
ലഖ്നൗ:പിതാവിനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച മകന് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലാണ് സംഭവം. തിവാരിപുര് പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന മഥൂര്‍ ഗുപ്ത(62) യെയാണ് മകന് പ്രിന്‍സ് ഗുപ്ത അതിക്രൂരമായി കൊലപ്പെടുത്തിയത്. അച്ഛനുമായുള്ള സാമ്പത്തിക തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സാമ്പത്തിക തര്‍ക്കങ്ങളെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. പിതാവ് പണം നല്‍കാതെ ഇരുന്നതാണ് മകനെ പ്രകോപിപ്പിച്ചത്. ഇതോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടാകുയും മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് അച്ഛനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും ആയിരുന്നു. ശേഷം തല അറുത്തുമാറ്റിയ പ്രതി, മൃതദേഹം വെട്ടിനുറുക്കി ട്രോളി ബാഗിലാക്കി. പിന്നീട് ഈ ട്രോളിബാഗ് ഇരുചക്ര വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി മറ്റൊരിടത്ത് ഉപേക്ഷിക്കുകയായിരുന്നു.
എന്നാല്‍ വീട്ടില്‍ നിന്ന് ഇറങ്ങി പോയ പ്രിന്‍സ് ഗുപ്തയുടെ നീക്കങ്ങളില്‍ സംശയം തോന്നിയ സഹോദരന് വീട്ടില്‍ കയറി പരിശോധന നടത്തിയപ്പോഴാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. വീട്ടില്‍ രക്തക്കറകള്‍ കണ്ടതും വീട്ടിലെ ട്രോളി ബാഗ് കാണാതായതുമെല്ലാം സഹോദരന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. തുടര്‍ന്ന് സഹോദരന് തന്നെയാണ് വിവരം പോലീസില്‍ അറിയിച്ചത്. ഇതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ചോദ്യംചെയ്തതോടെ പ്രിന്‍സ് ഗുപ്ത കുറ്റം സമ്മതിക്കുകയായിരുന്നു.






