
ആഗോളതാപ വര്‍ദ്ധനവ് 15 വര്‍ഷത്തിനുളളില്‍ 1.5 ഡിഗ്രി മറികടക്കുമെന്ന് റിപ്പോര്‍ട്ട്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞാലും ഇവയുടെ തോത് വര്‍ധിക്കുമെന്നാണ് കണ്ടെത്തല്‍. അടുത്ത വര്‍ഷങ്ങളില്‍ ബഹിര്‍ഗമനം ഉയര്‍ന്നാല്‍ ഭൂമിയില്‍ വ്യാവസായിക വിപ്ലവത്തിന് മുന്‍പുളളതിനെക്കാള്‍ രണ്ട് ഡിഗ്രി ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
പ്രൊസീഡിംഗ്സ് ഓഫ് ദി നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ 2060 ആകുമ്പോഴേക്കും ഇത് നടക്കാനുളള സാധ്യത അഞ്ചില്‍ നാലാണെന്നു വ്യക്തമാക്കിയിട്ടുണ്ട്.
പഠനത്തിന്റെ മുഖ്യ രചയിതാക്കളില്‍ ഒരാളായ നോഹ ഡിഫന്സ്ബര്ഗ് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനാണ്. നിലവിലെ കാലാവസ്ഥ സ്ഥിതി ന്യൂറല്‍ നെറ്റ്വര്‍ക്ക് അഥവാ നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചാണ് ഇവര്‍ ഭാവിയിലെ താപനില കണക്കാക്കുന്നത്.
എന്നാല്‍ പുതിയ റിപ്പോര്‍ട്ട് ഐ.പി.സി.സി (ഇന്റര്‍ഗവണ്‍മെന്റ് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്) യുടെ കണ്ടെത്തലിന് വിരുദ്ധമാണ് . 2080 തോടെ ബഹിര്‍ഗമനതോത് പൂജ്യമായാല്‍ രണ്ട് ഡിഗ്രിയെന്ന ആഗോള താപ വര്‍ദ്ധനവ് സാധ്യമായേക്കില്ലെന്നാണ് ഐ.പി.സി.സി റിപ്പോര്‍ട്ട്. 2015 ലെ പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങള്‍ നടപ്പാകാത്തതിന്റെ സൂചനയാണ് ചൂട് 1.5 ഡിഗ്രി, 2 ഡിഗ്രി എന്ന മാറ്റത്തിനു കാരണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.






