറ്റിയാണ് അകത്തുകടന്നത്. മോഷണത്തിനു ശേഷം ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്തേക്ക് പോകുന്ന ദൃശ്യവും സിസിടിവിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.
വിരലടയാള വിദഗ്ധര്‍ അടക്കം സ്ഥലലത്തെത്തി പരിശോധന നടത്തുന്നു.






