ഇന്ത്യയില്‍ നതിങ് ഇയര്‍ (സ്റ്റിക്ക്) അവതരിപ്പിച്ചു. ഇന്ത്യയിലെ ഇയര്‍ബഡ്സ് വിപണിയില്‍ മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത ഡിസൈനാണ് ഈ ഇയറിന്റേത്. ഇന്ത്യയില്‍ 8,499 രൂപയ്ക്ക് നതിങ് ഇയര്‍ (സ്റ്റിക്ക്) ലഭിക്കും. 29 മണിക്കൂര്‍ വരെ പ്ലേടൈമും മികച്ച ശബ്ദ നിലവാരവും വാഗ്ദാനം ചെയ്യുന്ന വലിയ 12.6 എംഎം ഡ്രൈവറുമാണ് നതിങ് ഇയര്‍ (സ്റ്റിക്ക്)ന്റെ പ്രധാന ഫീച്ചര്‍.
ഓരോ ബഡ്സിന്റെയും ഭാരം 4.4 ഗ്രാം മാത്രമാണ്. നതിങ് എക്സ് ആപ്പുമായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതാണ് ഇയര്‍ബഡ്സ്. കൂടാതെ ഇയര്‍ബഡ്സ് ഫോണുമായി അനായാസമായി ബന്ധിപ്പിക്കാനും സാധിക്കും. ഇയര്‍ബഡ്സിന് ആക്റ്റീവ് നോയിസ് ക്യാന്സലേഷന് ഇല്ലെങ്കിലും ഉപയോക്താവിന്റെ തനതായ ഇയര്‍ കനാലിന്റെ ആകൃതിയും ഇയര്‍ബഡുകളുടെ ഫിറ്റും അളക്കുന്ന ബാസ് ലോക്ക് സാങ്കേതികവിദ്യയും ഇതിലുണ്ട്. ഇതുവഴി ധരിക്കുമ്പോള്‍ എത്ര ബാസ് നഷ്ടപ്പെടുന്നുണ്ടെന്ന് കണ്ടെത്താം.
വ്യക്തമായ കോള്‍ നിലവാരത്തിനായി ഇയര്‍ബഡ്സില്‍ മൂന്ന് ഹൈ-ഡെഫനിഷന്‍ മൈക്കുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇത് ഉച്ചത്തിലുള്ള പശ്ചാത്തല ശബ്ദങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യുകയും എയര്‍ പ്രൂഫ്, ക്രൗഡ് പ്രൂഫ് കോളുകള്‍ക്കായി ശബ്ദം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇയര്‍ സ്റ്റിക്ക് ഇയര്‍ബഡ്സ് ഉപയോഗിച്ച് 7 മണിക്കൂര്‍ വരെ കേള്‍ക്കാനുള്ള സമയവും 3 മണിക്കൂര്‍ വരെ സംസാരിക്കാനുള്ള സമയവും ലഭിക്കുന്നു. ഇതു കൂടാതെ ഇയര്‍ബഡ്സ് കെയ്സില് 22 മണിക്കൂര്‍ പ്രവര്‍ത്തിക്കാനുള്ള അധിക ചാര്‍ജും ഉണ്ട്. 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 2 മണിക്കൂര്‍ വരെ ഉപയോഗിക്കാം.
നതിങ് ഇയര്‍ (സ്റ്റിക്ക്)ല്‍ 12.6 എംഎം ഡ്രൈവറുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് മികവാര്‍ന്ന ശബ്ദം നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇയര്‍ (സ്റ്റിക്ക്) ന്റെ വില്പന നവംബര്‍ 4 ന് ആരംഭിക്കും. യുഎസ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ 40തോളം രാജ്യങ്ങളില്‍ ഇയര്‍ബഡ്സ് വില്പനയ്ക്കെത്തും. ഇന്ത്യയില്‍ ഇയര്‍ (സ്റ്റിക്ക്) നവംബര്‍ 17 മുതല്‍ ഫ്ലിപ്കാര്‍ട്ടിലും മിന്ത്രയിലും ലഭ്യമാകും.






