
കോഴിക്കോട് 3 പേർ മുങ്ങി മരിച്ചു. നാദാപുരത്ത് പുളിയാവ് പുഴയിലാണ് അപകടം നടന്നത്. അരീക്കുണ്ട് സ്വദേശികളായ അൻസാറും ഭാര്യയും കുട്ടിയുമാണ് മുങ്ങിമരിച്ചത്. തുണി അലക്കാൻ പോയതായിരുന്നു ഇവർ. ഇതിനിടെ കുട്ടി കയത്തിൽപെട്ടു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അൻസാറും ഭാര്യയും മുങ്ങുകയായിരുന്നു.
ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. അരീക്കുണ്ട് സ്വദേശി അൻസാർ, ഭാര്യ സുഹാദ, സഹോദരൻ്റെ മകൾ ഇസ മറിയം എന്നിവരാണ് മരിച്ചത്. കുട്ടി പുഴയിലേക്കിറങ്ങിയ സമയത്ത് കയത്തിൽപെട്ടു പോകുകയായിരുന്നു. ഇവരുടെ മൃതശരീരം നാദാപുരം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
സമീപത്തുണ്ടായിരുന്ന നാട്ടുകാർ ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും പിന്നീട് വിദഗ്ധ സംഘമെത്തിയാണ് ഇവരെ പുഴയിൽ നിന്നും പുറത്തെടുത്തത്.






