
കൊടുത്തത് പോരാ എന്ന രീതിയില്‍ താന്‍ നല്കിയ പണം യാചകന് വലിച്ചെറിയുകയും പിന്നാലെ വന്ന അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി ബോളിവുഡ് താരം പ്രീതി സിന്റ. വിദേശത്ത് സെറ്റില്‍ ചെയ്തിരിക്കുന്ന താരം കഴിഞ്ഞയാഴ്ച ഇന്ത്യയില്‍ എത്തിയപ്പോള്‍ നടന്ന സംഭവത്തിന്റെ വീഡിയോയും കുറിപ്പും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യയില്‍ കഴിഞ്ഞയാഴ്ച താന്‍ നേരിട്ട രണ്ടു സംഭവം എന്ന രീതിയിലാണ് താരം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മുംബൈ വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ഫ്ളൈറ്റിന്റെ സമയം ആയതിനാല്‍ വേഗം പോകണമായിരുന്നു. കാറില്‍ കയറാന്‍ ഒരുങ്ങുമ്പോള്‍ ചക്രകസേരയില്‍ നടക്കുന്ന ഭിന്നശേഷിയുള്ള ഒരു യാചകന് തന്നെ സമീപിക്കുകയും പണം ചോദിക്കുകയും ചെയ്തു. മുമ്പും അയാള്‍ എന്നെ കാണുമ്പോഴെല്ലാം പണം ചോദിക്കുകയും ഞാന്‍ കൊടുക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഇത്തവണ ചോദിച്ചപ്പോള്‍ കയ്യില്‍ പണമില്ലായിരുന്നു.
കയ്യില്‍ പണമില്ലെന്നും ക്രെഡിറ്റ് കാര്‍ഡ് മാത്രമേയുള്ളെന്നും പറഞ്ഞിട്ടും അയാള്‍ വിട്ടില്ല. ഇതോടെ കൂടെയുള്ള സ്ത്രീ അവരുടെ പഴ്സില്‍ നിന്നും യാചകന് കയ്യിലുണ്ടായിരുന്ന പണം നല്‍കുകയും ചെയ്തു. എന്നാല്‍ അത് കുറവാണെന്ന് പറഞ്ഞ് അയാള്‍ ആ നോട്ടുകള്‍ ഞങ്ങള്‍ക്ക് നേരെ വലിച്ചെറിഞ്ഞു. അതിന് ശേഷം ഇതിനിടയില്‍ നീങ്ങിത്തുടങ്ങി പ്രധാനറോഡിലേക്ക് കയറിയ കാറിന് പിന്നാലെ വരികയും ചെയ്തു.
അനേകം ഫോട്ടോഗ്രാഫര്‍മാര്‍ അവിടെയുണ്ടായിരുന്നു. എല്ലാവര്ക്കും അതൊരു തമാശയായിരുന്നു. തന്നെ സഹായിക്കാന്‍ വരുന്നതിന് പകരം എല്ലാവരും പൊട്ടിച്ചിരിക്കുകയും രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയുമായിരുന്നു. പിന്നാലെ വന്ന ഭിന്നശേഷിക്കാരനെ എങ്ങാനും കാര്‍ തട്ടുകയോ എന്തെങ്കിലും സംഭവിക്കുകയോ ചെയ്തിരുന്നെങ്കില്‍ എല്ലാവരും തന്നെയും ബോളിവുഡിനെയും കുറ്റപ്പെടുത്താന്‍ വരികയേയുള്ളൂ. താന്‍ സെലിബ്രിട്ടി കൂടി ആയതിനാല്‍ ആ സ്റ്റാറ്റസ് ചോദ്യം ചെയ്യപ്പെടുമായിരുന്നു. തങ്ങളെ പിന്തുടരുതെന്നും ഉപദ്രവിക്കരുതെന്നും ആരും പറഞ്ഞില്ല.
താരം പങ്കുവെച്ച ആദ്യത്തെ സംഭവം താരത്തിന്റെ മകളെ അജ്ഞാതയായ ഒരു യുവതി എടുത്ത് ചുംബിച്ചതായിരുന്നു. മകള്‍ ജിയയുടെ ഫോട്ടോ എടുക്കാന്‍ ഒരു സ്ത്രീ ശ്രമിച്ചു. പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ അവര്‍ പെട്ടെന്ന് മകളെ വാരിയെടുത്ത് കവിളില്‍ ഉമ്മവെച്ചു. 'എന്തൊരു ക്യൂട്ട് ബേബി' എന്ന് പറഞ്ഞ് ഓടിപ്പോയി. ഞാന്‍ ഒരു സെലിബ്രിറ്റി അല്ലായിരുന്നെങ്കില്‍ അവരോട് ഇങ്ങനെയാവില്ല പെരുമാറുക എന്നും താരം പറഞ്ഞു.
സെലിബ്രിട്ടി എന്ന നിലയില്‍ ഞങ്ങളുടെ ഫോട്ടോയ്ക്കും വീഡിയോക്കും ബൈറ്റിനും വേണ്ടി പിന്നാലെ വരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഞങ്ങളോടും മനുഷ്യത്വം കാട്ടേണ്ടതുണ്ട്. എപ്പോഴും ഇത്തരം കാര്യങ്ങള്‍ ചിരിക്കാനുള്ള തമാശ മാത്രമായിരിക്കില്ല. തങ്ങളും മനുഷ്യരാണെന്നും സ്ത്രീയാണെന്നും അമ്മയാണെന്നും കൂടി ആള്ക്കാര് മനസ്സിലാക്കണം. എല്ലാവരേയും പോലെ സ്വാതന്ത്ര്യത്തോടെ ഈ രാജ്യത്ത് ജീവിക്കാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്നും താരം പറഞ്ഞു. തന്റെ കുട്ടികള്‍ സെലിബ്രിറ്റികളല്ല. അവര്‍ ചെറിയ കുട്ടികളാണ്. അവര്‍ ഒരു കരാറിന്റെയോ പാക്കേജിന്റെയോ ഭാഗമല്ലെന്നും അവരെ വെറുതേ വിടണമെന്നും താരം പറഞ്ഞു.






