
വ്യത്യസ്തമായ പ്രമേയങ്ങളുമായി മലയാള സിനിമാപ്രേക്ഷകരെ എന്നും അതിശയിപ്പിക്കാറുള്ള സംവിധായകനാണ് വിനയന്. സിജു വില്‍സണെ നായകനാക്കി വിനയന് സംവിധാനം ചെയ്ത ‘ഇരുപത്തൊന്നാം നൂറ്റാണ്ട്’ എന്ന സിനിമ ഏറെ പ്രേക്ഷകപ്രശംസ നേടിയതാണ്. ഇപ്പോഴിതാ തന്റെ സിനിമയ്ക്ക് കിട്ടിയ മറ്റൊരു അംഗീകാരത്തെക്കുറിച്ചു തുറന്നു പറയുകയാണ് വിനയന്.
ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ രക്തസാക്ഷിത്വ ദിനം ആദ്യമായി ഇപ്പോൾ ആചരിക്കാൻ കാരണം പത്തൊൻപതാം നൂറ്റാണ്ടെന്ന സിനിമയാണെന്ന് അദ്ദേഹത്തെ വച്ചിറക്കിയ പോസ്റ്റ് കവറിന്റെ പ്രകാശനച്ചടങ്ങില്‍ പലരും പറഞ്ഞെന്നാണ് വിനയന് കുറിച്ചിരിക്കുന്നത്. ‘‘ആറാട്ടുപുഴ വേലായുധപ്പണിക്കരെ ആദരിച്ചു കൊണ്ട് പ്രത്യേക പോസ്റ്റ് കവർ കേന്ദ്ര സർക്കാർ ഇറക്കിയിരിക്കുന്നു. കേന്ദ്ര മന്ത്രി ശ്രീ വി. മുരളീധരനാണ് കവറിൻെറ പ്രകാശനം നടത്തിയത്.. സാധുക്കളായ തൻെറ സഹജീവികൾക്കു വേണ്ടി പോരാടി രക്തസാക്ഷിത്വം വരിച്ച ആ നവോത്ഥാന നായകന് ഇപ്പോഴെങ്കിലും ഇതു പോലൊരാദരവ് നൽകാൻ തയ്യാറായ കേന്ദ്രഗവൺമെൻറ് അങ്ങേയറ്റം അഭിനന്ദനം അർഹിക്കുന്നു..
കഴിഞ്ഞ ദിവസം ആലുവ അദ്വൈതാശ്രമത്തിൽ നിരവധി പ്രമുഖർ പങ്കെടുത്ത ബൃഹുത്തായ ചടങ്ങിൽ തമസ്കരിക്കപ്പെട്ട വേലായുധപ്പണിക്കരുടെ കഥ ജനഹൃദയങ്ങളിൽ എത്തിച്ചതിന് പത്തൊൻപതാം നൂറ്റാണ്ടിൻെറ രചയിതാവും സംവിധായകനും എന്ന നിലയിൽ മന്ത്രി വി എൻ വാസവൻ എനിക്കൊരവാർഡ് തന്നിരുന്നു.. അന്നവിടെ പ്രസംഗീച്ചവരെല്ലാം പറഞ്ഞത്... മരിച്ചിട്ട് 149 വർഷങ്ങൾ കഴിഞ്ഞിട്ടും ഇതേവരെ ആർക്കും ആചരിക്കാൻ തോന്നാത്ത... പലർക്കും അറിയുകപോലും ചെയ്യാത്ത... വേലായുധപ്പണിക്കരുടെ രക്തസാക്ഷിത്വ ദിനം ആദ്യമായി ഇപ്പോൾ ആചരിക്കാൻ കാരണം പത്തൊൻപതാം നൂറ്റാണ്ടെന്ന സിനിമ ആണന്നാണ്... ഇപ്പോൾ കേന്ദ്ര സർക്കാർ പ്രത്യേക കവറും സ്റ്റാമ്പും ഇറക്കിയതും പത്തൊമ്പതാം നൂറ്റാണ്ടെന്ന സിനിമയിലൂടെ ഉണ്ടായ ഓർമ്മപ്പെടുത്തൽ തന്നെ ആയിരിക്കുമല്ലോ? ഒരു സിനിമ കൊണ്ട് ഇത്രയുമൊക്കെ സാദ്ധ്യമായി എന്നത്..എന്നെ സന്തോഷഭരിതനാക്കുന്നു.. അഭിമാന പുളകിതനാക്കുന്നു...’’ കുറിപ്പിനൊപ്പം വേലായുധപ്പണിക്കരുടെ ചിത്രങ്ങളും വിനയന് ഷെയര്‍ ചെയ്തിട്ടുണ്ട്.
നിത്യഹരിത നായകന് പ്രേം നസീറിന്റെ 34ാം ചരമദിനത്തിലും അദ്ദേഹത്തെ ഓര്‍ത്തെടുത്തും വിനയന് ഫെയ്സ് ബുക്കില്‍ കുറിപ്പെഴുതിയിരുന്നു. സിനിമയിലേക്ക് എത്തുന്നതിന് മുമ്പ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ പണിയെടുത്തിരുന്ന കാലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം സിനിമ എടുക്കാനായി തീരുമാനിച്ചതും പ്രേം നസീറിന് അഡ്വാന്‍സ് കൊടുത്തതിനെ കുറിച്ചുമാണ് വിനയന് പറയുന്നത്. എന്നാല്‍ ആ സിനിമ നടന്നില്ല. പിന്നീട് നസീര്‍ തനിക്ക് അഡ്വാന്‍സ് തിരികെ തന്നു എന്നാണ് വിനയന് പറഞ്ഞത്.






