
തിയേറ്ററില്‍ തരംഗം സൃഷ്ടിക്കുകയാണ് ഉണ്ണിമുകുന്ദന് നായകനായ ‘മാളികപ്പുറം’ എന്ന സിനിമ. തികച്ചും സാധാരണമായ ഒരു വിഷയം വളരെ പക്വതയോടെയും വ്യത്യസ്തമായും അവതരിപ്പിച്ചാണ് ‘മാളികപ്പുറം’പ്രേക്ഷകശ്രദ്ധ നേടിയത്. ഇപ്പോഴിതാ മകരസംക്രാന്തി ദിനത്തില്‍ ഹുദയസ്പര്ശിയായ ഒരു കുറിപ്പ് പങ്കിട്ടിരിക്കുകയാണ് ഉണ്ണി. ‘‘ഇന്ന് ജനുവരി 14. ഈ ദിവസത്തിന് എന്റെ ജീവിതത്തിൽ ഒരുപാട് പ്രാധാന്യം ഉണ്ട്. ഞാൻ ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കാനായി ക്യാമറയ്ക്ക് മുന്നിൽ നിന്നത് ഒരു ജനുവരി 14 ന് ആയിരുന്നു. അതുപോലെ എന്റെ ആദ്യ നിർമാണ സംരംഭം എന്ന നിലയിലും ഒരു ആക്ടർ എന്ന തരത്തിൽ എനിക്ക് ഒരു നാഴികകല്ലായും, നിരവധി അവാർഡുകളടക്കം കരസ്ഥമാക്കുന്നതിനും കാരണമായി മാറിയ നിങ്ങൾ നെഞ്ചിലേറ്റി വിജയിപ്പിച്ച മേപ്പടിയാൻ റിലീസ് ആയതും കഴിഞ്ഞ ജനുവരി 14 ന് ആയിരുന്നു. വീണ്ടും ഒരു ജനുവരി 14 മകരവിളക്ക് ദിനത്തിൽ എന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ആയി തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന മാളികപ്പുറത്തിന്റെ വിജയത്തിന് നന്ദി പറയാനും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദരവ് ഏറ്റുവാങ്ങാനുമായി ഞാൻ സന്നിധാനത്ത് അയ്യന്റെ അടുത്താണ് ഉള്ളത്.
മേപ്പടിയാനിൽ ഒരു അയ്യപ്പ ഭക്തിഗാനം പാടാനുള്ള സൗഭാഗ്യം തേടിയെത്തിയപ്പോൾ പിന്നീട് എന്നെ തേടിയെത്തിയത് അയ്യപ്പനായി തന്നെ അഭിനയിക്കാനുള്ള നിയോഗമായിരുന്നു.
ഇനിയുള്ള എല്ലാ മകരവിളക്ക് ദിനങ്ങളും എന്റെ ജീവിതത്തിലെ ഓരോ നാഴികക്കല്ലുകളായി മാറട്ടെ എന്ന് മാത്രം ഞാൻ അയ്യപ്പസ്വാമിയോട് പ്രാർത്ഥിക്കുന്നു.
സ്നേഹത്തോടെ,
ഉണ്ണി
സ്വാമി ശരണം. 🙏🏼...’’ എന്നാണ് സന്നിധാനത്തു നിന്നുള്ള ചിത്രത്തിനൊപ്പം ഉണ്ണി മുകുന്ദന് കുറിച്ചിരിക്കുന്നത്. തിയറ്ററുകളിൽ സൂപ്പർഹിറ്റായി മുന്നേറുന്ന മാളികപ്പുറം വിജയത്തിന് നന്ദി പറയാനാണ് ഉണ്ണി മുകുന്ദൻ സന്നിധാനത്ത് എത്തിയിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദരവ് ഏറ്റുവാങ്ങുന്നതിനും കൂടിയാണ് താരം സന്നിധാനത്ത് എത്തിയത്.






