
ബെംഗളൂരു: ക്വട്ടേഷന്‍ നല്കി പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകന് ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍. ഒരു കോടി രൂപയോളം ക്വട്ടേഷന്‍ സംഘത്തിന് വാഗ്ദാനം നല്‍കിയാണ് അച്ഛന് നാരായണ സ്വാമിയെ മകന് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മകന് മണികാന്ത, ആദര്‍ശ, ശിവകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. സ്വത്ത് തര്‍ക്കത്തിന്റെ പേരിലാണ് കൊലപാതകം എന്നാണ് പോലീസിന്റെ വെളിപ്പടുത്തല്‍. ഫെബ്രുവരി 13 നാണ് സംഭവം.
ഫ്ളാറ്റിന് പുറത്ത് നിന്നിരുന്ന നാരായണ സ്വാമിയെ ബൈക്കിലെത്തിയ രണ്ട്പേര് വെട്ടികൊലപ്പെടുത്തുകയായിരുന്നു. സംഭവം നടക്കുന്ന സമയം മകനായ മണികാന്ത കൊലപാതകം നോക്കി നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇതിന് ശേഷം ഇയാള്‍ മാറാത്ത ഹള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
മകന്റെ ഭാര്യയായ അര്‍ച്ചനയ്ക്ക് നാരായണ സ്വാമി സ്വന്തം ഫ്ളാറ്റ് എഴുതി നല്‍കാനെടുത്ത തീരുമാനമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അര്‍ച്ചന സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനാലാണ് ഫ്ളാറ്റ് എഴുതികൊടുക്കാന്‍ നാരായണ സ്വാമി തീരുമാനിച്ചത്.
പോലീസിന്റെ വെളിപ്പെടുത്തല്‍ അനുസരിച്ച് മണികാന്തയുടെ രണ്ടാം ഭാര്യയാണ് അര്‍ച്ചന. ആദ്യ ഭാര്യയെ മണികാന്ത തന്നെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഇയാള്‍ ജയിലില്‍ ആയിരുന്നു. തുടര്‍ന്ന് 2020 ലാണ് പുറത്തിറങ്ങുന്നത്. ശേഷം അര്‍ച്ചനയെ വിവാഹം കഴിച്ചു. ദമ്പതികള്‍ക്ക് ഒരു മാസം പ്രായമായ കുട്ടിയുണ്ട്. ഇരുവര്‍ക്കും ഇടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുകയും മണികാന്ത അര്‍ച്ചനയെ ഉപദ്രവിക്കാനും തുടങ്ങിയിരുന്നു. ഇതോടെ ഇയാള്‍ക്കെതിരെ പരാതി നല്‍കുകയും മണികാന്ത ജയിലില്‍ ആകുകയും ചെയ്തു. ഭാര്യയുടെ പേരിലേക്ക് ഫ്ളാറ്റ് എഴുതാന്‍ പോകുന്ന വിവരം അറിഞ്ഞ മണികാന്ത ജയിലില്‍ വച്ച് പരിചയപ്പെട്ട ആദര്‍ശ, ശിവകുമാര്‍ എന്ന രണ്ട് പേര്‍ക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.






