
കൊച്ചി ; കോസ്റ്റ് ഗാര്‍ഡിന്റെ എ എല്‍ എച്ച് ധ്രുവ് മാര്‍ക് 3 ഹെലികോപ്റ്ററാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ടത്. പരിശീലന പറക്കലിനായി ടേക്ക് ഓഫ് ചെയ്യുന്നതിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിന് പിന്നാലെ വിമാനത്താവളത്തിന്റെ റണ്‍വേ അടച്ചു. താല്ക്കാലികമാണ് നീക്കമെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അധികൃതര്‍ നല്കുന്ന വിവരം അനുസരിച്ച് വിമാന സര്‍വീസുകള്‍ രണ്ട് മണിക്കൂര്‍ തടസപ്പെടുമെന്നാണ്. രണ്ടു രാജ്യാന്തര വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു. റണ്‍വേയുടെ പുറത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണതെങ്കിലും റണ്‍വേയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാവാന്‍ ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
ഹെലികോപ്ടറില്‍ അപകട സമയത്ത് മൂന്ന് പേരാണ് ഉണ്ടായിരുന്നത്.ആര്‍ക്കും സാരമായി പരുക്കേറ്റിട്ടില്ല. ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കോസ്റ്റഗാര്‍ഡ് പൈലറ്റായ പൈലറ്റ് സുനില്‍ ലോട്ലയാണ് അപകട സമയത്ത് ഹെലികോപ്ടര്‍ നിയന്ത്രിച്ചിരുന്നത് എന്നാണ് സൂചന. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവരാനുണ്ട്.






