
കോഴിക്കോട്: കോൺഗ്രസിലെ വനിതാ നേതാക്കൾക്കെതിരായി എൽഡിഎഫ് നേതാക്കൾ മോശം പരാമര്‍ശം നടത്തിയപ്പോള്‍ വി ഡി സതീശനും മറ്റുളളവരും സംസാരിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ബിജെപി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തനിക്കെതിരേ കേസെടുക്കാന്‍ സിപിഎമ്മിനേക്കാള്‍ ആവേശം കോണ്‍ഗ്രസിനാണെന്നും സ്ത്രീകള്‍ക്കെതിരേ താന്‍ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്നും പറഞ്ഞു.
സി.പി.എമ്മിലെ വനിതാ നേതാക്കള്‍ തിന്നുകുടിച്ച് പൂതനകളെപ്പോലെ ആയി എന്ന പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് മറുപടിയുമായി സുരേന്ദ്രന് എത്തിയത്. ഏതെങ്കിലും വ്യക്തിയെ അധിക്ഷേപിക്കാൻ ഉദ്ദേശിച്ച് നടത്തിയതല്ല പൂതന പരാമര്‍ശം. അസുര ശക്തിയുടെ പ്രതീകമായി എല്ലാവരും ഉപയോഗിക്കുന്ന ഒരു പരാമർശമാണ്. പ്രസംഗത്തിലെ ഒരു ഭാഗം അടർത്തി എടുത്ത് വിമർശിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
സിപിഐഎമ്മിനെ പ്രകോപിപ്പിച്ചത് കോൺഗ്രസ് ആണ്. ഏതെങ്കിലും സ്ത്രീകൾക്കെതിരെ താൻ മോശം പരാമർശം നടത്തിയിട്ടുണ്ടെങ്കിൽ കോടതി അക്കാര്യത്തില്‍ തീർപ്പ് വരുത്തട്ടെ. താൻ ഇവിടെത്തന്നെയുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
‘‘ഞാൻ ഒരു വ്യക്തിയുടെയും പേര് പറഞ്ഞിട്ടില്ല. അഴിമതിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശമാണ്. വിവാദം ഉദ്ദേശിച്ച് നടത്തിയ പരാമർശമല്ല. അഴിമതിക്കാർ തടിച്ചു കൊഴുക്കുന്നു എന്നത് ഒരാൾ കേരളത്തിൽ ആദ്യമായിട്ടാണോ പ്രസംഗിക്കുന്നത്. കോൺഗ്രസിനും സിപിഐഎമ്മിനും ഒന്നിച്ചു കൂടാനുളള കാരണമാണ് ഇതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വ്യക്തമാക്കി.
പ്രസ്താവനയ്ക്കെതിരേ സി.പി.എം പ്രതികരിച്ചില്ലെന്ന് ഇന്നലെ പത്രസമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് കുറ്റപ്പെടുത്തിയിരുന്നു. വ്യാജ കേസും ഇല്ലാത്ത കേസും എടുക്കുന്ന സി.പി.എം സുരേന്ദ്രനെതിരേ കേസ് എടുക്കാത്തത് എന്തുകൊണ്ടാണ്? സി.പി.എം. മടിച്ചാല്‍ സത്രീവിരുദ്ധ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് കേസ് നല്‍കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.






