ഐഫോണ്‍ 14 പ്ലസിന്റെ നിര്‍മാണം കുറയ്ക്കുകയും ഐഫോണ്‍ 14 പ്രോയുടെ നിര്‍മാണം വര്‍ധിപ്പിക്കാനും ആപ്പിള്‍ ഒരുങ്ങുന്നുവെന്ന് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ട്രെന്‍ഡ്ഫോഴ്സിന്റെ റിപ്പോര്‍ട്ട്. ഐഫോണ്‍ 14 പ്ലസിന്റെ ഉല്പാദനം വെട്ടിക്കുറയ്ക്കുകയാണെന്ന് കഴിഞ്ഞ ആഴ്ച തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, ഐഫോണ്‍ 14 പ്ലസിന്റെ ഘടകങ്ങളുടെ നിര്‍മാണം ഉടന്‍ നിര്‍ത്താന്‍ ചൈനയിലെ നിര്‍മാതാക്കളോട് ആപ്പിള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആഗോള സ്മാര്‍ട് ഫോണ്‍ വിപണി ക്രമേണ മന്ദഗതിയിലായിക്കൊണ്ടിരിക്കുന്ന സമയത്താണ് ആപ്പിളിനും പ്രതിസന്ധി നേരിട്ടിരിക്കുന്നതെന്ന് കനാലിസ് റിപ്പോര്‍ട്ട് ചെയ്തു. ഒരു വര്‍ഷം മുന്‍പുള്ള ഇതേ കാലയളവിനെ അപേക്ഷിച്ച് മൂന്നാം പാദത്തില്‍ ഐഫോണ്‍ വില്പനയില് 9 ശതമാനം ഇടിവാണ് കാണിക്കുന്നത്. വരുന്ന ആറ് മുതല്‍ ഒന്‍പത് മാസങ്ങളില്‍ ഈ മാന്ദ്യം പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഐഫോണ്‍ 14 പ്രോ സീരീസിന്റെ ഉല്പാദന വിഹിതം മുന്‍പത്തെ 50 ശതമാനത്തില്‍ നിന്ന് മൊത്തം ഉല്പാദനത്തിന്റെ 60 ശതമാനമായി ഉയര്‍ന്നു. ഇത് ഭാവിയില്‍ 65 ശതമാനം വരെ ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. യുഎസിലെ വര്‍ധിച്ചുവരുന്ന പലിശ നിരക്ക് രാജ്യത്തെ ഉപഭോക്തൃ ചെലവുകളെ ബാധിക്കുമെന്നും 2023 ആദ്യ പാദത്തില്‍ ഐഫോണ്‍ മോഡലുകളുടെ ഡിമാന്‍ഡ് 14 ശതമാനം കുറഞ്ഞ് 5.2 കോടി യൂണിറ്റിലേക്ക് എത്തുമെന്നും പറയുന്നു. കഴിഞ്ഞ മാസം ആപ്പിള്‍ ഐഫോണ്‍ 14 സീരീസ് ഇന്ത്യയില്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.






