
ആലുവ: എടത്തല അല്‍ അമീന് നഗറിന് സമീപം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പ്രസവിച്ച് അഞ്ചു മണിക്കൂര്‍ മാത്രം പ്രായമായ പെണ്‍കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചില് കേട്ട നാട്ടുകാര്‍ നടത്തിയ തെരച്ചലിലാണ് ഓട്ടോയുടെ പിന്‍സീറ്റില്‍ അവശനിലയില്‍ കുഞ്ഞിനെ കണ്ടത്.
വിവരമറിഞ്ഞെത്തിയ എടത്തല പോലീസ് കുഞ്ഞിനെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിന്റെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തിട്ടുണ്ട്. എടത്തല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസ്ഐ നോബിള്‍ അറിയിച്ചു.






