
കൊച്ചി : കൊച്ചിയിലെ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ സബ് സോണല്‍ ഓഫീസ് (എന്‍.ബി.സി), സോണല്‍ യൂണിറ്റായി ഉയര്‍ത്തും. ഈ വര്‍ഷം പുതിയ ഓഫീസ് പ്രവര്‍ത്തനമാരംഭിക്കും. കൊച്ചി പുറങ്കടല്‍ വഴിയുള്ള അതിതീവ്ര ലഹരികടത്ത് വ്യാപകമാകുന്ന സാഹചര്യത്തിലാണു സോണല്‍ ഓഫീസ് അനുവദിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ സോണല്‍ യൂണിറ്റ് അനുവദിക്കാനാണു കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.
ആദ്യഘട്ടത്തില്‍ കേരളത്തിലും ഗോവയിലുമാകും ആരംഭിക്കുക. നിലവില്‍ കൊച്ചി ചെന്നൈ സോണലിന്റെയും ഗോവ മുംബൈ സോണലിന്റെയും കീഴിലാണ്. കേരളവും ലക്ഷദ്വീപും ഉള്‍പ്പെടുന്നതാണ് കൊച്ചി സോണല്‍ യൂണിറ്റ്. പശ്ചിമതീരം വഴി നടക്കുന്ന രാജ്യാന്തര ലഹരിക്കടത്തിന്റെ മുഖ്യ ഇടനാഴിയാണു കൊച്ചിയും ഗോവയും. അതിനാല്‍ തീരസുരക്ഷാ സേനകള്‍ക്കു പുറമേ എന്‍.ബി.സിയും ജാഗ്രതയിലാണ്. കൊച്ചി ഓഫീസില്‍ ഒരു സൂപ്രണ്ടിന്റെ കീഴില്‍ മൂന്ന് ഇന്‍സ്പെക്ടര്‍മാര്‍ ഉള്‍പ്പെടെ 10 ഉദ്യോഗസ്ഥര്‍ മാത്രമാണ് നിലവിലുള്ളത്.
ഒരു കേസന്വേഷിക്കാന്‍ മൂന്ന് ഓഫീസര്‍ മാത്രം. ഡയറക്ടറേറ്റാകുന്നതോടെ ഐ.പി.എസ്. റാങ്കിലുള്ള സോണല്‍ ഡയറക്ടര്‍ വരും. അദ്ദേഹത്തിനു കീഴില്‍ ഒരു അസി. ഡയറക്ടര്‍, സൂപ്രണ്ട്, 12 ഇന്‍സ്പെക്ടര്‍മാര്‍, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകള്‍ ഉള്‍പ്പെടെ 35 പേരുണ്ടാകും. ഇതോടെ ലഹരിക്കടത്തു പരിശോധനയും അന്വേഷണവും കൂടുതല്‍ കാര്യക്ഷമമാകും. ഡയറക്ടറേറ്റ് വരുന്നതോടെ വലിയ കേസുകളില്‍ കൂടുതല്‍ ശ്രദ്ധിക്കാനാകുമെന്ന് എന്‍.ബി.സി. വൃത്തങ്ങള്‍ പറഞ്ഞു.
കേരള, ലക്ഷദ്വീപ് തീരങ്ങളിലൂടെ കടല്‍വഴിയുള്ള രാസലഹരിക്കടത്ത് വര്‍ധിച്ചുവരികയാണ്. ഇറാന്, അഫ്ഗാനിസ്ഥാന്, ശ്രീലങ്ക, മാലി വഴിയുള്ള കടത്തുസംഘങ്ങള്‍ പുതിയ റൂട്ടുകള്‍ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതു ഫലപ്രദമായി തടയാന്‍ സുരക്ഷാപരിശോധനയും സാറ്റലൈറ്റ് ട്രാക്കിങ്ങും ശക്തമാക്കേണ്ടതുണ്ട്. അറബിക്കടല്‍ വഴി ലഹരി കടത്തുന്നവര് ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് ഇന്ത്യന്‍ ഏജന്‍സികള്‍ക്കു പലപ്പോഴും കടുത്ത തലവേദന സൃഷ്ടിക്കുന്നു. ലഹരിവസ്തു അടങ്ങിയ വലിയ പായ്ക്കറ്റുകളില്‍ ജി.പി.എസ്. ഘടിപ്പിച്ചാണു കടത്തുകാരുടെ വരവ്.
നാവികസേനയെയോ കോസ്റ്റ് ഗാര്‍ഡിനെയോ കണ്ടാല്‍ പായ്ക്കറ്റ് കടലില്‍ തള്ളും. പരിശോധനയില്‍ കപ്പലില്‍നിന്ന് ഒന്നും ലഭിക്കില്ല. വെള്ളം കയറാത്ത തരത്തില്‍ പല പാളികളുള്ള കവറിങ്ങാണ് പായ്ക്കറ്റിനുണ്ടാവുക. ജി.പി.എസ്. ഉപയോഗിച്ച് പിന്നീടിവ തിരിച്ചെടുക്കും. ഇന്ത്യന്‍ സേനയുടെ നിരീക്ഷണ സംവിധാനം ശക്തമായതിനാല്‍ രാജ്യാന്തര ലഹരിമാഫിയ ശ്രീലങ്കയെ ലഹരികടത്തിനുള്ള ഇടത്താവളമാക്കുന്നതായി ഏജന്‍സി വൃത്തങ്ങള്‍ പറയുന്നു. അവിടെനിന്നു പല മാര്‍ഗങ്ങളിലാണ് ദക്ഷിണേന്ത്യയിലേക്കു ലഹരിയെത്തിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ 210 കിലോ ഹെറോയിനാണ് കൊച്ചി പുറങ്കടലില്‍ ഇറാനിയന്‍ ഉരുവില്‍നിന്നു പിടിച്ചെടുത്തത്.






