
ചെടികള്‍ പരസ്പരം സംസാരിക്കുമെന്ന് പുതിയ പഠനത്തില്‍ കണ്ടെത്തല്‍. നമുക്ക് കേള്‍ക്കാനായില്ലെങ്കിലും അവയ്ക്ക് നന്നായി സംസാരിക്കാനാകുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇസ്രായേലിലെ ടെല്‍ അവീവ് സര്‍വകലാശാലയിലെ ഗവേഷകര്‍ കുറച്ചുനാളുകള്‍ക്ക് മുന്‍പാണ് ക്ലിക്കുപോലെയുള്ള സസ്യങ്ങള്‍ പുറപ്പെടുവിക്കുന്ന ശബ്ദങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തുകയും വിശകലനം ചെയ്യുകയും ചെയ്തത്.
പോപ്കോണ്‍ പൊട്ടുന്നതിനോട് സാമ്യമുള്ളതാണ് ഈ ശബ്ദങ്ങള്‍. മനുഷ്യന്റെ സംസാരത്തിന് സമാനമായ ശബ്ദത്തില്‍ എന്നാല്‍ ഉയര്‍ന്ന ആവൃത്തിയില്‍, മനുഷ്യന്റെ ചെവിയുടെ ശ്രവണ പരിധിക്കപ്പുറമാണ് ഇവ പുറപ്പെടുവിക്കുന്നത്. വായുവിലൂടെ സ്ട്രെസ്ഡ് സസ്യങ്ങള്‍ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നുവെന്ന് ജേണല്‍ സെല്ലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഈ ശബ്ദങ്ങള്‍ തരംതിരിക്കാനും ദൂരെ നിന്ന് റെക്കോര്‍ഡ് ചെയ്യാനും കഴിയും.
ഗവേഷകര്‍ തക്കാളി, പുകയില ചെടികള്‍ എന്നിവ പുറപ്പെടുവിക്കുന്ന അള്‍ട്രാസോണിക് ശബ്ദങ്ങള്‍ ഒരു അക്കോസ്റ്റിക് ചേമ്പറിനുള്ളില്‍ റെക്കോര്‍ഡുചെയ്തിരുന്നു. ഇങ്ങനെയാണ് ചെടിയുടെ ഫിസിയോളജിക്കല്‍ പാരാമീറ്ററുകള്‍ അവര്‍ നിരീക്ഷിക്കുന്നത്.
ചോളം, ഗോതമ്പ്, കള്ളിച്ചെടി എന്നിവയിലും ശബ്ദം രേഖപ്പെടുത്തിയിട്ടുണ്ട്. റെക്കോര്‍ഡിംഗ് ആരംഭിക്കുന്നതിന് മുമ്പ് സസ്യങ്ങള്‍ വ്യത്യസ്ത വ്യവസ്ഥകള്‍ക്ക് വിധേയമായിരുന്നു. തുടര്‍ച്ചയായി അഞ്ച് ദിവസം ചില ചെടികള്‍ക്ക് വെള്ളം നല്‍കിയിരുന്നില്ല.
മണിക്കൂറില്‍ ശരാശരി ഒന്നില്‍ താഴെ ശബ്ദമാണ് സമ്മര്‍ദ്ദമില്ലാത്ത സസ്യങ്ങള്‍ പുറപ്പെടുവിക്കുന്നത് എന്നാല്‍ സമ്മര്‍ദ്ദം ചെലുത്തിയ സസ്യങ്ങള്‍ , അതായത് പരിക്കേറ്റതും, നിര്‍ജ്ജലീകരണം സംഭവിച്ചതുമായവ ഓരോ മണിക്കൂറിലും ഡസന്‍ കണക്കിന് ശബ്ദങ്ങളാണ് പുറപ്പെടുവിക്കുന്നതെന്നാണ് ജോര്‍ജ്ജ് എസ് വൈസ് ഫാക്കല്‍റ്റി ഓഫ് ലൈഫ് സയന്‍സസിലെ സ്കൂള്‍ ഓഫ് പ്ലാന്റ് സയന്‍സസ് ആന്‍ഡ് ഫുഡ് സെക്യൂരിറ്റിയില്‍ നിന്നുള്ള പ്രൊഫ. ലിലാച്ച് ഹദാനി പറയുന്നത്.






