
ആലപ്പുഴ: ശബരിമല തീര്‍ത്ഥാടക സംഘത്തെ ആക്രമിച്ചയാള്‍ പിടിയില്‍. ഇരവുകാട് സ്വദേശി അര്ജുന് കൃഷ്ണയാണ് പിടിയിലായത്. ഇന്നലെ ആലപ്പുഴ കളര്റോഡിലായിരുന്നു സംഭവം. ഇയാളുടെ ആക്രമണത്തില്‍ ഒമ്പത് വയസ്സുകാരിക്ക് പരിക്കേറ്റിരുന്നു.
സംഭവത്തില്‍ കേസെടുത്ത ആലപ്പുഴ പോലീസ് ഇയാളെ ഒരു ഒളിസങ്കേതത്തില്‍ നിന്നും ഉച്ചയോടെ പിടികൂടി. തന്റെ ബൈക്കില്‍ ഇരുന്നത് ഇഷ്ടപ്പെടാതെയാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്നും ബൈക്കില്‍ നിന്നും തള്ളിത്താഴെയിടകയായിരുന്നു എന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആലപ്പുഴ കളര്റോഡില് വെച്ച് കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം.
മലപ്പുറത്ത് നിന്നുള്ള തീര്‍ത്ഥാടക സംഘം ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നിതിനിടയില് കാപ്പി കുടിക്കാന്‍ ഇറങ്ങുകയായിരുന്നു. ഈ സമയത്ത് സംഘത്തിലെ പെണ്‍കുട്ടി ബൈക്കില്‍ കയറിയിരുന്ന് മൊബൈലില്‍ ഫോട്ടോയെടുത്തു. ഇത് ഇഷ്ടപ്പെടാതെ വന്ന അര്ജുന് കൃഷ്ണ പെണ്‍കുട്ടിയെ വലിച്ചു താഴെയിടുകയായിരുന്നു. ഇത് ചോദ്യം ചെയ്ത തീര്‍ത്ഥാടക സംഘവുമായി ഇയാള്‍ വാക്കേറ്റം ഉണ്ടാക്കുകയും ഒരു കൈക്കോടാലിയുമായി തിരിച്ചു വന്നു സംഘത്തിന്റെ ബസിന്റെ ചില്ലടിച്ചുടയ്ക്കുകയും ചെയ്തിരുന്നു.
ഇയാള്‍ക്കൊപ്പം ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. ഇവര്‍ ടെലിവിഷന്‍ റിയാലിറ്റി താരമാണ്. പക്ഷേ ഇവര്‍ക്കെതിരേ സംഘം പരാതി നല്കിയിട്ടില്ലാത്തതിനാല് കേസെടുത്തിട്ടില്ല. 39 അംഗ തീര്‍ത്ഥാടകസംഘത്തില്‍ ഒമ്പത് പേര് കുട്ടികളാണ്. അര്ജുന് കൃഷ്ണയെ പോലീസ് ചോദ്യം ചെയ്തു.






