
എല്ലാവരും പറയുന്നുണ്ട് തോപ്പില്‍ ജോപ്പന് പുലിമുരുകന്റെ വിജയത്തില്‍ മുങ്ങിപ്പോയെന്ന്. പക്ഷേ അങ്ങനെയല്ല. എന്റെ സിനിമയ്ക്ക് എന്ത് കളക്ഷന്‍ കിട്ടുമെന്ന് ഞാന്‍ പ്രതീക്ഷിച്ചോ അത് കിട്ടിയിട്ടുണ്ട്.
ജോണി ആന്റണിയുടെ ജീവിതം ഒരു വിജയഗാഥയാണ്. സഹസംവിധായകനായി സിനിമാരംഗത്തെത്തിയ അദ്ദേഹം ഇന്ന് മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളാണ്.
സി.ഐ.ഡി മൂസ, കൊച്ചി രാജാവ്, തുറുപ്പുഗുലാന്‍, ഇന്‍സ്പെക്ടര്‍ ഗരുഡ്, സൈക്കിള്‍, ഈ പട്ടണത്തില്ഭൂതം, മാസ്റ്റേഴ്സ്, തോപ്പില്‍ ജോപ്പന് തുടങ്ങി അദ്ദേഹം സംവിധാനം ചെയ്ത സിനിമകള്‍ മലയാളിയെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സി.ഐ.ഡി മൂസ കാണാത്ത മലയാളികളുണ്ടാവില്ല. തുളസിദാസിനൊപ്പം അസിസ്റ്റന്റായി 20 ാം വയസില്‍ സിനിമയിലെത്തിയ ജോണി ആന്റണിയുടെ സിനിമാ ജീവിതത്തിന്റെ കയ്പ്പും മധുരവും പങ്കുവയ്ക്കുകയാണ് അദ്ദേഹമിവിടെ....
ജോക്കുട്ടന് സിനിമാക്കാരനാക്കി
ഞങ്ങളുടെ നാട്ടില്‍ ജോക്കുട്ടന് എന്നൊരു സിനിമാക്കാരനുണ്ടായിരുന്നു. വര്ണ്ണപ്പകിട്ടിന്റെ നിര്‍മ്മാതാവ്. ഞാനൊരു സംവിധായകനാകുമെന്ന് ആദ്യം പറയുന്നത് ജോക്കുട്ടനാണ്. സിനിമയെന്ന മോഹം എന്റെയുള്ളില്‍ ആദ്യം നിറയ്ക്കുന്നതും അദ്ദേഹംതന്നെ. ഞാന്‍ കോട്ടയം മാമൂട് സ്വദേശിയാണ്.
കുട്ടിക്കാലം മുതലേ കറുകച്ചാലിലേയും ചങ്ങനാശേരിയിലേയുമൊക്കെ തിയറ്ററില്‍ പോയി സിനിമ കാണുന്നത് എന്റെ ഹോബിയായിരുന്നു. ചങ്ങനാശേരി എന്‍.എസ്. എസ് കോളജിലായിരുന്നു പഠിച്ചത്. സിനിമ കണ്ടിട്ട് വന്ന് ജോക്കുട്ടനോട് അഭിപ്രായം പറയുന്നത് എന്റെ പതിവായി.
സിനിമയോടുള്ള ആഭിമുഖ്യം അങ്ങനാണദ്ദേഹം മനസിലാക്കുന്നത്. പുള്ളിക്കാരന് ഒരു സഹസംവിധായകനാവാന്‍ ആഗ്രഹിച്ചയാളാണ്.
അക്കാലത്ത് ജോര്‍ജ് സാറിന്റെയും ശശികുമാര്‍ സാറിന്റെയും കൂടെ ഓരോ സിനിമകളില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ജോക്കുട്ടന് മദ്രാസില്‍ നല്ല ബേസുണ്ടായിരുന്നു. അദ്ദേഹമെന്നെ മദ്രാസില്‍ കൊണ്ടുപോയി.
തുളസിദാസ് സാറിന്റെ അസോസിയേറ്റായി ചേര്‍ത്തു. എന്റെ ആഗ്രഹവും പ്രാര്‍ഥനയും പിന്നെ അദ്ദേഹം തന്ന പ്രചോദനവുമാണ് എന്നെ ഇവിടെ കൊണ്ടെത്തിച്ചത്.
മദ്രാസ് ജീവിതം
പ്രീഡിഗ്രി കഴിഞ്ഞ് 18ാം വയസില്‍ എന്റെയൊരു സുഹൃത്തിന്റെ ബസില്‍ ചെക്കറും കണ്ടക്ടറുമായി ഒരു വര്‍ഷം ജോലിക്ക് പോയി. 19ാം വയസിലാണ് ചെന്നൈയ്ക്കുപോയത്. രണ്ട് വര്‍ഷം ചെന്നൈയില്‍ വളരെയധികം കഷ്ടപ്പെട്ടു. കുറച്ചുകാലം എഡിറ്റിംഗ് അസിസ്റ്റന്റായി.
അക്കാലത്ത് കെ.ജി ദേവസ്യ സാര്‍ സുരേഷ്ഗോപിയേയും ഉര്‍വ്വശിയേയും ഒക്കെ വച്ച് സിംഹധ്വനി എന്നൊരു ചിത്രം ചെയ്തു. 10 ദിവസം അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്തു. ആദ്യമായി ഷൂട്ടിംഗ് കാണുന്നതങ്ങനെയാണ്. അതുകഴിഞ്ഞാണ് ജോക്കുട്ടന് തുളസി സാറിന് എന്നെ പരിചയപ്പെടുത്തുന്നത്.
92 ല്‍ ചാഞ്ചാട്ടം എന്ന സിനിമയില്‍ തുടങ്ങി 16 ചിത്രങ്ങളോളം അദ്ദേഹത്തിനൊപ്പം ചെയ്തു. പിന്നീട് പത്തോളം സംവിധായകരുടെ അസോസിയേറ്റായി. താഹ, ശശിശങ്കര്‍, നിസാറിക്ക, കണ്ണൂര്‍ ഹരിദാസ് അങ്ങനെ പലരോടൊപ്പം. ജോക്കുട്ടനില്ലായിരുന്നെങ്കില് എനിക്ക് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നേനെ.
കൈയെത്തിപ്പിടിച്ച വിജയം
മദ്രാസിന് വണ്ടികയറിയത് സിനിമക്കാരനായി തിരിച്ചുവരണമെന്ന വാശിയോടുകൂടിത്തന്നെയാണ്. വലിയ സമ്പന്നനൊന്നും അല്ലായിരുന്നെങ്കിലും വീട്ടുകാര്‍ നന്നായിത്തന്നെയാണ് എന്നെ നോക്കിയത്. അതുകൊണ്ടുതന്നെ മദ്രാസിലെ എന്റെ ജീവിതം അവരെ വളരെ വേദനിപ്പിച്ചു.
അവര്‍ക്ക് ഞാന്‍ തിരഞ്ഞെടുത്ത ഫീല്‍ഡും ഇഷ്ടമില്ലായിരുന്നു. എവിടെങ്കിലും ഒരു നല്ല ജോലി സമ്പാദിച്ച് അന്തസോടെ ജീവിച്ചുകാണണം എന്നേ അപ്പച്ചനും അമ്മച്ചിയും ആഗ്രഹിച്ചുള്ളൂ. ചെന്നൈയില്‍ പട്ടിണി കിടന്നിട്ടുണ്ട്. വെള്ളം മാത്രം കുടിച്ച് കഴിയേണ്ടിവന്ന ദിവസങ്ങളും കുറവല്ല.
ഡയേറിയ പോലുള്ള പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് കിടന്നിട്ടുണ്ട്. പലയിടത്തും ചാന്‍സ് ചോദിച്ചു നടന്നു. അവഗണനയായിരുന്നു ഫലം. അപ്പോഴും ഞാന്‍ വിചാരിച്ചത് ഇങ്ങനെയാണ്.
ഒരു ലക്ഷ്യവുമായി ഇറങ്ങിത്തിരിച്ചു, ഇനിയൊരു മണ്ടനായി നാട്ടിലേക്ക് തിരികെപ്പോകില്ല. ഒരുപാട് സഹനശക്തിയുള്ള ആളൊന്നുമല്ല ഞാന്‍. സിനിമയാണ് എന്നെ സഹിക്കാന്‍ പഠിപ്പിച്ചത്.
ദിലീപ് തന്ന ധൈര്യം
ദിലീപുമായി എനിക്ക് 10 വര്‍ഷത്തെ ബന്ധമുണ്ട്. ഞാന്‍ തുളസിസാറിനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായിരുന്ന സമയത്ത് ദിലീപ് കമല്‍സാറിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ചെന്നൈയിലെ ഉമ ലോഡ്ജില്‍ വച്ചാണ് ഞങ്ങള്‍ ആദ്യം കാണുന്നത്.
ദിലീപിന്റെ ആഗ്രഹം അന്നും അഭിനയമായിരുന്നെന്ന് തോന്നുന്നു. അതുപോലെ പില്ക്കാലത്ത് ദിലീപ് നടനായി. അപ്പോഴും ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായിത്തന്നെ തുടര്‍ന്നു. ഉദയപുരം സുല്‍ത്താനില്‍ അഭിനയിക്കുന്ന സമയത്ത് ദിലീപ് എന്നോട് ചോദിച്ചു.
നിനക്ക് സ്വന്തമായി ഒരു സിനിമ ചെയ്തുകൂടെ?? അപ്പോള്‍ ഞാന്‍ ചോദിച്ചു ദിലീപ് എനിക്ക് ഡേറ്റ് തരുമോ?? നീ കഥ പ്ലാന്‍ ചെയ്യ്് ദിലീപ്് പറഞ്ഞു. അങ്ങനെയാണ് സി.ഐ.ഡി മൂസ ചെയ്യാന്‍ തീരുമാനിച്ചത്. ദിലീപ് തന്നെയാണ് അത് നിര്‍മ്മിക്കുന്നത്.
ആ ചിത്രത്തിലൂടെയാണ് ഞാന്‍ സ്വതന്ത്ര സംവിധായകനായത്. താഹച്ചേട്ടന്റെ പറക്കുംതളികയില്‍ വര്‍ക്ക് ചെയ്തതാണ് ആ സിനിമയ്ക്ക് പ്രചോദനമായത്. കോമഡി വളരെ നന്നായി ചിത്രീകരിക്കാന്‍ കഴിവുള്ള ആളായിരുന്നു അദ്ദേഹം.
വിജയം കാണാന്‍ ആഗ്രഹിച്ചവര്‍...
റാഫി മെക്കാര്‍ട്ടിനിലെ റാഫിയും, സിദ്ദിക്കും സി.ഐ.ഡി മൂസയുടെ വണ്‍ലൈന്‍ കഥ കേട്ടിട്ട് എന്നോട് ചോദിച്ചു, എന്ത് ധൈര്യത്തിലാണ് നീ ഈ കഥ ചെയ്യുന്നത്. ഇത് ഭയങ്കര റിസ്കാണല്ലോ..
അന്ന് ഞാന്‍ പറഞ്ഞു. ഇന്ന് ഞാന്‍ ഭീരുത്വം കാണിച്ചാല്‍ പിന്നെ ജീവിതത്തില്‍ ഇന്‍ഡിപ്പെന്‍ഡന്റ് ആവില്ല. എന്തും സഹിക്കാന്‍ തയാറാണെന്ന്. ഞാനൊരു സംവിധായകനായി കാണണമെന്ന് ആഗ്രഹിച്ച ടെക്നീഷ്യന്‍സും നടന്മാരുമാണ് ആ ടീമില്‍ എന്നോടൊപ്പം ഉണ്ടായിരുന്നത്.
ക്യാമറാമാന് സാലുവേട്ടന്, ഹനീഫിക്ക, അശോകേട്ടന്, സലിംകുമാര്‍, അമ്പിളിച്ചേട്ടന്, ഒടുവില്‍ ഉണ്ണികൃഷ്ണന് ചേട്ടന്, ഇങ്ങനെ പലരും. അവരുടെ വീട്ടിലെ അംഗത്തെപ്പോലെയാണ് ഓരോരുത്തരും എന്നെ സ്നേഹിച്ചത്.
ഉദയന്‍, സിബി.കെ.തോമസ്, ബെന്നി.പി നായരമ്പലം, സിന്ധുരാജ്, വിനു ഏബ്രഹാം ഇവരെല്ലാം എന്നെ സ്നേഹിക്കുകയും എന്റെ വിജയം ആഗ്രഹിക്കുകയും ചെയ്തവരാണ്.
വിവാഹശേഷം വന്ന ഭാഗ്യം
അപ്പന് മരിച്ചുകഴിഞ്ഞ് ഞാനും അമ്മച്ചിയും ഒറ്റയ്ക്കായി. അമ്മച്ചിക്ക് പ്രായമായി വരുന്നതുകൊണ്ട് ഞാന്‍ ഒരു കല്യാണം കഴിച്ചുകാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. സ്വന്തമായി ഒരു വീടും സ്ഥലവും ഉണ്ട്. പിന്നെ സിനിമാ പ്രവര്‍ത്തനവും.
പക്ഷേ സിനിമാപ്രവര്ത്തനത്തെക്കുറിച്ച് ആര്‍ക്കും അറിയില്ല. അതുകൊണ്ടുതന്നെ ആരും പെണ്ണ് തരാതായി. 18 പെണ്‍കുട്ടികളെ കണ്ടു. ആര്‍ക്കും എന്റെ ജോലിയോടു താല്പര്യമില്ല. പിന്നെ അമ്മച്ചിയാണ് ഷൈനിയെ കണ്ടുപിടിച്ചത്. അസോസിയേറ്റ് ഡയറക്ടറായിരിക്കുമ്പോഴാണ് കല്യാണം നടന്നത്.
കല്യാണത്തിന് സുരേഷ് ഗോപി, ദിവ്യാ ഉണ്ണി, ഹനീഫിക്ക, അശോകേട്ടന്, സ്ഫടികം ജോര്‍ജ്, എന്‍.എഫ്. വര്‍ഗ്ഗീസ് അങ്ങനെ പലരും വന്നു. അപ്പോഴാണ് നാട്ടുകാര്‍ക്കു മനസിലായത് ഞാന്‍ സിനിമക്കാരനാണ്.
വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ സംവിധായകനുമായി. ഞങ്ങള്‍ക്ക് രണ്ട് പെണ്മക്കളാണ്. ഋതുവീനയും അന്നയും. ഋതുവിന എട്ടാം ക്ലാസിലും അന്ന അഞ്ചിലുമാണ്.