
തിരുവനന്തപുരം: പുളിമരത്തില്‍ കയറിയ കൂറ്റന്‍ രാജവെമ്പാലയെ കയ്യോടെ പിടികൂടി വനപാലകര്‍. പാലോട് ഇടിഞ്ഞാറില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. മാടന് കരിക്കലം നാല് സെന്റ് കോളനിയില്‍ രതീഷിന്റെ പുരയിടത്തിന്റെ സമീപത്തെ പുളിമരത്തില്‍ നിന്നാണ് ഫോറസ്റ്റ് ആര്.ആര്.ടീം രാജവെമ്പാലയെ പിടികൂടിയത്.
ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. ആള് താമസില്ലാത്ത വീട്ടു മുറ്റത്ത് നില്‍ക്കുമ്പോഴാണ് വീട്ടിനോട് ചേര്‍ന്ന് കിടക്കുന്ന പുളിമരത്തില്‍ രതീഷ് രാജവെമ്പാലയെ കാണുന്നത്. തുടര്‍ന്ന് പാലോട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസില്‍ നിര്‍ദ്ദേശപ്രകാരം ആര്.ആര്.ടീം സ്ഥലത്ത് എത്തിയപ്പോഴേക്കും മരത്തില്‍ നിന്ന് രാജവെമ്പാല താഴത്തെത്തിയിരുന്നു. തുടര്‍ന്ന് അതിസാഹസികമായി പിടികൂടി ചാക്കിലാക്കുകയായിരുന്നു.
പിടികൂടിയ രാജവെമ്പാലയ്ക്ക് പതിനാല് കിലോ തൂക്കവും പതിനട്ടടിയോളം നീളവും പത്ത് വയസ് പ്രായവും വരുമെന്നാണ് വനപാലകരുടെ നിഗമനം.






