ലോകത്തിലെ രണ്ടാമത്തെ സമ്പന്നനെന്ന സ്ഥാനം നേടിയെടുത്ത വ്യക്തിയാണ് ഗൗതം അദാനി. സ്പോര്‍ട്സ് കാറുകളും ആഡംബര സെഡാനുകളും എസ്യുവികളും ഉള്‍പ്പെടുന്ന അസൂയപ്പെടുത്തുന്ന കാര്‍ ശേഖരമാണ് ഗൗതം അദാനിക്കുള്ളത്. അടുത്തിടെ ഒരു ലാന്‍ഡ് റോവര്‍ റേഞ്ച് റോവറും വാങ്ങി വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ് ഗൗതം അദാനി. ഗൗതം അദാനി വാങ്ങിയ റേഞ്ച് റോവറിന്റെ വകഭേദം ഇന്ത്യയില്‍ ലഭ്യമായ റേഞ്ച് റോവറിന്റെ മിഡ്-സ്പെക്ക് വേരിയന്റുകളില്‍ ഒന്നായ ഓട്ടോബയോഗ്രഫി 3.0 ഡീസലിന്റെ ലോംഗ് വീല്‍ബേസ്, ഏഴ് സീറ്റര്‍ പതിപ്പാണെന്ന് പറയപ്പെടുന്നു.
വൈറ്റ്-ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ നിറത്തിലുള്ള എസ്യുവിയാണ് അദാനി തന്റെ ഗരാജില്‍ എത്തിച്ചിരിക്കുന്നത്. ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി 3.0 ഡീസല്‍ 3.0 ലിറ്റര്‍ ഇന്‍ലൈന്‍-സിക്സ് ഡീസല്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്. പരമാവധി 346 bhp കരുത്തില്‍ 700 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ഇതിന് കഴിയും. മറ്റ് വേരിയന്റുകളെപ്പോലെ റേഞ്ച് റോവറിന്റെ ഈ പ്രത്യേക വേരിയന്റില്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഫോര്‍-വീല്‍-ഡ്രൈവ് സിസ്റ്റവും സ്റ്റാന്‍ഡേര്‍ഡായാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. ബിഎംഡബ്ല്യു 7-സീരീസ്, ടൊയോട്ട വെല്‍ഫയര്‍, ഔഡി Q7, ഫെറാറി കാലിഫോര്‍ണിയ, റോള്‍സ് റോയ്സ് ഗോസ്റ്റ് തുടങ്ങിയ കാറുകള്‍ ഗൗതം അദാനിക്ക് സ്വന്തമാക്കിയിട്ടുണ്ട്.






