
2022-ലെ സാഹിത്യ നൊബേല്‍ സമ്മാന ജേതാവ് ആനി എര്‍ണാക്സ് ന്യൂഡല്‍ഹി ലോക പുസ്തകമേളയിലെ അതിഥിയായി ഈ ആഴ്ച ഇന്ത്യയിലെത്തും. ഫ്രാന്‍സില്‍ നിന്നുള്ള എഴുത്തുകാരുടെ സംഘത്തോടൊപ്പമാണ് ആനിയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനം. സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ പതിനേഴാമത്തെ വനിതയാണ് ആനി എര്‍ണാക്സ്. ധൈര്യശാലിയായ എഴുത്തുകാരിയെന്നാണ് ആനിയെ നൊബേല്‍ സമിതി വിശേഷിപ്പിച്ചത്. ആനിയുടെ ആദ്യത്തെ ഇന്ത്യാ സന്ദര്‍ശനമാണിത്.
'ആനി എര്‍ണാക്സ് ഞങ്ങളുടെ ക്ഷണം സ്വീകരിച്ചത് ഞങ്ങള്‍ക്ക് കിട്ടിയ ഒരു ബഹുമതിയായി കണക്കാക്കുന്നു. സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചതിന് ശേഷം വിദേശത്തുള്ള രണ്ട് ക്ഷണങ്ങള്‍ മാത്രമാണ് അവര്‍ സ്വീകരിച്ചത്. ആനി എര്‍ണാക്സിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്,'' ഇന്ത്യയിലെ ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബുക്ക് അറ്റാഷെ ജൂലിയ ട്രൗലൗഡ് പറഞ്ഞു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സാഹിത്യബന്ധങ്ങള്‍ ഇപ്പോള്‍ പണ്ടത്തേക്കാള്‍ ശക്തമാണെന്നും രണ്ട് രാജ്യങ്ങളിലും വിവര്‍ത്തനങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വന്നിട്ടുണ്ടെന്നും ട്രൗലൗഡ് കൂട്ടിച്ചേര്‍ത്തു.
പുസ്തകമേള നടക്കുന്ന പ്രഗതി മൈതാനിയില്‍ ശനിയാഴ്ച ആനി എര്‍ണാക്സ് പ്രഭാഷണം നടത്തും. പിന്നീട്തൊട്ടടുത്ത ദിവസം ശ്രീറാം സെന്ററില്‍ നടക്കുന്ന പരിപാടിയിലും ആനി സംസാരിക്കും. ലോക പുസ്തകമേളയുടെ 31-ാമത് എഡിഷനാണ് ന്യൂഡല്‍ഹിയില്‍ നടക്കുന്നത്. ഫെബ്രുവരി 25 ന് ആരംഭിച്ച മേള മാര്‍ച്ച് അഞ്ച് വരെ നീണ്ടുനില്‍ക്കും.






