
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിലവിലുണ്ടായിരുന്ന മദ്രസ വിദ്യാഭ്യാസ ബോർഡ് ഔദ്യോഗികമായി പിരിച്ചുവിട്ടു. ഇതോടെ സംസ്ഥാനത്തെ എല്ലാ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തനവും അംഗീകാരവുമായി ബന്ധപ്പെട്ട ചുമതലകൾ പുതിയതായി രൂപീകരിച്ച ഉത്തരാഖണ്ഡ് സ്റ്റേറ്റ് മൈനോറിറ്റി എജ്യുക്കേഷൻ അതോറിറ്റി ഏറ്റെടുക്കും. ജൂലൈ 1 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വന്നു.
പുതിയ നിയമപ്രകാരം സംസ്ഥാനത്തെ എല്ലാ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളും പുതിയ അതോറിറ്റിയുടെ നിയന്ത്രണത്തിലാകും. വിദ്യാഭ്യാസ രംഗത്ത് കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും ആധുനിക വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനുമാണ് ഈ മാറ്റമെന്ന് സർക്കാർ അറിയിച്ചു.
പുതിയ സംവിധാനത്തിലൂടെ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളിലെയും വിദ്യാർഥികൾക്ക് മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസവും തുല്യ അവസരങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി വ്യക്തമാക്കി.






