ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് കേസില്‍ തെലുങ്കാനയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എംപിയുടെ മകനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തു. ഓങ്കോളേ മഗുന്ത ശ്രീനിവാസ റെഡ്ഡിയുടെ മകന് രാഘവ് മഗുന്തയെയാണ് ഇ.ഡി. അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഡല്‍ഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട് സാമ്പത്തീക തിരിമറി നടത്തിയ കേസിലെ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് അറസ്റ്റ്. കള്ളപ്പണ നിരോധനനിയമത്തിന് കീഴില്‍ രാഘവ് മഗുന്തയെ വെള്ളിയാഴ്ച കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും ഇന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇയാളെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും. ഈ കേസില്‍ ഇത് ഇ.ഡി. നടത്തുന്ന ഒമ്പതാമത്തെ അറസ്റ്റാണ്. പഞ്ചാബില്‍ നിന്നുള്ള മുന്‍ എംഎല്‍എ ദീപ് മല്‍ഹോത്രയുടെ മകന് ഗൗതം മല്‍ഹോത്രയേയും നേരത്തേ ഇതേകേസില്‍ അറസ്റ്റ് ചെയ്തിരുന്നു.
'സൗത്ത്ഗ്രൂപ്പ്' എന്ന മദ്യക്കച്ചവട കാര്‍ട്ടല്‍ എന്നാണ് ഏജന്‍സി വിളിക്കുന്നത്. മദ്യത്തിന്റെ മൊത്തക്കച്ചവടക്കാരായ ഇവര്‍ ഡല്‍ഹിയിലെ മദ്യനയത്തില്‍ കാര്യമായ ഇടപെടല്‍ നടത്തിയെന്നും ഓങ്കോളേ മഗുന്ത ശ്രീനിവാസ റെഡ്ഡിയും മകനും ഇതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചവരുമാണെന്നുമാണ് ഇ.ഡി. ആരോപിക്കുന്നത്.
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും മറ്റ് എക്സ്സെസ് ഉദ്യോഗസ്ഥരെയും സിബിഐയും ഇഡിയും പ്രതിചേര്‍ത്തിട്ടുണ്ട്.






