
സ്പോര്‍ട്സ് കാറുകളിലെ സുല്‍ത്താനായി അറിയപ്പെടുന്ന ഫോര്‍ഡ് മസ്താംഗ് ജിടി സ്വന്തമാക്കിയിരിക്കുകയാണ് നടന് ടിനി ടോം. ഇന്ത്യയില്‍ ഏകദേശം 75 ലക്ഷം രൂപയോളം എക്സ്ഷോറൂം വിലയുള്ള വാഹനമാണ് ടിനി ടോം സ്വന്തമാക്കിയ ഫോര്‍ഡ് മസ്താംഗ് ജിടി. എന്നാല്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് മോഡലാണ് താരം തന്റെ ഗരാജിലെത്തിച്ചിരിക്കുന്നത്. കേരളത്തിലെ മുന്‍നിര പ്രീമിയം യൂസ്ഡ് കാര്‍ ഡീലര്‍ഷിപ്പായ ഹര്മന് മോട്ടോര്‍സില്‍ നിന്നാണ് ടിനി ടോം സ്വന്തമാക്കിയിരിക്കുന്നത്.
ഇതാണ് എന്റെ പുതിയ വാലന്റൈന്‍ എന്ന് അടിക്കുറിപ്പോടെയാണ് സ്പോര്‍ട്സ് കാര്‍ സ്വന്തമാക്കിയ വിവരം താരം ആരാധകരുമായി പങ്കുവെച്ചത്. കുടുംബ സമേതമെത്തിയാണ് പുതിയ ഫോര്‍ഡ് മസ്താംഗ് ജിടി ടിനി ഏറ്റുവാങ്ങിയത്. എക്സ് പൈപ്പ്, ക്വാഡ് ടിപ്സ് എന്നിവ ഉള്‍പ്പെടെയുള്ള കോര്‍സ പെര്‍ഫോമന്‍സ് എക്സ്ട്രീം എക്സ്ഹോസ്റ്റ് സംവിധാനം, എയ്റെയ്ഡ് കോള്‍ഡ് എയര്‍ ഇന്‍ടേക്ക് സംവിധാനം, ഫോര്‍ഡ് പെര്‍ഫോമന്‍സ് റിയര്‍ സ്പോയ്ലര്, കാര്‍ബണ്‍ റിയര്‍ ഡിഫ്യൂസര്‍ തുടങ്ങിയ ഒട്ടേറെ സവിശേഷതകളും ടിനി ടോം സ്വന്തമാക്കിയ ഫോര്‍ഡ് സ്പോര്‍ട്സ് കാറിലുണ്ട്.
വലിയ Ti-VCT V8 എട്ട് സിലിണ്ടര്‍ 5.0 ലിറ്റര്‍ എഞ്ചിനാണ് ഫോര്‍ഡ് മസ്താംഗിന് തുടിപ്പേകുന്നത്. ഇത് ഏതാണ്ട് 396 bhp കരുത്തില്‍ പരമാവധി 515 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ആറു സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സുമായാണ് എഞ്ചിന് ജോടിയാക്കിയിരിക്കുന്നത്. 7.9 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് മൈലേജ് പറയുന്ന കാറിന് മണിക്കൂറില്‍ 250 കിലോമീറ്റര്‍ വരെ പരമാവധി വേഗത്തില്‍ കുതിക്കാനാവും. അഞ്ച് സെക്കന്‍ഡില്‍ മസ്താംഗ് പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. നോര്‍മല്‍, സ്പോര്‍ട് പ്ലസ്, ട്രാക്ക്, വെറ്റ് എന്നീ വ്യത്യസ്തമായ നാല് ഡ്രൈവിംഗ് മോഡുകളും ഇതിലുണ്ട്.
4784 മില്ലീമീറ്റര്‍ നീളവും 2080 മില്ലീമീറ്റര്‍ വീതിയും 1391 മില്ലീമീറ്റര്‍ ഉയരവും 2720 മില്ലീമീറ്റര്‍ വീല്‍ബേസും 137 മില്ലീമീറ്റര്‍ ഗ്രൌണ്ട് ക്ലിയറന്‍സുമാണ് ഫോര്‍ഡ് മസില് കാറിനുള്ളത്. ഡ്രൈവര്‍, പാസഞ്ചര്‍, 2 കര്ട്ടന്, ഡ്രൈവര്‍ കാല്‍മുട്ട്, പാസഞ്ചര്‍ കാല്‍മുട്ട്, ഡ്രൈവര്‍ സൈഡ്, ഫ്രണ്ട് പാസഞ്ചര്‍ സൈഡ് തുടങ്ങീ എട്ടോളം എയര്‍ബാഗുകളുമായാണ് വാഹനം നിരത്തിലെത്തുന്നത്. 2016 ജൂലൈയിലാണ് ഫോര്‍ഡ് മസ്താങ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. മസ്താംഗിന് പുറമെ മിത്സുബിഷി പജേറോ സ്പോര്‍ട്ട്, ബിഎംഡബ്യു 5 സീരീസ് ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് ടിനി ടോമിന്റെ കാര്‍ ശേഖരത്തിലുള്ളത്.






