
ദിസ്പൂര്‍: തന്റെ പൗരത്വം തെളിയിക്കാന്‍ 16 രേഖകള്‍ പ്രദര്‍ശിപ്പിച്ചുവെങ്കിലും താന്‍ ഒരു ഇന്ത്യന്‍ പൗരനാണെന്ന് സ്ഥാപിക്കാന്‍ കഴിയാതെ അസം സ്വദേശി. കീഴ്ക്കോടതി വിദേശിയായി പ്രഖ്യാപിച്ച ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി ഗുവാഹത്തി ഹൈക്കോടതി തള്ളുകയും ചെയ്തു.
1964-ലെ ഫോറിനേഴ്സ് ആക്ട് സെക്ഷന്‍ 9 പ്രകാരം, ഹര്ജിക്കാരന് ഒരു വിദേശിയല്ലെന്നും ഇന്ത്യന്‍ പൗരനാണെന്നും സ്ഥാപിക്കാന്‍ ഈ 16 രേഖകളും സഹായിക്കുന്നതായി കാണുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഒരാള്‍ വിദേശിയാണോ എന്ന ചോദ്യം ഉയര്‍ന്നാല്‍, പൗരത്വം തെളിയിക്കാനുള്ള ബാധ്യത ആ വ്യക്തിക്കാണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസുമാരായ കല്യാണ്‍ റായ് സുരാന, ഷമീമ ജഹാന് എന്നിവരടങ്ങിയ ബെഞ്ചാണ് ജൂണ്‍ 30-ന് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
'ഹര്ജിക്കാരന് 16 രേഖകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും, താന്‍ ഒരു വിദേശിയല്ലെന്നും ഇന്ത്യന്‍ പൗരനാണെന്നും തെളിയിക്കാന്‍ സെക്ഷന്‍ 9 പ്രകാരം ആവശ്യപ്പെടുന്ന തന്റെ ബാധ്യത നിറവേറ്റാന്‍ ഇത് ഹര്‍ജിക്കാരനെ സഹായിക്കുന്നില്ല.' ഉത്തരവില്‍ പറയുന്നു.
പൗരത്വം തെളിയിക്കുന്നതിനായി മുത്തശ്ശന്മാരുടെയും പിതാവിന്റെയും പേരുകള്‍ രേഖപ്പെടുത്തിയ 1951-ലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ പകര്‍പ്പുകള്‍, 1966 മുതല്‍ 2017 വരെയുള്ള, മാതാപിതാക്കളുടെയും അദ്ദേഹത്തിന്റെയും പേരുകളുള്ള വോട്ടര്‍ പട്ടികയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍. 1973-ലെ ഭൂമി വാങ്ങിയ രേഖകള്‍, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ഒരു സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ഹര്ജിക്കാരന് സമര്‍പ്പിച്ച രേഖകള്‍. ഹര്‍ജിക്കാരന്റെ പിതാവ് കോടതിയില്‍ ഹാജരായി മകനാണെന്ന് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ 'സ്വീകാര്യവും പ്രസക്തവുമായ' രേഖാമൂലമുള്ള തെളിവുകളില്ലാതെയുള്ള വെറും വാക്കാലുള്ള തെളിവുകള്‍ ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന് കോടതി വിലയിരുത്തി.
ഹര്ജിക്കാരന് ഒരു കുടിയേറ്റ തൊഴിലാളിയാണെന്നും, ചില രേഖകളില്‍ പിതാവിന്റെയും മുത്തശ്ശന്റെയും പേരുകളിലെ അക്ഷരത്തെറ്റുകള്‍ (വ്യത്യാസങ്ങള്‍) കാരണമാണ് ഇയാളെ വിദേശിയായി പ്രഖ്യാപിച്ചതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന് വാദിച്ചു. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ പറയുന്ന ഡോബാകുര, ഗുഗുദോബ, ഹാഷ്ദോബ എന്നീ മൂന്ന് ഗ്രാമങ്ങളിലും ഈ കുടുംബാംഗങ്ങള്‍ ഒരുമിച്ച് തുടര്‍ച്ചയായി താമസിച്ചിരുന്നുവെന്ന് കാണിക്കാന്‍ ഹര്ജിക്കാരന് കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
രേഖകളിലെ പോരായ്മകള്‍ നികത്താന്‍ വോട്ടര്‍ പട്ടികകള്‍ വെച്ച് കെട്ടിച്ചമച്ച വാദങ്ങളാണ് ഹര്ജിക്കാരന്റേതെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കൂടാതെ, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് നല്കിയ ഹെഡ്മാസ്റ്റര് അത് സാക്ഷ്യപ്പെടുത്താന്‍ കോടതിയില്‍ ഹാജരായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.






