
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ വീഴ്ചയുടെ പശ്ചാത്തലത്തില്‍ പൗരന്മാരുടെ അവകാശങ്ങളുടെ സംരക്ഷകന്‍ എന്ന നിലയ്ക്കാണ് കോടതി സ്വമേധയാ കേസെടുത്തതെന്ന് ഹൈക്കോടതി. മാലിന്യരഹിത അന്തരീക്ഷം മനുഷ്യരുടെ അവകാശമാണെന്നും ഇത് കൊച്ചി അടക്കം പലയിടത്തും മനുഷ്യര്‍ക്ക് നഷ്ടമാകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും കോടതി ശാസിച്ചു.
പൊതുജന താല്‍പ്പര്യത്തിനാണ് പ്രഥമ പരിഗണനയെന്നും അതുകൊണ്ടാണ് കോടതി കാര്യമായി തന്നെ വിജയത്തില്‍ ഇടപെട്ടതും വേണ്ടപ്പെട്ടവരെ വിളിച്ചുവരുത്തിയത് ഈ സാഹചര്യത്തിലാണെന്നും പറഞ്ഞു. കേസില്‍ കോടതിയുടെ നിര്‍ദേശം അനുസരിച്ച് ജില്ലാ കളക്ടര്‍ രേണുരാജ് കോടതിയില്‍ ഹാജരായിരുന്നു.
പൊതുജനങ്ങള്‍ക്ക് എന്തു നിര്‍ദേശമാണ് നല്‍കിയതെന്ന ചോദ്യത്തിന് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ വീട്ടില്‍ തന്നെ ഇരിക്കണമെന്ന് നിര്‍ദേശം നല്‍കിയെന്നായിരുന്നു കളക്ടറുടെ മറുപടി. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ വിദഗ്ദോപദേശം തേടി വേണം തീരുമാനമെടുക്കാനെന്ന് കോടതി പറഞ്ഞപ്പോള്‍ തീപിടുത്തത്തിന് മൂന്ന് ദിവസം മുമ്പ് തന്നെ കോര്പ്പറേഷന് നിര്‍ദേശം നല്‍കിയിരുന്നതാണെന്നാണ് കളക്ടര്‍ നല്കിയ മറുപടി.
രണ്ടു ദിവസം കൊണ്ട് തീയണയ്ക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നോ എന്ന ചോദ്യത്തിന് ഫയര്‍ ഉദ്യോഗസ്ഥര്‍ നല്കിയ വിവരം അസുസരിച്ചാണ് ഇങ്ങിനെ പറഞ്ഞതെന്നും കളക്ടര്‍ പറഞ്ഞു. തുടര്‍ന്ന് വിഷയത്തില്‍ നിന്നും കളക്ടര്‍ക്ക് ഒഴിഞ്ഞു മാറാനാകില്ലെന്ന് പറഞ്ഞ കോടതി വെള്ളിയാഴ്ച വിശദമായ റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ തിരുവനന്തപുരത്ത് യോഗം വിളിച്ചിട്ടുണ്ടെന്ന് അറിയിച്ച സര്‍ക്കാരിനും കിട്ടി രൂക്ഷമായ ശാസന. എന്നാല്‍ ഇപ്പോഴത്തെ പരിഹാരം കൊണ്ട് പ്രശ്നം തീരില്ലെന്നും ഇക്കാര്യത്തില്‍ ശാശ്വത പരിഹാരമാണ് വേണ്ടതെന്നും പറഞ്ഞ കോടതി ഇക്കാര്യത്തില്‍ ഉടന്‍ വേണ്ടതും ദീര്‍ഘകാലത്തേക്ക് ആവശ്യമുള്ളതുമായ പദ്ധതിയാണ് വേണ്ടതെന്നും വ്യക്തമാക്കി.
സംസ്ഥാനത്താകെ മാലിന്യസംസ്കാരണത്തിന് കൃത്യമായ സംവിധാനം വേണം. ഉറവിടത്തില്‍ തന്നെ മാലിന്യം വേര്‍തിരിക്കുന്നതിനുളള സംവിധാനം സര്‍ക്കാര്‍ ശക്തമാക്കണം. മാലിന്യം പൊതു ഇടങ്ങളില്‍ വലിച്ചെറിയുന്നതിനെതിരെയും ശക്തമായ നടപടി വേണമെന്നും സര്‍ക്കാരിനോട് കോടതി വ്യക്തമാക്കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കകയാണ് വണ്ടത്.
യുദ്ധകാലാടിസ്ഥാനത്തിലുളള നടപടികളാണ് ശാസ്ത്രീയ മാലിന്യ നിര്‍മാജനത്തിന് സംസ്ഥാനത്തിന് വേണ്ടതെന്നും സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയാണ് ആവശ്യമായിട്ടുളളതെന്നും കോടതി പറഞ്ഞു. വീട്ടുപടിക്കലെത്തി മാലിന്യങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് അറിയിച്ച തദ്ദേശ സെക്രട്ടറിയോട് ഇത് അതിവേഗം നടപ്പാക്കിയേ പറ്റൂ എന്നും വ്യക്തമാക്കി. ഇക്കാര്യത്തില്‍ പദ്ധതി എങ്ങനെ നടപ്പാക്കാമെന്ന് കൃത്യമായി പറഞ്ഞാല്‍ മതിയെന്നും ഏറെ പേജുകളുളള റിപ്പോര്‍ട്ട് വേണ്ടെന്നും കോടതി വ്യക്തമാക്കി.
നിയമങ്ങള്‍ അതിന്റെ യഥാര്‍ഥ ഉദ്ദേശത്തില്‍ നടപ്പാക്കപ്പെടുക എന്നതാണ് കോടതി ഉദ്ദേശിക്കുന്നതെന്ന് ഡിവിഷന് ബെഞ്ച് അറിയിച്ചു. സോളിഡ് വേസ്റ്റ് മാനേജ്മെന്റ് നിയമങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കാമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് കോടതി പറഞ്ഞു.






