ചെന്നൈ : നല്ല ഭക്ഷണശീലവും അതോടൊപ്പം തന്നെ വ്യായാമവും ഉണ്ടെങ്കില്‍ മാത്രമേ ആരോഗ്യം സംരക്ഷിയ്ക്കാന്‍ സാധിക്കുകയുള്ളൂ. 56-ാം വയസിലും തന്റെ ഫിറ്റ്നസ് നിലനിര്‍ത്താനായി ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന സത്രീയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇതിലെ കൗതുകകരമായ കാര്യം എന്തെന്നാല്‍ ചെന്നൈ സ്വദേശിനിയായ സ്ത്രീ സാരി ധരിച്ചു കൊണ്ടാണ് ജിമ്മിലെ മെഷീനുകള്‍ ഉപയോഗിച്ച് വ്യായാമം ചെയ്യുന്നത്.
ഹ്യൂമന്‍സ് ഓഫ് മദ്രാസും മദ്രാസ് ബാര്‍ബെലും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലായത്. ജിമ്മില്‍ വെയ്റ്റ് എടുക്കുന്നതും ഡംബെല്ലുകളും ജിമ്മിലെ മറ്റ് മെഷീനുകളും ഉപയോഗിച്ച് വ്യായാമം ചെയ്യുന്നതാണ് വീഡിയോയില്‍. തന്റെ മരുമകള്‍ക്കൊപ്പമാണ് ഇവര്‍ വര്‍ക്കൗട്ട് ചെയ്യുന്നത്. സാരി ധരിച്ചു കൊണ്ടാണ് അവര്‍ ഇതെല്ലാം ചെയ്യുന്നത്. വീഡിയോയുടെ അവസാനം ജിമ്മിലെ സ്റ്റാഫ് അംഗങ്ങളും മറ്റ് സ്ത്രീകളും അവരെ അഭിനന്ദിക്കുകയാണ് ചെയ്യുന്നത്.
''എനിക്ക് ഇപ്പോള്‍ 56 വയസ്സായി. ഇപ്പോഴും വര്‍ക്കൗട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ വസ്ത്രമോ പ്രായമോ അതിനൊരു തടസമല്ല. ഞാനും എന്റെ മരുമകളും പതിവായി വര്‍ക്കൗട്ട് ചെയ്യുന്നുണ്ട്. ഞാന്‍ ആദ്യമായി ജിമ്മിലേക്ക് വരുമ്പോള്‍ എനിക്ക് 52 വയസ്സായിരുന്നു.
കടുത്ത മുട്ടുവേദനയും കാലുവേദനയും ഉള്ളതു കൊണ്ടാണ് ജിമ്മില്‍ ചേര്‍ന്നത്. എന്റെ മകനാണ് എന്നോട് വ്യായാമം ചെയ്യാന്‍ പറഞ്ഞത്. മദ്രാസ് ബാര്‍ബെല്‍ എന്ന ജിം നടത്തുകയാണ് അവന്. ഞാനും എന്റെ മരുമകളും ചേര്‍ന്ന് പവര്‍ലിഫ്റ്റിംഗ്, സ്ക്വാട്ട്സ് എന്നിവ ചെയ്യാറുണ്ട്. അതാണ് എന്റെ വേദനയ്ക്ക് ശമനമായത്. നമ്മുടെ ആരോഗ്യം ഫിറ്റും ഹെല്‍ത്തിയുമായി നിലനിര്‍ത്തണം, '' - അവര്‍ പറഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.






