
കൊച്ചി: നടനും എംപിയുമായ സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കെതിരെ എഴുത്തുകാരന് എന്‍.എസ് മാധവന്. അവിശ്വാസികളുടെ സര്‍വ്വനാശത്തിനായി ശ്രീകോവിലില്‍ ചെന്ന് നിന്ന് പ്രാര്‍ത്ഥിക്കുന്ന സുരേഷ് ഗോപിയെ മുന്‍പ് പിന്തുണച്ചത് തെറ്റായി പോയെന്ന് ഏറ്റു പറഞ്ഞാണ് എന്‍ എസ് മാധവന് രംഗത്തെത്തിയത്. 'എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ എന്ന തലക്കെട്ടോടെ പഴയ ട്വീറ്റ് റീട്വിറ്റ് ചെയ്താണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്.
ലോകത്തുള്ള അവിശ്വാസികളോട് സ്നേഹമില്ലെന്നും അവരുടെ സര്‍വ്വനാശത്തിനായി ശ്രീകോവിലിന്റെ മുന്പില് നിന്ന് പ്രാര്‍ത്ഥിക്കുമെന്നും സുരേഷ് ഗോപി കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. തന്റെ മതത്തേയും മറ്റ് മതത്തേയും സ്നേഹിക്കുന്നുണ്ടെന്നും ഭക്തിയെ നിന്ദിക്കുന്നവരെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ആലുവയില്‍ ശിവരാത്രിയോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് ഈ കാര്യം പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയായിരുന്നു.
2021 ലക്ഷദ്വീപില്‍ വിഷയത്തില്‍ പൃഥ്വിരാജിന് പിന്തുണയുമായെത്തിയ സുരേഷ് ഗോപിയെ അഭിന്ദിച്ചുകൊണ്ടായിരുന്നു എന്‍ എസ് മാധവന്റെ പഴയ ട്വീറ്റ്. ' സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തിന് എതിരാണെങ്കിലും എനിക്ക് അദ്ദേഹത്തെ സംബന്ധിച്ചുള്ളതെല്ലാം ഇഷ്ടമാണ്. അദ്ദേഹത്തിന്റെ മനുഷ്യത്വം എന്നത് തിളക്കമുള്ളതാണ്. ഇപ്പോള്‍ തന്നെ നോക്കൂ, അദ്ദേഹമല്ലാതെ മറ്റൊരു സൂപ്പര്‍ താരവും പൃഥ്വിരാജിന് പിന്തുണയുമായി എത്തിയിട്ടില്ല. അതും സ്വന്തം പാര്‍ട്ടിയായ ബിജെപി തന്നെ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണത്തിന് നേതൃത്വം നല്കുന്ന സാഹചര്യത്തില്‍'. എന്നായിരുന്നു അദ്ദേഹത്തിന്റെ പഴയ ട്വീറ്റ്. ബിജെപിയുടെ വിഷമയമായ അന്തരീക്ഷത്തില്‍ അധികകാലം നില്ക്കാന് അദ്ദേഹത്തിന് കഴിയില്ലെന്നും എന്‍ എസ് മാധവന് വ്യക്തമാക്കി. ഈ ട്വീറ്റ് പങ്കുവച്ചാണ് തനിക്ക് തെറ്റ് സംഭവിച്ചുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്.






