
ഇന്‍ഡോനേഷ്യയിലെ പാപ്പുവ പ്രവിശ്യയില്‍ വ്യാഴാഴ്ചയുണ്ടായ ഭൂചലനത്തില്‍ നാല് മരണം. മൂന്ന് സെക്കന്റ് മാത്രം നീണ്ട ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി. പ്രവിശ്യാ തലസ്ഥാനമായ ജയപൂരില്‍ നിന്ന് ഒരു കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായും പത്ത് കിലോമീറ്റര്‍ താഴ്ചയിലുമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങളും, വീടുകളും തകര്ന്നിട്ടുളളതായി ദുരന്ത ഏജന്‍സി ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ചലന മുന്നറിയിപ്പുണ്ടെങ്കിലും സുനാമി സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.
ഈ വര്‍ഷം ജനുവരി മുതല്‍ ചെറുതും, വലുതുമായ 1,079 ഭൂചലനങ്ങളാണ് പാപ്പുവയില്‍ രേഖപ്പെടുത്തിയത്. ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ ഭൂകമ്പ, അഗ്നിപര്‍വ്വത സ്ഫോടന സാധ്യതയുളള പ്രദേശങ്ങളിലൊന്നാണ് പസഫിക് റിംഗ് ഒാഫ് ഫയര്‍ മേഖലയില്‍പ്പെടുന്ന ഇന്‍ഡോനേഷ്യ.






