
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിലാണ് താല്‍പ്പര്യമെന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍ പറഞ്ഞത് കോണ്‍ഗ്രസില്‍ ഇളക്കി വിട്ടത് വലിയ ആഭ്യന്തര കലാപമാണ്. ഗ്രൂപ്പ് പോരുകളും വ്യക്തി താല്‍പ്പര്യങ്ങളുമെല്ലാം വിഷയമാകുന്ന കോണ്‍ഗ്രസില്‍ തരൂരിന്റെ പ്രസ്താവന ചൂടേറ്റുമ്പോള്‍ മനസ്സില്‍ ലഡ്ഡു പൊട്ടിയിരിക്കുന്നത് ബിജെപിയ്ക്കാണ്. വിശ്വപൗരനായ തരൂര്‍ ഇല്ലെങ്കില്‍ അവസരം മുതലാക്കാനുള്ള നീക്കം ബിജെപി തുടങ്ങിക്കഴിഞ്ഞു.
തരൂരില്ലെങ്കില്‍ തരൂരിനെ വെല്ലുന്നതോ ഒപ്പം നില്ക്കുന്നതോ ആയ സ്ഥാനാര്‍ത്ഥിയെ ഇറക്കിയാല്‍ തിരുവനനപുരം പിടിക്കാമെന്ന ആശ ബിജെപിയ്ക്ക് പെരുകുകയാണ്. സുരേഷ്ഗോപിയെ പോലെയുള്ള താരങ്ങളിലാണ് ബിജെപിയുടെ കണ്ണ്. പക്ഷേ കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയുള്ള മണ്ഡലമായ തിരുവനന്തപുരം അവരില്‍ നിന്നും പിടിച്ചെടുക്കുക ബിജെപിയ്ക്ക് ഏറെ ദുഷ്ക്കരമായിരിക്കുമെന്നാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ കണക്കിലെ കളികള്‍ പറയുന്നത്. ഒരു ലക്ഷം വോട്ടിന്റെ വ്യത്യാസമുള്ള തിരുവനന്തപുരത്ത് വോട്ടുകള്‍ മറിക്കാന്‍ അസാധാരണമായ തന്ത്രം തന്നെ ബിജെപിയ്ക്ക് പുറത്തെടുക്കേണ്ടി വരും.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 13,34,665 വോട്ടര്‍മാരാണ് തിരുവനന്തപുരം മണ്ഡലത്തിലുള്ളത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 73.45 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ശശി തരൂരിന് 4,16,131 വോട്ടുകളാണ് കിട്ടിയത്. അതേസമയം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബിജെപിയ്ക്ക് കിട്ടിയത് 3,16,142 വോട്ടുകള്‍. കുമ്മനം രാജശേഖരാനായിരുന്നു സ്ഥാനാര്‍ത്ഥി. ഇടതുപക്ഷം മൂന്നാം സ്ഥാനത്തായിരുന്നു. 2,58,556 വോട്ടുകള്‍ സി ദിവാകരന് കിട്ടി.
പാര്‍ലമെന്റ് മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങള്‍ വേര്‍തിരിച്ച് പരിശോധിച്ചാല്‍ ബിജെപിയ്ക്ക് മേല്‍ക്കൈ ഉണ്ടാക്കാനായത് നേമത്ത് മാത്രമായിരുന്നു. നേമത്ത് 58513 വോട്ടുകള്‍ 2019 ല്‍ കുമ്മനത്തിന് കിട്ടിയപ്പോള്‍ നേമത്ത് നിന്നും തരൂരിന് കിട്ടിയത് 46,472 വോട്ടുകളാണ്. കഴക്കൂട്ടം, വട്ടിയൂര്‍കാവ്, തിരുവനന്തപുരം പാറശ്ശാല, കോവളം, നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലെല്ലാം ശശി തരൂര്‍ ഗംഭീര പ്രകടനം നടത്തുകയും ചെയ്തു. എന്നാല്‍ കഴക്കൂട്ടം, വട്ടിയൂര്‍കാവ്, തിരുവനന്തപുരം മേഖലകളിലേ കുമ്മനത്തിന് രണ്ടാമത് എത്താനും കഴിഞ്ഞുള്ളൂ. പാറശ്ശാല, കോവളം, നെയ്യാറ്റിന് കര മേഖലകളില്‍ ഇടതുപക്ഷത്തിന്റെ ദിവാകരനായിരുന്നു രണ്ടാമത്.
കഴക്കൂട്ടത്ത് നിന്നും കുമ്മനത്തിന് 45,000 വോട്ടുകളും വട്ടിയൂര്‍കാവില്‍ നിന്നും 50,000 വോട്ടുകളും തിരുവനന്തപുരത്ത് നിന്നും 42,000 വോട്ടുകളുമായിരുന്നു കുമ്മനത്തിന് കിട്ടിയത്. പാറശ്ശാല, കോവളം, നെയ്യാറ്റിന് കര മേഖലകളില്‍ 1000 മുതല്‍ 5000 വോട്ടുകളുടെ കുറവാണ് കുമ്മനം രണ്ടാം സ്ഥാനത്തുള്ള ദിവാകരനുമായി ഉണ്ടായിരുന്നത്. പക്ഷേ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ശശി തരൂരുമായി നോക്കുമ്പോള്‍ 20,000 മുതല്‍ 30,000 വോട്ടുകളുടെ വരെ വ്യത്യാസം ഉണ്ടായിരുന്നു. നേമത്ത് കുമ്മനവും ശശിതരൂരും തമ്മില്‍ ഉണ്ടായിരുന്നതാകട്ടെ വെറും 10,000 വോട്ടിന്റെ വ്യത്യാസവും. കുമ്മനം രണ്ടാമത് ഉണ്ടായിരുന്ന കഴക്കൂട്ടം, വട്ടിയൂര്‍കാവ്, തിരുവനന്തപുരം മേഖലയില്‍ പോലും 1000 മുതല്‍ 15,000 വോട്ടുകളുടെ വരെ കുറവാണ് വന്നത്.
വിശ്വപൗരന് എന്ന നിലയിലുള്ള ഇമേജ് തരൂരിന് പാര്‍ട്ടിയ്ക്ക് അതീതമായ ഒരു വലിയ വോട്ടുഷെയര്‍ നേടിക്കൊടുത്തിട്ടുണ്ട്. ടെക്കികളുടെയും യുവാക്കളുടെയും വോട്ടുകള്‍ ഒരു പരിധി വരെ പാര്‍ട്ടിക്കതീതമായി തരൂര്‍ നേടിയെടുത്തിട്ടുള്ളതായിട്ടാണ് വിദഗ്ദ്ധര്‍ വിലയിരുത്തന്നത്. ഇത്തവണ തരൂര്‍ മത്സരരംഗത്ത് ഇല്ലെങ്കില്‍ അതാത് പാര്‍ട്ടികളിലേക്ക് ആ വോട്ടുകള്‍ മടങ്ങിപ്പോകും. തരൂര്‍ ഇല്ലാത്ത സാഹചര്യത്തില്‍ തരൂരിനോട് കിടപിടിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ നേട്ടമുണ്ടാക്കമെന്ന പ്രതീക്ഷയിലാണ് ബിജെപി.
അതേസമയം ഇപ്പോള്‍ നിയമസഭാ സീറ്റിലേക്കു ഇപ്പോള്‍ മാറുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലില്‍ അദ്ദേഹം ഇത്തവണയും ലോക്സഭാ സീറ്റിലേക്ക് തന്നെ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ പാര്‍ലമെന്റ് സീറ്റ് നില നിര്‍ത്തുകയാണ് ഉചിതമെന്നാണ് തരൂരിന് കിട്ടിയിരിക്കുന്ന വിദഗ്ദോപദേശം. ശശി തരൂര്‍ തിരുവനന്തപുരം സീറ്റില്‍ മത്സരിച്ചില്ലെങ്കില്‍ കെ. മുരളീധരന് വരുമെന്നാണ് സൂചനകള്‍.






