
പുരാതന കൊച്ചിയുടെ സംഗീതത്തിന്റെയും സംസ്കാര ജീവിതത്തിന്റെയും മഹിമ കൊച്ചിയുടെതന്നെ അനശ്വര ഗായകന് എച്ച്. മെഹബൂബിന്റെ സംഗീത ജീവിതയാത്രയിലൂടെ അന്വേഷണം നടത്തുന്ന സിനിമയാണ് 'കാപ്പിരിത്തുരുത്ത്.'
നാടകകൃത്തും സംവിധായകനും ചലച്ചിത്ര സഹസംവിധായകനുമായ സഹീര്‍ അലി ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പൂര്‍ത്തിയായി.
റിയാലിറ്റി ഷോയായ ഡി-ഫോര്‍ ഡാന്‍സ് എന്ന ചാനല്‍ പ്രോഗ്രാമിലൂടെ ശ്രദ്ധേയരായ ആദില്‍ ഇബ്രാഹിം, പേര്‍ളി മാനി എന്നിവര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രശസ്ത ക്ലാര്നെറ്റ് വിദഗ്ദ്ധന് ജെന്സണ് ഈ ചിത്രത്തില്‍ ഗായകനായ എച്ച്. മെഹബൂബിനെ അവതരിപ്പിക്കുന്നു.
ലാല്‍, സിദ്ധിഖ്, ഇന്ദ്രന്‍സ്, എസ്.പി. ശ്രീകുമാര്‍, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, ഹരീഷ് കണാരന്, കെ.ബി. വേണു, രാജേഷ് വര്‍മ്മ, ബാബു പള്ളാശ്ശേരി, കമ്മട്ടിപ്പാടം അഷറഫ്, രാജീവ് കളമശ്ശേരി, സുരഭി, പൗളി തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍. ഒപ്പം പ്രശസ്ത സംഗീതജ്ഞന് രമേശ് നാരായണനും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ട്വന്റി ട്വന്റി മൂവീ ഇന്റര്‍നാഷണലിന്റെ ബാനറില്‍ അഹമ്മദ് പാലപ്പറമ്പില്‍, സഹീര്‍ അലി എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രവീണ്‍ ചക്രപാണി നിര്‍വഹിക്കുന്നു.
കൊച്ചിയുടെ അനശ്വര ഗായകന് എച്ച്. മെഹബൂബിന്റെ സംഗീതത്തിന്റെയും ജീവിതത്തിന്റെയും മഹനീയ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന ഈ ചിത്രം കൊച്ചിയുടെ വ്യത്യസ്ത കാലഘട്ടത്തിലെ തനിമയാര്‍ന്ന സംസ്കാരവും മണ്മറഞ്ഞ ഓര്‍മ്മകളും പുനര്‍ജ്ജീവിപ്പിക്കാനുള്ള ലക്ഷ്യവും ഒരുക്കുന്നുണ്ട്.
ഉറുദു കവി മിര്‍സാ ഖാലിബിന്റെ ഗസലുകള്‍, പഴയ കൊച്ചിയിലെ ജൂതന്മാരുടെ ജീവിതം, ജൂതന്മാരുടെ ഇടയിലുള്ള കറുത്തവരുടെയും വെളുത്തവരുടെും വിവേചനം, തദ്ദേശീയ ചെറുപ്പക്കാരനുമായുള്ള ഒരു ജൂത പെണ്‍കുട്ടിയുടെ പ്രണയം, തുറമുഖത്തെ കള്ളക്കടത്ത്, കൊച്ചിക്കാരുടെ വീര്യത്തിന്റെ പ്രതീകമായ ഗാട്ടാഗുസ്തി, പുരാതന കൊച്ചിയുടെ ചരിത്രവും ഐതിഹ്യവുമെല്ലാം സമന്വയിപ്പിച്ചുകൊണ്ടാണ് ഏവര്‍ക്കും രസിക്കാന്‍ കഴിയും വിധം കാപ്പിരിത്തുരുത്ത് ഒരുക്കുന്നത്.
യൂസഫ്, മധുപോള്‍ എന്നിവരാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. കൊച്ചിയുടെ പഴയതും പുതിയതുമായ ഈ ചിത്രത്തിലെ ഗാനങ്ങള്‍ പണ്ഡിറ്റ് രമേശ് നാരായണന്, വിജയ് യേശുദാസ്, അഫ്സല്, മധുശ്രീ, കിഷോര്‍ അബു, ഒ.യു. ബഷീര്‍, തുരുത്തി ഇബ്രാഹിം എന്നിവര്‍ ആലപിക്കുന്നു.
പ്രൊഡക്്ഷന്‍ കണ്ട്രോളര്- ജിതേഷ് അഞ്ചുമന, കല- മനു പെരുന്ന, മേക്കപ്പ്- പട്ടണം റഷീദ്, പട്ടണം ഷാ, സ്റ്റില്‍സ്- പ്രസാദ് വടകര, പരസ്യകല- ബിനോയ് കോട്ടയ്ക്കല്‍, സൗണ്ട്- ഹരികുമാര്‍, സ്റ്റണ്ട്- പഴനി രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുധീഷ് ഗോപാലകൃഷ്ണന്, അസോസിയേറ്റ് ഡയറക്ടര്‍- ശ്രീഭാരതി, അസി. ഡയറക്ടര്‍- സജീവ്, ശില്പ, ഫെര്വിന്, അസോസിയേറ്റ് ക്യാമറാമാന്- സജിത് കുമാര്‍.
കൊച്ചിയില്‍ ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കിയ കാപ്പിരിത്തുരുത്തിയുടെ മറ്റ് ലൊക്കേഷന്‍ ഡല്‍ഹിയും രാജസ്ഥാനുമാണ്.






