
കൊച്ചി ; കളിപ്പാട്ട കച്ചവടത്തിനെത്തിയ ഉത്തര്‍ പ്രദേശ് സ്വദേശി മയക്കുമരുന്നുമായി പിടിയില്‍. വഴിയോരങ്ങളിലും സ്കൂള്‍ പരിസരത്തുമായി കളിപ്പാട്ട കച്ചവടം നടത്തിയിരുന്ന വിപിന്‍ കുമാര്‍ റസ്തോജി (മിങ്കു ഭായ് -70 ) ആണ് എറണാകുളം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന്റെ പിടിയിലായത്.
ഇയാളില്‍ നിന്നും ബ്രൗണ്‍ഷുഗര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. 60 ചെറു പാക്കറ്റുകളിലായി 4.5 ഗ്രാം ബ്രൗണ്‍ ഷുഗറാണ് പരിശോധനയില്‍ കണ്ടെത്തിയത്. തേവര ഡീവര്‍ റോഡിന് സമീപത്തായി കച്ചവടം നടത്തിയിരുന്ന ഇയാളുടെ അടുത്ത് നിന്ന് നിരവധി യുവതീ യുവാക്കള്‍ വന്ന് പോകുന്നുവെന്ന വിവരം സിറ്റി മെട്രോ ഷാഡോ സംഘത്തിനും എക്സൈസ് ഇന്റലിജന്‍സിനും ലഭിച്ചിരുന്നു.
വേഷം മാറിയെത്തിയ എക്സൈസ് സംഘം ഇയാളോട് മയക്കുമരുന്ന് ആവശ്യപ്പെടുകയായിരുന്നു. അന്വേഷണ സംഘമാണെന്ന് തിരിച്ചറിയാതെ വിപിന്‍ കുമാര്‍ മയക്കു മരുന്നിന്റെ വില പറഞ്ഞുറപ്പിക്കുകയും ഉപയോഗ ക്രമം വിവരിക്കുകയും ചെയ്തു. എക്സൈസ് സംഘത്തിനെ തിരിച്ചറിഞ്ഞത്തോടെ കളിപ്പാട്ടങ്ങള്‍ ഉപേക്ഷിച്ച് രക്ഷപ്പെടാനായി ഇയാള്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമാവുകയായിരുന്നു.
തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ അന്വേഷണത്തില്‍ ബ്രൗണ്‍ഷുഗര്‍ കണ്ടെത്തി. ഉത്തര്‍ പ്രദേശില്‍ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവരുന്നതെന്ന് പ്രതി പൊലീസ് സംഘത്തിനോട് പറഞ്ഞു. മില്ലിഗ്രാം തൂക്കം വരുന്ന പൊതിക്ക് 1500 രൂപയാണ് ഇയാള്‍ ഈടാക്കിയിരുന്നത്.






