
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ കൈയിട്ടു വാരിയവരുടെ രാഷ്ട്രീയം നോക്കിയിട്ട് കാര്യം ഇല്ലെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റിനെ വിമര്‍ശിക്കണമെന്നും കണ്ണൂരിലെ ബീഡി തൊഴിലാളി ജനാര്ദ്ദനന്. ഈ പണം തട്ടിയവര്‍ യാതൊരു വിധത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ലെന്നും ഇതൊക്കെ ആലോചിക്കുമ്പോള്‍ തന്നെ ചത്താല്‍ മതി എന്ന് തോന്നിപ്പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയം നോക്കിയിട്ടാണോ കൊറോണ വന്നതെന്ന് ചോദിച്ച ജനാര്ദ്ധനന് കൊറോണ വന്ന് വലിയ കോടീശ്വരന്മാര് വരെ മരണപ്പെട്ടിട്ടുണ്ട്. അവര്‍ പോകുമ്പോള്‍ കോടികളും കൊണ്ടാണോ പോയതെന്നും ചോദിച്ചു. മനുഷ്യന്മാര്ക്ക് ഇതെങ്ങനെ കഴിയുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ചത്താ മതി എന്ന് തോന്നിപ്പോകുമെന്നും വ്യക്തമാക്കി. തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ആളാണ് ജനാര്ദ്ദനന്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്കുന്ന സമയത്ത് തന്റെ കാര്യം മാത്രം നോക്കി പൈസയും കൈയ്യില്‍ വെച്ച് തനിക്ക് ഇരിക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ വാക്സിന് ചലഞ്ചിലേക്ക് ജനാര്ദ്ദനന് നല്‍കിയത്. ഓക്സിജന്‍ കിട്ടാതെ ആളുകള്‍ മരിക്കുന്ന സമയത്ത് മരുന്നിന് വിലയിട്ടതറിഞ്ഞായിരുന്നു തുക സംഭാവന നല്‍കിയത്.
ബീഡി തെറുത്ത് കിട്ടിയ തുക കൊണ്ടായിരുന്നു ജനാര്ദ്ദനന് സംഭാവന നല്‍കിയത് വലിയ രീതിയില്‍ ചര്‍ച്ച ആയിരുന്നു. ഇതിന് പിന്നാലെ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തിരുന്നു.






