
തിരുവനന്തപുരം: ഡിസംബറില്‍ വില്പന നികുതി കൂട്ടി മദ്യവില വര്‍ധിപ്പിച്ച് ഒന്നരമാസം തികയും മുമ്പേ വീണ്ടും വിലകൂട്ടി മദ്യപര്‍ക്ക് സര്‍ക്കാരിന്റെ പ്രഹരം. 500 മുതല്‍ 999 രൂപ വരെ വരുന്ന ഇന്ത്യന്‍ നിര്‍മിത മദ്യത്തിന് കുപ്പിക്ക് 20 രൂപ വര്‍ധിപ്പിക്കാന്‍ ബജറ്റ് നിര്‍ദേശം. 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് കുപ്പിക്ക് 40 രൂപ വര്‍ധിക്കും. മാസങ്ങള്‍ക്ക് മുന്‍പ് മദ്യത്തിന് 10 മുതല്‍ 20 രൂപ വരെ കൂട്ടിയിരുന്നു.
നിലവില്‍ 247 ശതമാനമാണ് മദ്യത്തിന്റെ നികുതി. അതിനു പുറമേയാണ് ബജറ്റിലെ പുതിയ വിലവര്‍ധന. 500 മുതല്‍ 1000 രൂപവരെയുള്ള കുപ്പിക്ക് 20 രൂപയും 1000 നു മുകളില്‍ കുപ്പിയൊന്നിനുമേല് 40 രൂപയുമാണ് കൂട്ടിയിരിക്കുന്നത്. ഡിസംബറില്‍ 10 മുതല്‍ 20 രൂപവരെയാണ് കൂട്ടിയതെങ്കില്‍ ഇക്കുറി 20 മുതല്‍ 40 രൂപവരെയാണ് കൂടിയിരിക്കുന്നത്. 2017 നവംബറിനുശേഷം ഇക്കഴിഞ്ഞ ഡിസംബറിലാണ് പിന്നീട് മദ്യവില കൂട്ടിയത്.
മറ്റെങ്ങുമില്ലാത്ത കനത്ത നികുതിയാണ് സംസ്ഥാന സര്‍ക്കാര്‍ മദ്യത്തിനു ചുമത്തുന്നത്. ഒരു കെയ്സിന് കഷ്ടിച്ച് 400 രൂപ വിലവരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് 247 ശതമാനമാണ് സര്‍ക്കാര്‍ നികുതി. പുതിയ വര്‍ധനയോടെ ഇത് 251 ശതമാനമാകും.
2020 ലെ കണക്കുപ്രകാരം ബക്കാര്‍ഡി ക്ളാസിക്ക് (750 മില്ലി) ഒരു കുപ്പി ബിവറേജസ് കോര്പറേഷന് ലഭിക്കുന്നത് വെറും 168 രൂപയ്ക്കാണ്. വില്‍ക്കുന്നതാകട്ടെ 1240 രൂപയ്ക്കും. 53 രൂപയ്ക്കു വാങ്ങുന്ന ഹണിബീ വില്‍ക്കുന്നത് 560 രൂപയ്ക്ക്. ഓള്‍ഡ് മങ്ക് റം 72 രൂപയ്ക്കു വാങ്ങി 770 നാണ് വില്‍ക്കുന്നത്.
പുതിയ വര്‍ധനയിലൂടെ 400 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. ഏപ്രില്‍ മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍വരും. ബിവറേജസ് കോര്‍പറേഷന്റെ ചില ബ്രാന്‍ഡുകളില്‍ വരുന്ന വില വ്യത്യാസം ഇങ്ങനെ:
ബ്രാന്‍ഡ്, പഴയ വില, പുതുക്കിയ വില (750 മില്ലി)
ഡാഡി വില്‍സണ്‍ 680-700
ഓള്‍ഡ് മങ്ക് റം 980-1000
ഹെര്‍ക്കുലീസ് 800-820
ജവാന് (ലിറ്റര്‍) 610-630
ജോളി റോജര്‍ 990-1010
ഒ.സി.ആര് 670-690
ഓഫിസേഴ്സ് ചോയ്സ് 780-800
നെപ്പോളിയന് 750-770
എം.എച്ച്. 990-1010
ഡി.എസ്.പി. ബ്ലാക്ക് 930-950
ഹണിബീ 830-850
എം.ജി.എം. 670-690
റൊമനോവ് 900-920






