
ആഘോഷങ്ങള്‍ കൊഴുപ്പിയ്ക്കാന്‍ പല സ്ഥലത്തും പ്രധാനമാണ് മദ്യം. എന്നാല്‍ ഉത്സവങ്ങളിലും വിവാഹ ആഘോഷങ്ങളിലും ബിയര്‍ വിളമ്പുന്നത് നിരോധിച്ച് ഹിമാചല്‍ പ്രദേശിലെ സ്പിതി ജില്ലയിലെ കീലോംഗ് പഞ്ചായത്ത്. അനാവശ്യ ചെലവ് തടയുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനമെന്ന് പഞ്ചായത്ത് മേധാവി അറിയിച്ചു. നിരോധനത്തെ സംബന്ധിച്ച് പഞ്ചായത്ത് പ്രമേയം പാസാക്കി.
ഞായറാഴ്ച ചേര്‍ന്ന ഗ്രാമസഭാ യോഗത്തില്‍ ഉത്സവങ്ങളിലും വിവാഹ ആഘോഷങ്ങളിലും ബിയര്‍ വിളമ്പുന്നത് നിര്‍ത്താന്‍ ഐക്യകണേ്ഠന തീരുമാനമെടുത്തതായി പഞ്ചായത്ത് മേധാവി സോനം സാങ്പോ അറിയിച്ചു. വിവാഹങ്ങളിലും മറ്റ് ആഘോഷങ്ങളിലും 'പാശ്ചാത്യ സംസ്കാരം' അനുകരിയ്ക്കുന്നത് തടയുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനു മുന്‍പ് കിന്നൗര്‍ ജില്ലയിലെ ഹാംഗ്രാംഗ് താഴ്വരയിലെ സുമാര പഞ്ചായത്തില്‍ വിവാഹങ്ങളില്‍ ഗോത്ര ആചാരങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ബോളിവുഡ്രീതിയിലുള്ള ആഡംബര വിവാഹങ്ങള്‍ ഒഴിവാക്കുന്നതിനും പ്രമേയം പാസാക്കിയിരുന്നു.
പാരമ്പര്യവും, അവിടുത്തെ സംസ്കാരവും സംരക്ഷിക്കുന്നതില്‍ യുവാക്കള്‍ക്കും ആശങ്കയുള്ളതിനാല്‍ ഇക്കാര്യത്തില്‍ ഏകകണ്ഠമായ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ പരിഷത്ത് അംഗം കുംഗ ബോധ് അറിയിച്ചു.






