
തിരുവനന്തപുരം: വെള്ളക്കരം മുന്നറിയിപ്പില്ലാതെ കൂട്ടിയതില്‍ വിചിത്രമായ വിശദീകരണവുമായി ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്. കരം ഉയര്‍ത്തിയതില്‍ ജനങ്ങള്‍ക്ക് പരാതിയില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. നിയമസഭയില്‍ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോഴാണ് മന്ത്രി മറുപടി നല്‍കിയത്.
വെള്ളക്കരം കൂട്ടിയത് ജനങ്ങളെ സംരക്ഷിക്കാനാണ്. ഒരു ലിറ്റര്‍ വെള്ളം എത്തിക്കുന്നതില്‍ ചെലവാകുന്ന തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ നഷ്ടമാണ്. വെള്ളത്തിന്റെ ഉപയോഗം കുറച്ചാല്‍ നിരക്കും കുറയും. വെള്ളക്കരം കൂട്ടിയത് ജനങ്ങളെ സംരക്ഷിക്കാനാണെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ വിലക്കയറ്റത്തില്‍ ബോധംകെട്ടുവീഴുന്നവര്ക്ക് മുഖത്ത് തളിക്കാന്‍ പോലും വെള്ളമെടുക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് പി.സി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഒരു കത്ത് നല്കിയാല് അങ്ങനെ വെള്ളമെടുക്കേണ്ടവര്ക്ക് വെള്ളം കൂടുതല്‍ അനുവദിക്കാമെന്നാണ് മന്ത്രിയുടെ പരിഹാസം.
വെള്ളക്കരം ലിറ്ററിന് ഒരു പൈസ കൂട്ടി വെള്ളിയാഴ്ച വൈകിട്ടാണ് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്. ഇതോടെ ഉപഭോക്താവിന് പ്രതിമാസം 250 രൂപ മുതല്‍ 400 രൂപയുടെ വരെ വര്‍ധനവ് ഉണ്ടാകുമെന്നാണ് സൂചന.






