
പുറത്തേക്ക് ഇറങ്ങാന്‍ കഴിയാത്ത അത്ര ചൂടാണിപ്പോള്‍. വേനല്‍ കാലത്ത് നമ്മുടെ ശരീരം കൂടുതലായി ജലം ആവശ്യപ്പെടുന്ന സമയമാണ് . ധാരാളം വെള്ളം കുടിയ്ക്കുന്നില്ലെങ്കില്‍ പല തരത്തിലുള്ള അസ്വസ്ഥതകള്‍ ഇപ്പോള്‍ ഉണ്ടാകും. ശരീരത്തിനു ആവശ്യമായ വെള്ളം കിട്ടിയില്ലെങ്കില്‍ നിര്‍ജലീകരണം സംഭവിയ്ക്കുകയും, ദേഹം തളര്‍ന്നുപോകുകയും ചെയ്യുന്ന അവസ്ഥയുണ്ടാകും. മാത്രമല്ല ധാരാളം ചര്‍മ രോഗങ്ങളും ഉണ്ടാകുന്നത് വേനല്‍ കാലത്താണ്. ഇവയ്ക്കെല്ലാം ഒരൊറ്റ പ്രതിവിധി മാത്രമേ ഉള്ളൂ. ധാരാളം വെള്ളം കുടിയ്ക്കുക. ചൂടുകാലത്ത് ഫ്രൂട്സ് കഴിയ്ക്കുന്നത് നല്ലതാണ്. വീട്ടില്‍ തയാറാക്കാന്‍ പറ്റുന്ന ചില സമ്മര്‍ ഡ്രിങ്കുകള്‍ നോക്കാം.
ഓറഞ്ച്
വൈറ്റമിന്‍ സി യുടെ കലവറ എന്നുതന്നെ ഓറഞ്ചിനെ നമുക്ക് പറയാം. വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം പകരുന്നതിനും, ചര്‍മത്തിലെ ചൂട് കുറയ്ക്കുന്നതിനും ഓറഞ്ച് വലിയ രീതിയില്‍ സഹായിയ്ക്കും. ജ്യൂസ് അടിച്ചോ, അല്ലെങ്കില്‍ മുഴുവനായോ ഓറഞ്ച് കഴിയ്ക്കാം. ഒരു കപ്പ് ഓറഞ്ചിന്റെ നീര് എടുക്കുക, അതിലേയ്ക്ക് അല്പം പുതിന ഇലയും, ഒരു പച്ചമുളകും ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുക്കുക. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പച്ചസാരയോ, ഉപ്പോ ചേര്‍ത്തിളക്കി തണുപ്പിച്ച് കുടിയ്ക്കാം. ഉള്ളു തണുപ്പിയ്ക്കാന്‍ ഈ ജ്യൂസ് ധാരാളം.
തണ്ണിമത്തന്
ഏറ്റവും കൂടുതല്‍ വെള്ളം അടങ്ങിയ ഫലമാണ് തണ്ണിമത്തന്. ചര്‍മത്തിന് ആവശ്യമായ വൈറ്റമിന്‍ എ, സി, ബി 1, ബി 5, ബി 6, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും തണ്ണിമത്തനില്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് തണ്ണിമത്തന് കഷ്ണങ്ങളാക്കിയതും, ഒരു കപ്പ് തിളപ്പിച്ചാറിയ പാല്, 1 കപ്പ് സ്ട്രോബറി ഐസ്ക്രീം, മധുരത്തിനാവശ്യമായ പഞ്ചസാരയോ, തേനോ ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുക്കുക. തണ്ണിമത്തന് ഷേക്ക് തയാര്‍.
മസാല മോര്
രണ്ടു കപ്പ് മോരിലേക്ക് ഇഞ്ചി ചതച്ചത്, നാല് പുതിന ഇല, നാല് മല്ലിയില, അര ടീസ്പൂണ്‍ ജീരകം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് അടിച്ചെടുക്കണം. ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച ശേഷം കുടിച്ചു നോക്കൂ.
കരിയ്ക്കിന് വെള്ളവും ചൂടിനെ തണുപ്പിയ്ക്കാന്‍ നല്ലതാണ്.






