ലക്നൗ : രാജ്യത്തെ ആദ്യ മുസ്ലീം വനിതാ യുദ്ധവിമാന പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കി മിര്‍സാപൂര്‍ സ്വദേശി സാനിയ മിര്‍സ. യുപിയില്‍ നിന്ന് യുദ്ധവിമാന പൈലറ്റാകുന്ന ആദ്യ പെണ്‍കുട്ടിയും, യുദ്ധവിമാന പൈലറ്റായി തിരഞ്ഞെടുക്കപ്പെടുന്ന രാജ്യത്തെ രണ്ടാമത്തെ പെണ്‍കുട്ടിയുമാണ് സാനിയ. എന്‍ഡിഎ പരീക്ഷയില്‍ 149-ാം റാങ്ക് നേടിയാണ് സാനിയ മിര്‍സ ഫൈറ്റര്‍ പൈലറ്റാകാന്‍ ഒരുങ്ങുന്നത്.
മിര്‍സാപൂരിലെ ജസോള്‍ ഗ്രാമത്തില്‍ താമസിക്കുന്ന ഷാഹിദ് അലിയുടെ മകളാണ് സാനിയ. ടിവി മെക്കാനിക്കാണ് ഷാഹിദ്. പണ്ഡിറ്റ് ചിന്താമണി ദുബെ ഇന്റര്‍ കോളേജിലാണ് പ്രൈമറി മുതല്‍ 10 വരെയുള്ള വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്
യുദ്ധവിമാന പൈലറ്റാകാനായിരുന്നു തനിക്ക് എപ്പോഴും ആഗ്രഹമെന്ന് സാനിയ പറഞ്ഞു. രാജ്യത്തെ ആദ്യത്തെ യുദ്ധവിമാന പൈലറ്റായി മാറിയ അവ്നി ചതുര്‍വേദിയോട് സാനിയയ്ക്ക് വലിയ ഇഷ്ടമായിരുന്നു. അവ്നിയെ പോലെയാകാനും ആഗ്രഹിച്ചു. ആദ്യ തവണ സാനിയ പരീക്ഷയില്‍ വിജയിച്ചില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ ശ്രമം തുടര്‍ന്നു. രണ്ടാം തവണ വിജയം കണ്ടു.
സിബിഎസ്ഇ, ഐഎസ്സി സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മാത്രമേ എന്‍ഡിഎയില്‍ വിജയം ലഭിക്കൂ എന്നാണ് സാനിയ കരുതിയിരുന്നതെന്നും, ഇന്ന് ഹിന്ദി മീഡിയത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കും എന്‍.ഡി.എ പാസാനാകുമെന്ന് തന്റെ മകള്‍ കാണിച്ചു തന്നുവെന്ന് ഷാഹിദ് പറയുന്നു. ഡിസംബര്‍ 27ന് പൂനെയില്‍ സാനിയ ഡ്യൂട്ടിയ്ക്ക് ചേരും.






