തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പദ്ധതിക്കെതിരെയുള്ള സമരം അക്രമാസക്തമായതും പോലീസ് സ്റ്റേഷന് ആക്രമിക്കാനിടയായതും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പരിശോധിക്കുന്നു. സംഭവത്തില്‍ എന്‍ഐഎ പോലീസിനോട് റിപ്പോര്‍ട്ട് തേടി. ആക്രമണത്തിന് പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടലുണ്ടോയെന്നാണ് പരിശോധിക്കുന്നത്. എന്‍ഐഎ സംഘം ഇന്ന് തിരുവനന്തപുരത്ത് എത്തും.
അതേസമയം, വിഴിഞ്ഞത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അതീവ സുരക്ഷ ഏര്‍പ്പെടുത്തി. അയ്യായിരത്തോളം പോലീസുകാരാണ് പല ഫിഷ്ടുകളിലായി ഡ്യൂട്ടിയിലുള്ളത്. ഡിഐജി ആര് നിശാന്തിനിയെ സെപ്ഷല്‍ ഓഫീസറാക്കി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു.
അവധി റദ്ദാക്കി തിരിച്ചെത്താന്‍ പോലീസുകാരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
കേസന്വേഷണത്തിനും ക്രമസമാധാനത്തിനുമായി രണ്ടു സംഘങ്ങളെയും നിയോഗിച്ചു. ഡിഐജിക്കു കീഴില്‍ എസ്പിമാരായ കെകെ അജി, കെഇ ബൈജു എന്നിവരും അസിസ്റ്റന്റ് കമ്മീഷണര്‍മാരും അടങ്ങുന്ന പ്രത്യേക സംഘം ക്രമസമാധനപാലത്തിന് മേല്‍നോട്ടം വഹിക്കും. വിഴിഞ്ഞം ആക്രണവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിന് തിരുവനന്തപുരം ഡിസിപി കെ ലാല്‍ജിയുടെ നേതൃത്വത്തില്‍ നാല് അസിസ്റ്റന്റ് കമ്മീഷണര്‍മാരെ ഉള്‍പ്പെടുത്തി മറ്റൊരു സംഘവും രൂപീകരിച്ചു.
വിഴിഞ്ഞം സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 1868 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആക്രമണത്തില്‍ മൂവായിരത്തോളം പേര്‍ക്കെതിരെ കേസെടുരത്തുവെങ്കിലും ഇതുവരെ അറസ്റ്റ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല. സ്ഥിതി ശാന്തമായ ശേഷം തുടര്‍ നടപടിയിലേക്ക് കടന്നാല്‍ മതിയെന്നാണ് പോലീസിന്റെ തീരുമാനം. ഡി.ഐ.ജി ആര്.നിശാന്തിനി വിഴിഞ്ഞം സ്റ്റേഷനിലെത്തി.






