
നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി ബാലചന്ദ്രകുമാറിന്റെ തുടര്‍ വിസ്താരം തുടങ്ങി. തിരുവനന്തപുരം ജില്ലാ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിസ്താരം നടക്കുന്നത്. ബാലചന്ദ്രകുമാര്‍ വൃക്ക രോഗബാധിതനായി ചികിത്സയിലുള്ള സാഹചര്യത്തിലാണ് വിസ്താരം വീഡിയോ കോണ്‍ഫറന്‍സിലൂടെ ആക്കിയത്. മുടങ്ങിക്കിടന്ന ബാലചന്ദ്രകുമാറിന്റെ വിസ്താരത്തിനാണ് ഇന്ന് തുടക്കമായത്.
പ്രതിഭാഗം അഭിഭാഷകരാണ് പ്രോസിക്യൂഷന് വിസ്താരം പൂര്‍ത്തിയായ സാഹചര്യത്തില്‍ ബാലചന്ദ്രകുമാറിനെ വിസ്തരിക്കുന്നത്. മൂന്നുതവണയായി ആദ്യഘട്ടത്തില്‍ ബാലചന്ദ്രകുമാറിനെ വിസ്തരിച്ചിരുന്നു. എന്നാല്‍ വിചാരണയ്ക്ക് ഇടയിലാണ് വൃക്ക രോഗബാധിതനായി ബാലചന്ദ്രകുമാര്‍ ആശുപത്രിയിലായത്. ഇരു വൃക്കകളും തകരാറിലായതോടെ ഡയാലിസിസിന്റെ സഹായത്തോടെയാണ് ബാലചന്ദ്രകുമാറിന്റെ ജീവന് നിലനിര്‍ത്തുന്നത്.
രോഗം ഗുരുതരമായ സാഹചര്യത്തില്‍ കൊച്ചിയിലെ വിചാരണ കോടതിയിലേക്ക് നേരിട്ട് ഹാജരാകാന്‍ കഴിയില്ലെന്ന് രേഖാമൂലം ബാലചന്ദ്രകുമാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് നേരിട്ട് വിസ്താരം നടത്താനായിരുന്നു കോടതിയുടെ ആദ്യ തീരുമാനം. എന്നാല്‍ നിയമ തടസം ചൂണ്ടിക്കാണിച്ച് ഹൈക്കോടതി ഇത് തടഞ്ഞതോടെയാണ് വീഡിയോ കോണ്‍ഫറന്‍സിലേക്ക് വിസ്താരം മാറ്റിയത്.
ചികിത്സാ രേഖകളുള്‍പ്പെടെ വിശദമായി പരിശോധിച്ചതിനു ശേഷമാണ് തീരുമാനം. നേരത്തെ ദിലീപ് വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള വിസ്താരം തടയണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അത് തള്ളി. വിസ്താരം നാല് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണ് പ്രതിഭാഗത്തിന് കോടതിയുടെ നിര്‍ദേശം. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഉള്‍പ്പെടെയുള്ള ചുരുക്കം ചില സാക്ഷികളെ മാത്രമാണ് ഇനി വിസ്തരിക്കാനായുള്ളത്. എത്രയും പെട്ടെന്ന് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. ഈ സാഹചര്യത്തില്‍ കോടതി സമയം കഴിഞ്ഞും വിസ്താരം തുടരും.






