ന്യുഡല്‍ഹി: അടുത്ത മാസം നിശ്ചയിച്ചിരുന്ന ഇന്ത്യ സന്ദര്‍ശനത്തില്‍ നിന്ന് പിന്മാറുന്നതായി ഇറാന് വിദേശകാര്യമന്ത്രി ഹുസൈന് അമീര്‍-അബ്ദോല്ലഹിയന്. ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത യുവതികള്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ ചിത്രത്തിനു മുന്നില്‍ നിന്ന മുടിമുറിക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ട വിവാദത്തിലാണ് പിന്മാറ്റം.
അടുത്ത മാസം ഡല്‍ഹിയില്‍ നടക്കുന്ന റെയ്സീന ഡയലോഗിലേക്കാണ് ഇറാനിയന്‍ സര്‍ക്കാരിന്റെ ത്രിനിധിയെ ക്ഷണിച്ചത്. എന്നാല്‍ ഒരു മാസം മുന്‍പ് പുറത്തുവിട്ട ഡയലോഗിന്റെ പ്രമോഷന് വീഡിയോയില്‍ ഇറാനിയന്‍ യുവതികള്‍ മുടിമുറിക്കുന്ന ദൃശ്യവും ഉള്‍പ്പെട്ടിരുന്നു. ഇതിലുള്ള പ്രതിഷേധമാണ് മന്ത്രിയുടെ പിന്മാറ്റത്തിന് പിന്നിലെന്നാണ് സൂചന.
പ്രസിഡന്റിന്റെ ചിത്രത്തിനു മുന്നില്‍ നിന്നുള്ള പ്രതിഷേധ രംഗം പ്രമോഷന് വീഡിയോയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ഇറാനിയന്‍ എംബസി വിദേശ കാര്യമന്ത്രാലയത്തോടും ഒബ്സര്‍വര്‍ റിസേര്‍ച് ഫൗണ്ടേഷനോടും ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് നടപ്പായിരുന്നില്ല.
സെപ്തംബറില്‍ മഹ്സ അമീനി എന്ന ഇറാനിയന്‍ യുവതി പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. 'അനുചിതമായി വസ്ത്രം ധരിച്ചു'വെന്ന് ആരോപിച്ചാണ് ഭരണകൂടം അമീനിയെ അറസ്റ്റു ചെയ്തത്. എന്നാല്‍ അമീനി പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ആയിരുന്നില്ലെന്നും രോഗബാധയെ തുടര്‍ന്ന് മരണമടഞ്ഞതാണെന്നുമാണ് ഇറാന് ഭരണകൂടത്തിന്റെ വാദം.
പ്രക്ഷോഭത്തെ കുറിച്ച് മൗനം പാലിച്ചിരുന്ന ഇന്ത്യയാകട്ടെ, നവംബറില്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി കൊണ്ടുവന്ന പ്രമേയത്തില്‍ നിന്ന് മറ്റു ചില രാജ്യങ്ങള്‍ക്കൊപ്പം വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.






