
ജനപ്രിയനായകനായി മലയാളസിനിമാപ്രേക്ഷകരുടെ മനസ്സില്‍ പണ്ടുമുതലേ ഇടം നേടിയെടുത്ത താരമാണ് ജയറാം. നായകനായി മലയാളത്തില്‍ തിളങ്ങിയ താരം തമിഴില്‍ വില്ലന്‍ വേഷങ്ങളിലും തിളങ്ങിയിട്ടുണ്ട്. രസകരമായ സംഭാഷണങ്ങളിലൂടെയും മിമിക്രിയിലൂടെയുമൊക്കെ സദസ്സിനെ കയ്യിലെടുക്കാന്‍ പ്രത്യേക കഴിവു കൂടിയുണ്ട് താരത്തിന്. പ്രേംനസീറിനെ ഏറ്റവും മനോഹരമായി അനുകരിക്കുന്ന നടന്മാരില് ഒരാള്‍ കൂടിയാണ് ജയറാം. ഇപ്പോഴിതാ, നടി ഷീലയ്ക്ക് ഒപ്പമുള്ള ഒരു വീഡിയോ ആണ് ജയറാം ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു ഫ്ളൈറ്റ് യാത്രയ്ക്കിടയില്‍ പകര്‍ത്തിയതാണ് ഈ വീഡിയോ. ‘‘ഞാന്‍ ഒരുപാട് കാലത്തിനു ശേഷമാണ് എന്റെ മാക്കത്തിനെ കാണുന്നത്, സുഖമാണോ?’’ എന്നാണ് പ്രേംനസീറിന്റെ ശബ്ദത്തില്‍ ജയറാം ഷീലയോട് ചോദിക്കുന്നത്. ‘‘മാക്കത്തിന് സുഖമാണ്...’’ എന്ന് ഷീലാമ്മ മറുപടി പറയുന്നതും പിന്നീട് ജയറാമിന്റെ മിമിക്രി കേട്ട് ചിരിക്കുന്ന ഷീലാമ്മയേയും വീഡിയോയില്‍ കാണാം.
മിമിക്രി വേദികളില്‍ നിന്നും സിനിമയിലേക്ക് എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ വലിയ താരമായി മാറിയിട്ടും മിമിക്രിയെന്ന കലാരൂപത്തെ ജയറാം മറന്നിട്ടില്ല. വേദികളിലും ടിവി പരിപാടികളിലുമൊക്കെ മിമിക്രി അവതരിപ്പിക്കാനുള്ള അവസരങ്ങള്‍ താരം പാഴാക്കാറുമില്ല. പൊന്നിയിന്‍ സെല്‍വന്റെ ഓഡിയോ ലോഞ്ച് വേദിയില്‍ നടന് പ്രഭുവിനെയും മണിരത്നത്തെയും കാര്ത്തിയേയുമൊക്കെ അനുകരിക്കുന്ന ജയറാമിന്റെ വീഡിയോ ഏറെ വൈറലായിരുന്നു. ജയറാമിന് അടുത്തിടെ ഏറെ പ്രശസ്തി നേടിക്കൊടുത്ത ഒരു സിനിമ കൂടിയാണ് ‘പൊന്നിയിന്‍ സെല്വന്’.






