
ആളുകള്‍ ഏറ്റവുമധികം ഭയപ്പെടുന്ന ജീവികളിലൊന്നാണ് പാമ്പ്. എന്നാല്‍, രണ്ട് പെരുമ്പാമ്പുകളെ നിഷ്പ്രയാസം കൈകാര്യം ചെയ്യുന്ന ഒരു യൂട്യൂബറിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. അമേരിക്കന്‍ യൂട്യൂബര്‍ ആയ ജെയ് ബ്രൂവറാണ് ഇത്തരത്തില്‍ കെട്ടു പിണഞ്ഞു കിടക്കുന്ന പെരുമ്പാമ്പുകളെ നിഷ്പ്രയാസം കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
ജെയ് ബ്രൂവര്‍ കാലിഫോണിയയിലെ ഫൗണ്ടൈന്‍ വാലിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഉരഗ മൃഗശാലയുടെ ഉടമസ്ഥന് കൂടിയാണ്. ഇഴജന്തുക്കളോട് ഏറെ സ്നേഹമുള്ള ഇദ്ദേഹം ചെറുപ്പം മുതലേയുള്ള തന്റെ ആഗ്രഹ സഫലീകരണമെന്ന തരത്തിലാണ് ഇത്തരത്തിലൊരു മൃഗശാല സ്ഥാപിച്ചത്. ഇവിടെ വിദേശ ഇനത്തില്‍പ്പെട്ട പാമ്പുകളും, ആമകളും, ചീങ്കണ്ണികളുമുള്പ്പടെ നൂറുകണക്കിന് ഉരഗങ്ങളുാണുള്ളത്.
യൂട്യൂബില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ബ്രൂവറിന്റെ വീഡിയോകള്‍ എപ്പോഴും അമ്പരപ്പോടെയാണ് ആളുകള്‍ ഏറ്റെടുക്കാറ്. കാരണം സാധാരണക്കാരന് ചിന്തിക്കാന്‍ സാധിക്കാത്ത വിധത്തില്‍ ജീവികളുമായി അടുത്തിടപഴകി കൊണ്ടുള്ളതാണ് ഇദ്ദേഹത്തിന്റെ എല്ലാത്തരം വീഡിയോകളും. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്ന വീഡിയോയിലും സമാനമായ രീതിയില്‍ ഒരേസമയം രണ്ടു പെരുമ്പാമ്പുകളെയാണ് ഇദ്ദേഹം കൈകാര്യം ചെയ്യുന്നത്.
കറുപ്പും വെളുപ്പും നിറത്തിലുള്ള രണ്ട് പെരുമ്പാമ്പുകള്‍ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നതാണ് വീഡിയോയില്‍. എന്നാല്‍ ഇവയ്ക്ക് സമീപം യാതൊരു ഭയവുമില്ലാതെ അവയുടെ വാലില്‍ പിടിച്ച് കെട്ടഴിച്ചു വിടുന്ന ബ്രൂവറിനെയാണ് വീഡിയോയില്‍ കാണുന്നത്. ബ്രൂവര്‍ പറയുന്നത് ഇത് തന്റെ പാഷനാണെന്നും ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ സന്തോഷമാണ് തോന്നുന്നതെന്നുമാണ്. ഏതായാലും വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം ലക്ഷക്കണക്കിന് ആളുകളാണ് ഇത് കണ്ടത്.






