
അന്ന ബെൻ ഭംഗിയായി ചെയ്തു വച്ച 'ഹെലനെ' ജാൻവി കപൂറിലൂടെ പുനരാവിഷ്ക്കരിക്കാൻ പേടിച്ചിരുന്നു എന്ന് സംവിധായകൻ മാത്തുക്കുട്ടി സേവ്യർ. അന്നയെ ഹെലനാക്കാൻ ചെയ്ത അതേ പ്രക്രിയയാണ് ജാൻവിയിലും ചെയ്തത്. ഡയലോഗുകളിലെ ഡ്രാമ ഒഴിവാക്കാൻ വീണ്ടും വീണ്ടും പറഞ്ഞ് തിരുത്തിയിരുന്നു എന്നും സംവിധായകൻ പറഞ്ഞു.
അന്ന അത്രയും ഭംഗിയായി ചെയ്തുവച്ച കഥാപാത്രത്തെ പുനരാവിഷ്ക്കരിക്കാൻ പേടിയില്ലേ എന്ന് എല്ലാവരും ചോദിച്ചിരുന്നു. അന്നയെ ഹെലനാക്കാൻ ചെയ്ത അതേ പ്രക്രിയ തന്നെയാണ് ജാൻവിയിലും ചെയ്തത്. അന്ന സെറ്റിലെത്തിയാൽ ഡയലോഗ് കൊടുത്ത് അതൊന്ന് പറഞ്ഞ് നോക്കാൻ പറയും. നമ്മൾ നമ്മുടെ ഇമാജിനേഷനിൽ എഴുതുന്ന എല്ലാ ഡയലോഗുകൾക്കും, അതെത്ര തവണ മാറ്റി എഴുതിയാലും അതിനൊരു നാടകീയത ഉണ്ടാകും. കാരണം നമ്മൾ ആലോചിച്ച് എഴുതുന്നതാണ് അത്. പറയുമ്പോൾ സ്വാഭാവികത തോന്നാത്ത സംഭാഷണങ്ങൾ അപ്പപ്പോൾ മാറ്റും. നമ്മുടെ വീട്ടിൽ സാധാരണ ഇങ്ങനെ പറയുമോ എന്ന് നോക്കി വേണ്ട മാറ്റങ്ങൾ വരുത്തും. അത് തന്നെയാണ് മിലിയിലും ചെയ്തതിരുന്നത്.
ജാൻവിയോട് ഹെലൻ കാണരുതെന്നും സ്ക്രിപ്റ്റ് വായിച്ച് പഠിക്കേണ്ടെന്നും പറഞ്ഞിരുന്നു. സംവിധായകനൊപ്പം അഭിനേതാക്കളിരുന്ന് തിരക്കഥ പ്രാക്ടീസ് ചെയ്യുന്ന രീതി ഉണ്ട്. അന്നയ്ക്ക് സമാനമായി ജാൻവിയേയും ഡയലോഗുകൾ പരിശീലിപ്പിച്ചു. അന്നയുടെ അതേ മീറ്ററിൽ ജാൻവിയെ ഒരുക്കാൻ നോക്കിയിട്ടില്ല. ജാൻവിയുടെ വേർഷൻ ഓഫ് 'ഹെലൻ' ആണ് 'മിലി',' മാത്തുക്കുട്ടി സേവ്യർ പറഞ്ഞു.
67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മലയാളത്തിന് അഭിമാനകരമായ നേട്ടങ്ങൾ കൊണ്ടുവന്ന സിനിമയാണ് 'ഹെലൻ'. അന്ന ബെൻ കേന്ദ്ര കഥാപാത്രമായി, സർവൈവൽ ത്രില്ലർ ജോണറിൽ വന്ന ചിത്രം, മികച്ച നവാഗത സംവിധായകൻ, മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് എന്നീ പുരസ്കാരങ്ങൾ സ്വന്തമാക്കി. ഹെലന്റെ സംവിധായകൻ മാത്തുക്കുട്ടി സേവ്യർ 'മിലി' എന്ന പേരിലൊരുക്കുന്ന ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.






