
ചെടികള്‍ക്ക് ജീവനുണ്ടെന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്. എന്നാല്‍ അവയ്ക്ക് സംസാരിയ്ക്കാനും സാധിയ്ക്കുമെന്ന് കണ്ടെത്തിയിരിയ്ക്കുകയാണ് ഇസ്രയേലിലെ ടെല്‍ അവീവ് യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് പ്ലാന്റ് സയന്‍സസ് ആന്‍ഡ് ഫുഡ് സെക്യൂരിറ്റിയിലെ ഗവേഷകര്‍. സസ്യങ്ങള്‍ ഒരു പ്രത്യേക തരം ശബ്ദം പുറപ്പെടുവിക്കുന്നുണ്ടെന്നും ഇത് മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ സാധിയ്ക്കില്ലെന്നുമാണ് ഗവേഷകര്‍ കണ്ടെത്തിയിരിയ്ക്കുന്നത്.
പോപ്പ്കോണ്‍ പൊട്ടുന്നതിന് സമാനമാണ് ചെടികളുടെ ശബ്ദമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. തക്കാളി, ടുബാക്കോ പ്ലാന്റ്, ഗോതമ്പ്, കോണ്‍, കള്ളിമുള്‍ച്ചെടി തുടങ്ങിയ ചെടികളാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. ചില ചെടികള്‍ക്ക് അഞ്ച് ദിവസമായി വെള്ളമൊഴിക്കാതെയും ചിലതിന്റെ തണ്ടുകള്‍ മുറിച്ച് കളയുകയും ചെയ്തുമാണ് ഗവേഷണം നടത്തിയത്. ചിലത് അതേപടി നിലനിര്‍ത്തി. ഈ ചെടികളെ യാതൊരു ശബ്ദവുമില്ലാത്ത പ്രതലത്തില്‍ വെച്ചു.
തുടര്‍ന്ന് 20-250 കിലോഹെര്‍ട്സ് ഫ്രീക്വന്‍സിയില്‍ ഉണ്ടാകുന്ന ശബ്ദങ്ങള്‍ റെക്കോര്‍ഡുചെയ്യുന്ന അള്‍ട്രാസോണിക് മൈക്രോഫോണുകള്‍ ഉപയോഗിച്ച് പരീക്ഷണം നടത്തി. പരീക്ഷണത്തിന് വിധേയമാക്കിയ ചെടികള്‍ 40 മുതല്‍ 80 കിലോഹെര്‍ട്സ് വരെ ഫ്രീക്വന്‍സിയില്‍ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നതായി റെക്കോര്‍ഡിംഗില്‍ നിന്ന് വ്യക്തമായി. സമ്മര്‍ദ്ദമില്ലാത്ത ചെടികള്‍ മണിക്കൂറില്‍ ഒരു തവണ ശബ്ദമുണ്ടാക്കിയപ്പോള്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ സംഭവിച്ച ചെടികള്‍ ഓരോ മണിക്കൂറിലും 12ല്‍ അധികം ശബ്ദങ്ങള്‍ പുറപ്പെടുവിച്ചതായും കണ്ടെത്തി.
''സസ്യങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന വൈബ്രോമീറ്ററുകള്‍ വൈബ്രേഷനുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതായി മുന്‍ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ പ്രകമ്പനങ്ങള്‍ക്ക് ശബ്ദ തരംഗങ്ങളായി മാറാന്‍ സാധിക്കുമോ എന്ന വര്‍ഷങ്ങളായുള്ള ചോദ്യത്തിനാണ് ഞങ്ങളുടെ പഠനം ഉത്തരം നല്‍കുന്നത്'' -ഗവേഷണത്തിന് നേതൃത്വം കൊടുത്ത പ്രൊഫ. ലിലാച്ച് ഹദാനി പറഞ്ഞു.
''സസ്യങ്ങള്‍ പുറപ്പെടുവിക്കുന്ന ശബ്ദങ്ങള്‍ വവ്വാലുകള്‍, എലികള്‍, പ്രാണികള്‍, തുടങ്ങിയ ജീവികള്‍ക്കു മാത്രമേ കേള്‍ക്കാനാകൂ എന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. എന്നാല്‍ അങ്ങനെയല്ല, മറ്റ് സസ്യങ്ങള്‍ക്കും അവ കേള്‍ക്കാന്‍ സാധിക്കും എന്നാണ് ഞങ്ങള്‍ കരുതുന്നത്. സെന്‍സറുകള്‍ പോലെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചാല്‍ മനുഷ്യര്‍ക്കും ഈ ശബ്ദങ്ങള്‍ കേള്‍ക്കാനാകുമെന്നാണ് പ്രതീക്ഷ. സസ്യങ്ങള്‍ പരസ്പരം സംസാരിക്കുമോ എന്നറിയാന്‍ എനിക്കും വലിയ ആവേശവും കൗതുകവും ഉണ്ട്. ഇത് ഇപ്പോഴും ഒരു ചോദ്യമാണ്. ഞങ്ങള്‍ അതേക്കുറിച്ചുള്ള പരീക്ഷണങ്ങള്‍ നടത്തി വരികയാണ് '' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






