
മുഖത്ത് കുറച്ച് രോമവളര്‍ച്ച ഉണ്ടായാല്‍ പോലും ടെന്‍ഷന്‍ അടിയ്ക്കുന്നവരാണ് പൊതുവെ സ്ത്രീകള്‍. മുഖത്തെ ചെറിയ ചെറിയ രോമവളര്‍ച്ചയെ കുറിച്ച് ഉത്കണ്ഠപ്പെടുന്ന സ്ത്രീകളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയ്ക്കുകയാണ് അമേരിക്കന്‍ സ്വദേശിയായ ഒരു സോഷ്യല്‍ മീഡിയ താരം. PeekabooPumpkin എന്നാണ് ഇവരുടെ ടിക് ടോക്ക് അക്കൗണ്ടിന്റെ പേര്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് പ്രചോദനമാണ് ഇവര്‍.
തന്റെ നീണ്ട കറുത്ത താടിയില്‍ വ്യത്യസ്ത സ്റ്റൈലുകള്‍ പരീക്ഷിച്ചാണ് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയ ആകുന്നത്. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം എന്ന രോഗമാണ് യുവതിയുടെ അമിത രോമവളര്‍ച്ചക്കു പിന്നിലെ കാരണം. ലോകത്തിലെ പത്തു സ്ത്രീകളില്‍ ഒരാള്‍ക്ക് ഈ രോഗമുണ്ടെന്നാണ് കണ്ടെത്തല്‍. ഈ രോഗം അവരുടെ പ്രത്യുത്പാദന ശേഷിയെയും ബാധിക്കുന്നു. പൊതുവെ എല്ലാ സ്ത്രീകളുടെ മുഖത്തും രോമം ഉണ്ടാകാറുണ്ട്. ചിലരുടെ മുഖത്ത് വളരെ നേരിയതും കട്ടി കുറഞ്ഞതും അത്ര പ്രകടമല്ലാത്തതുമായ രോമങ്ങളാണ് ഉണ്ടാകുന്നതെങ്കില്‍ മറ്റു ചിലരുടെ കാര്യം നേരെ വിപരീതമാണ്. അവരുടെ മുഖത്ത് വളരെ പ്രകടമായി തന്നെ രോമ വളര്‍ച്ച ഉണ്ടാകും.
തന്റെ താടിയെ അംഗീകരിക്കാനും ഈ നിലയിലെത്താനും വളരെയധികം കഠിനാധ്വാനം വേണ്ടി വന്നെന്നും ഇപ്പോള്‍ താന്‍ സന്തോഷവതിയാണെന്നും ഒരു ടിക് ടോക്ക് വീഡിയോയില്‍ പീക്കാബൂ പംപ്കിന്‍ പറഞ്ഞു. ടിക് ടോക്കില്‍ ധാരാളം ഫോളോവേഴ്സിനെ നേടിയ ശേഷം അഡള്‍ട്സ് ഒണ്‍ലി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഒണ്‍ലി ഫാന്സില് യുവതി സജീവമാകുകയായിരുന്നു.






