
കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒരുപാട് താരങ്ങളുണ്ട്, അവരില്‍ ചിലരൊക്കെ വെള്ളിത്തിരയില്‍ നല്ല അവസരങ്ങള്‍ കിട്ടാത്തതിന്റെ പേരില്‍ മടുത്തു പിന്‍വാങ്ങിയവരാണ്. മറ്റു ചിലരാണെങ്കില്‍ സീരിയസ് വേഷങ്ങളിലേക്ക് വഴുതിമാറിപ്പോയി. എന്നാല്‍ ഏകദേശം രണ്ടു പതിറ്റാണ്ടായി മലയാള സിനിമാ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കോമഡി മേഖലയില്‍ നിറഞ്ഞു നില്ക്കുന്ന ഒരു താരമാണ് വിനോദ് കെടാമംഗലം. ‘ജവാനും മുല്ലപ്പൂവും’ എന്ന സിനിമയില്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷത്തിലൂടെ മലയാള സിനിമാപ്രേക്ഷകരുടെ മനസ്സില്‍ തന്റെ സ്ഥാനം വീണ്ടും അരക്കിട്ടുറപ്പിക്കുകയാണ് വിനോദ്. കടന്നു വന്ന വഴികള്‍ അല്‍പ്പം ബുദ്ധിമുട്ടു നിറഞ്ഞതാണെങ്കിലും സിനിമ തന്നതൊക്കെയും സൗഭാഗ്യങ്ങള്‍ തന്നെയാണെന്ന് വിനോദ് ഉറച്ചു വിശ്വസിക്കുന്നു. കൈ നിറയെ ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന വിനോദ് കെടാമംഗലം മംഗളം ഓണ്‍ലൈനിനൊപ്പം പഴയ ഓര്‍മ്മകളും പുത്തന്‍ പ്രതീക്ഷകളും പങ്കുവയ്ക്കുകയാണ്...
ഒരിക്കലും നിരാശ തോന്നിയിട്ടില്ല
ഞാന്‍ വേദികളിലൂടെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ആദ്യമായി എത്തിയത്. പിന്നീട് ഏഷ്യാനെറ്റിന്റെ സിനിമാല എന്ന പ്രോഗ്രാമിലൂടെ ടെലിവിഷനിലെത്തി. ഡയാന സില്‍വസ്റ്റര്‍ നേതൃത്വം കൊടുത്ത ‘സിനിമാല’ എന്റെ കലാരംഗത്തെ വഴിത്തിരിവായി മാറി. ഡയാനചേച്ചി എന്നെപ്പോലെയുള്ള ഒരുപാട് കലാകാരന്മാര്ക്ക് ഒരു ഐഡന്റിറ്റി ഉണ്ടാക്കിത്തരുന്നതില്‍ ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അത്രത്തോളം ജനങ്ങളിലേക്ക് ആഴത്തിലിറങ്ങിയ പ്രോഗ്രാമായിരുന്നു സിനിമാല. അവിടെ നിന്നാണ് സിനിമയെന്ന വലിയ ലോകത്തിലേക്ക് നടന്നു കയറിയത്. കലാഭവന്‍ ഹനീഫിക്കയാണ് എന്നെ സിനിമയിലേക്ക് പിടിച്ചു കയറ്റിയത്. ഡ്യൂപ്പ് ഡ്യൂപ്പ് ഡ്യൂപ്പ് എന്ന ആദ്യ സിനിമയ്ക്കു ശേഷം വലിയൊരു ഉയര്‍ച്ചയൊന്നും ഉണ്ടായിട്ടില്ല. എങ്കിലും ദിലീപേട്ടന്റെ സിനിമയായ ‘ക്രേസി ഗോപാല’നിലെ കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ എന്നെ അറിഞ്ഞു തുടങ്ങി. അങ്ങനെ തുടങ്ങിയ ഈ യാത്ര അവസാനം റിലീസ് ചെയ്ത ഒരു കൊച്ചു സിനിമയായ ‘ജവാനും മുല്ലപ്പൂവും’ വരെയെത്തി നില്ക്കുന്നു. എന്റെ യാത്രയ്ക്കിടയില്‍ അത്ഭുതപ്പെടുത്തിയ ഒരുപാട് കലാകാരന്മാരെ കണ്ടിട്ടുണ്ട്. പക്ഷേ അവരൊക്കെ വെള്ളിത്തിരയില്‍ മികച്ച വേഷങ്ങള്‍ കിട്ടാത്തതു കൊണ്ടോ മറ്റേതെങ്കിലും കാരണങ്ങള്‍ കൊണ്ടോ ഈ യാത്ര പകുതിക്ക് വച്ച് നിര്‍ത്തി പോയവരാണ്. ആ മടുപ്പ് എന്നെ ഇതുവരെ ബാധിച്ചിട്ടില്ല. ഈയൊരു മേഖലയിലേക്ക് വരുക എന്നതിനേക്കാളുപരി ഇത്ര നാളും നിലനില്ക്കുക എന്നതല്ലേ വലിയ കാര്യം. ഓരോ വര്‍ക്കും വലിയ സന്തോഷമാണ്. ഈ മേഖല വഴി കിട്ടിയ സൗഹൃദങ്ങളും കുറവല്ല. ഇനിയിറങ്ങാന്‍ പോകുന്ന സിനിമകളിലെ വേഷങ്ങളും ഏറെ പ്രതീക്ഷയുള്ളതാണ്. പ്രതീക്ഷയാണല്ലോ നമ്മളെ മുന്നോട്ടു നയിക്കുന്നത്. ഒട്ടും നിരാശയില്ല, ശരിക്കും ഹാപ്പി തന്നെയാണ്. ഞാന്‍ വളര്‍ന്നു വന്ന സാഹചര്യവും എന്റെ വീടിന്റെ സാഹചര്യവും വച്ചു നോക്കിയാല്‍ ഒരു കലാകാരനെന്ന നിലയില്‍ ഇവിടെ പിടിച്ചു നില്ക്കാന് കഴിയുന്നുണ്ടല്ലോ, അത് തന്നെയാണ് വലിയ കാര്യം.
സിനിമയിലെ സൗഹൃദങ്ങള്‍
സിനിമയിലെന്നല്ല എവിടെയാണെങ്കിലും നാം കൊടുക്കുന്നതേ നമുക്ക് തിരിച്ചും കിട്ടൂ. ഒരാളുമായി നമുക്കുണ്ടാകുന്ന മാനസിക അടുപ്പം ആത്മാര്‍ത്ഥമാണെങ്കില്‍ തിരിച്ചും ഒരു പരിധിവരെ ആ ആത്മാര്‍ത്ഥത പ്രതീക്ഷിക്കാം. എന്നും വിളിച്ച് അന്വേഷിക്കുന്നതിലല്ല കാര്യം, ഒരുപാട് കാലങ്ങള്‍ക്കു ശേഷം വിളിക്കുമ്പോഴും കാണുമ്പോഴും പഴയ സ്നേഹം നിലനിര്‍ത്തി സംസാരിക്കാന്‍ നമുക്ക് കഴിയുന്നുണ്ടെങ്കില്‍ എതിര്‍വശത്തു നില്ക്കുന്ന ആളിനും അത് കഴിയും. അത് എല്ലാ മേഖലയിലും അങ്ങനെ തന്നെയാണ്. പിന്നെ സിനിമയിലാണെങ്കില്‍ എല്ലാവരും പറഞ്ഞു പഴകിയ ഒരു വരിയുണ്ട്,‘ അവനിപ്പോള്‍ വലിയ ആളായിപ്പോയി, നമ്മളെയൊന്നും കണ്ടാല്‍ ഒരു മൈന്‍ഡുമില്ല’ എന്ന്. അതില്‍ പക്ഷേ വലിയ കഴമ്പുണ്ടെന്ന് എനിക്കു തോന്നയിട്ടില്ല. സെലിബ്രിറ്റി ജീവിതത്തിലെന്നല്ല, എവിടെയാണെങ്കിലും കടന്നു വന്ന വഴികള്‍ മനഃപൂര്‍വ്വം മറന്നു പോകുന്ന ഒരുപാട് ആളുകളുണ്ട്, മറക്കാത്തവരുടെ എണ്ണവും ഒട്ടും കുറവല്ല.
ലഹരി തന്നെയാണ് സിനിമ
ആഗ്രഹിച്ച് കൊതിച്ച് സിനിമയിലേക്കെത്തിയ പലര്‍ക്കും സിനിമ ഒരു ലഹരി തന്നെയാണ്. ആഗ്രഹിച്ച കഥാപാത്രങ്ങള്‍ ചെയ്യക, മികച്ച സംവിധായകരുടെ സിനിമയില്‍ ഒരു വേഷം കിട്ടുക എന്നിങ്ങനെയുള്ള ആഗ്രഹങ്ങള്‍ ഒട്ടുമിക്കവരിലും ഉണ്ടാകാറുണ്ട്. ഓരോ സംവിധായകനും, ലൊക്കേഷനും, അഭിനേതാക്കളും, കഥകളുമൊക്കെ പുത്തന്‍ അനുഭവങ്ങളല്ലേ. ഓരോ സിനിമയും പുതിയ പഠനങ്ങള്‍ തന്നെയാണ്. ആരും എല്ലാം പഠിച്ചു തീര്‍ത്തിട്ട് സിനിമയിലേക്ക് വന്നതല്ലല്ലോ. എന്നെ സംബന്ധിച്ച് തേടിയെത്തുന്ന ഓരോ സിനിമകളും തരുന്ന പാഠങ്ങള്‍ എപ്പോഴും അറിവ് കൂട്ടിയിട്ടേ ഉള്ളൂ. എന്നിലെ കലാകാരനെ കൂടുതല്‍ വളര്‍ത്താന്‍ അതിനൊക്കെ കഴിഞ്ഞിട്ടുണ്ട്. പ്രഗല്ഭരായ ഒരുപാട് കലകാരന്മാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നു എന്നതു തന്നെയാണ് ലഹരിയും ഭാഗ്യവും.
സിനിമ തന്ന ധൈര്യമാണ് ആല്‍ബം സോംഗുകള്‍ മ്യൂസിക് ചെയ്യാനും സംവിധാനം ചെയ്യാനുമൊക്കെ പ്രേരണയായി മാറിയത്. ഇപ്പോള്‍ ഒരുപാട് മ്യൂസിക് ആല്‍ബങ്ങള്‍ ചെയ്തു. എന്റെയൊപ്പം കട്ട സപ്പോര്‍ട്ടുമായി കുറെ സുഹൃത്തുക്കളുമുണ്ട്. ഓരോ ആല്‍ബം പുറത്തിറങ്ങുമ്പോഴും ഉള്ളിലുണ്ടാകുന്ന നിര്‍വൃതി ചെറുതൊന്നുമല്ല.
ചിരിപ്പിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്
ചിരിപ്പിക്കുക എന്നത് അസാധ്യമായ കാര്യമാണ്. എല്ലാവരെയും കൊണ്ട് പറ്റുന്ന കാര്യമല്ലത്. മലയാള സിനിമയില്‍ കോമഡി അഭിനയിച്ച് പ്രതിഫലിപ്പിച്ച് പ്രേക്ഷകരെ ചിരിപ്പിച്ച കലാകാരന്മാര് ഒരുപാടുണ്ട്. അവരൊക്കെയും മികച്ച അഭിനേതാക്കളാണ്. ഒരു തിരക്കഥ വായിച്ച് ശൂന്യതയില്‍ നിന്ന് അവരുടെ പ്രകടനത്തിലൂടെ മാത്രം പ്രേക്ഷകര്‍ ചിരിക്കുകയാണ്. ഇന്നും അവരെപ്പോലെയുള്ള കലാകാരന്മാര് അഭിനയിച്ച സീനുകള്‍ കാണുമ്പോള്‍ ഏതൊരു മലയാളിയും അത് കണ്ട് ആസ്വദിച്ച് മതിമറന്നു ചിരിച്ചു പോകും. മനസ്സില്‍ ഒരു വിങ്ങല്‍ ഒളിപ്പിച്ചു വച്ച ഒരുപാട് കലാകാരന്മാര് പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കാറുണ്ട്. ഒട്ടേറെ വ്യക്തിപരമായ പ്രശ്നങ്ങളടങ്ങിയ പേജുകള്‍ മറച്ചു പിടിച്ചാണ് പലരും മറ്റുള്ളവരെ ചിരിപ്പിക്കുന്നത്.
സീരിയസ്സ് വേഷങ്ങളോട് നോ പറയാറില്ല
എന്നെത്തേടിയെത്തുന്ന കഥാപാത്രങ്ങള്‍ അത് എന്തു തന്നെയായാലും ആത്മാര്‍ത്ഥമായി ചെയ്യുക എന്നതാണ് എന്റെ ജോലി. മിമിക്രി മേഖലയില്‍ നിന്നു വന്നതായതു കൊണ്ട് എന്നെത്തേടിയെത്തുന്ന കഥാപാത്രങ്ങളില്‍ മിക്കതും കോമഡി നിറഞ്ഞതായിരിക്കും. അതല്ലാതെ എന്നെത്തേടിയെത്തിയ സീരിയസ് കഥാപാത്രങ്ങള്‍ കുറവാണ്. എങ്കിലും ആണും പെണ്ണും എന്ന സിനിമയില്‍ ഞാന്‍ ഒട്ടും പ്രതീക്ഷിക്കാതെ സംവിധായകന് വേണു സാര്‍ ഒരു സീരിയസ് കഥാപാത്രം എന്നെയേല്‍പ്പിച്ചു. ഇന്നും അതോര്‍ക്കുമ്പോള്‍ ഒരു വലിയ സന്തോഷമാണ്. വളരെ ഗൗരവമായ വേഷം, കഥാപാത്രത്തിന്റെ ഔട്ട്ലുക്കിലും വലിയ മാറ്റം തന്നെ വേണു സാര്‍ വരുത്തിയിരുന്നു. അത്തരം കഥാപാത്രങ്ങള്‍ തേടി വരുക എന്നതു തന്നെ വലിയ പുണ്യമായി കരുതുന്നു. അങ്ങനെയുള്ള കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുന്നുമുണ്ട്.
സ്വപ്നം പോലെ മമ്മൂക്കയും ലാലേട്ടനും, സഹോദരനായി ദിലീപേട്ടനും
‘പുത്തന്‍പണം’ എന്ന സിനിമയില്‍ ഞാന്‍ മമ്മൂക്കയ്ക്കൊപ്പം അഭിനയിച്ചിരുന്നു. ചെറുപ്പം മുതല്‍ കണ്ട് ആസ്വദിച്ച, നേരിട്ട് കാണണമെന്ന് ആഗ്രഹം തോന്നിയിട്ടുള്ള മമ്മൂട്ടി എന്ന വലിയ കലാകാരനൊപ്പം ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതു തന്നെ വലിയ ഭാഗ്യമായിട്ടാണ് കരുതുന്നത്. അതിനൊക്കെ മുമ്പ് പറവൂര്‍ വച്ചൊരു ചടങ്ങില്‍ മമ്മൂക്കയെ കാണാനൊരു അവസരമുണ്ടായി. ഞാനന്ന് സിനിമാല ചെയ്യുന്ന സമയമാണ്. സംഘാടകന്‍ എന്ന നിലയില്‍ ആ പരിപാടിയില്‍ ഞാനായിരുന്നു സ്വാഗതം പറയേണ്ടിയിരുന്നത്. മമ്മൂക്കയിരിക്കുന്നതിന്റെ പിന്നിലായിരുന്നു ഞാനന്ന് ഇരുന്നിരുന്നത്. ഇടയ്ക്കെപ്പോഴോ മമ്മൂക്ക തിരിഞ്ഞു നോക്കിയപ്പോള്‍ എന്നെ കണ്ടു, കണ്ട മാത്രയില്‍ ‘ആഹാ, ഇയാളിവിടെയുണ്ടായിരുന്നോ ?’ എന്നൊരു ചോദ്യം. ശരിക്കും ഞാന്‍ ഞെട്ടിപ്പോയി. സിനിമാല എന്ന പ്രോഗ്രാമില്‍ മാത്രം കണ്ടിട്ടുള്ള മമ്മൂക്ക എന്നെ തിരിച്ചറിഞ്ഞതായിരുന്നു സ്വാഗതം പറയുന്ന സമയത്ത് എന്റെ മനസ്സിലേക്ക് വന്നത്. അദ്ദേഹം എന്നോട് സംസാരിക്കുന്നത് കണ്ടിട്ട് പല സുഹൃത്തുക്കളും എന്നോടാക്കാര്യം ചോദിച്ചു. പിന്നീട് ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും, ‘ഞാന്‍ സിനിമാലയില്‍ തന്നെ കാണാറുണ്ട് കേട്ടോ’ എന്നും മമ്മൂക്ക പറയുകയുണ്ടായി. പിന്നീടാണ് ‘പുത്തന്‍ പണം’ സിനിമയിലൂടെ കൂടുതല്‍ പരിചയപ്പെട്ടു. നല്ല അടുപ്പമാണിപ്പോള്‍. വാട്ട്സാപ്പില്‍ മെസേജിട്ടാല്‍ മമ്മൂക്ക ഉറപ്പായും അതിന് മറുപടി തരും. അതൊക്കെത്തന്നെ വലിയ കാര്യമല്ലേ. തിരക്കിനിടയിലും നമുക്ക് വേണ്ടി മാറ്റി വയ്ക്കാന്‍ മമ്മൂക്കയ്ക്ക് സമയമുണ്ടാകുക എന്നതാണ്. വലിയ മനസ്സുണ്ട് അദ്ദേഹത്തിന്.
ലാലേട്ടനുമായി അങ്ങനെ വ്യക്തിബന്ധങ്ങളില്ല. എങ്കിലും ‘അമ്മ’യുടെ മീറ്റിംഗിലൊക്കെ വച്ച് കാണാറുണ്ട്. വലിയ സ്നേഹമാണ്. ‘പുലിമുരുകനി’ല്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ലാലേട്ടനൊപ്പമുള്ള കോമ്പോ സീനൊന്നും എനിക്കുണ്ടായിരുന്നില്ല. സ്വപ്നം പോലെയാണ് ഇവരെ പരിചയപ്പെട്ടതും ഒപ്പം അഭിനയിക്കാനായതും.
വെല്‍ക്കം ടൂ സെന്റട്രല്‍ ജയില്‍ എന്ന സിനിമയില്‍ മറ്റ് മിമിക്രി താരങ്ങള്‍ക്ക് അവസരം കൊടുക്കുന്നതിനൊപ്പം എനിക്കും ഒരു വേഷം ദിലീപേട്ടന് തന്നിരുന്നു. എന്നെ സജസ്റ്റ് ചെയ്യുക മാത്രമല്ല, ഞങ്ങളെപ്പോലെയുള്ള കലാകാരന്മാര്ക്ക് എവിടെ പ്ലേസ് ചെയ്യണമെന്നും ദിലീപേട്ടന് അറിയാം. അതിലൊരു പാട്ടില്‍ എന്നെ സ്ത്രീവേഷം കെട്ടിച്ചത് ദിലീപേട്ടനാണ്. അതിനുള്ള കാരണം വേദികളില്‍ എന്നെയങ്ങനെ കണ്ടിട്ടുള്ളതു തന്നെയാണ്. മിമിക്രി ലോകത്തു നിന്ന് വന്നതു കൊണ്ടാവണം ഞങ്ങളോടൊക്കെ ഒരു പ്രത്യേക കണ്‍സേണ്‍ ഉണ്ട് ദിലീപേട്ടന്.
മാറ്റങ്ങള്‍ അനിവാര്യമാണ്
മലയാള സിനിമയില്‍ കാലങ്ങളായി മാറ്റങ്ങളുണ്ടാകുന്നുണ്ട്. അത് അനിവാര്യവുമാണ്. ടെക്നിക്കലായിട്ടും അഭിനേതാക്കളുടെ കാര്യത്തിലുമൊക്കെ ആ മാറ്റമുണ്ടാകുന്നത് സ്വഭാവികമാണ്. പലപ്പോഴും ഞാനടക്കമുള്ളവര്‍ പറയാറുണ്ട്, ‘പണ്ട് ഞങ്ങള്‍...’ എന്ന്. ഇപ്പോള്‍ എന്ത് എന്നതാണ് കാര്യം. പണ്ട് അങ്ങനെയായിരിക്കാം. ഇന്നിന്റെ ആവശ്യം ഇതാണ്. ഒരു മുന്നേറ്റം എവിടെയും ആവശ്യമാണ്. പുതിയതിനൊപ്പം നില്ക്കുക എന്നതാണ് ആവശ്യം. പഴയത് നല്ലതല്ല എന്നല്ല, എന്നു കരുതി പഴയതു മാത്രമാണ് ഉദാത്തമെന്ന് കരുതരുത്. മാറ്റങ്ങളെ അംഗീകരിക്കുക, ബഹുമാനിക്കുക, അതിനോട് പൊരുത്തപ്പെടുക എന്നതാണ് വേണ്ടത്.
സിനിമയില്‍ സ്ത്രീകള്‍ക്ക് പരിഗണന കിട്ടുന്നില്ലേ എന്ന ചോദ്യത്തിന് ഉത്തരം പറയാനുള്ള അറിവൊന്നും എനിക്കില്ല. എങ്കിലും ഞാന്‍ കടന്നു വന്ന വഴിത്താരയായ കോമഡി മേഖലയില്‍ അന്നൊക്കെ സ്ത്രീകള്‍ വളരെ കുറവായിരുന്നു. പക്ഷേ അന്ന് ഞങ്ങള്‍ക്കൊപ്പം നിന്നിരുന്ന കലാകാരികള്‍ക്ക് തുല്യ പ്രാധാന്യം നല്കാന് ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സുബി, ദേവി ചന്ദന, തെസ്നിത്ത, അഞ്ജന,പ്രിയങ്ക എന്നിവരൊക്കെ കോമഡി മേഖലയില്‍ നന്നായി പെര്‍ഫോം ചെയ്യുകയും അവരുടെ സ്ഥാനം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. സിനിമയെക്കുറിച്ച് അത്രകണ്ട് പറയാന്‍ ഞാന്‍ ആളല്ല. എങ്കിലും മുന്‍കാല അഭിനേത്രികളൊക്കെ എന്ത് മികച്ച അഭിനയമാണ് കാഴ്ച വച്ചിരുന്നത്. ഇപ്പോഴുള്ള അഭിനേത്രികളും ഒട്ടും പിറകിലല്ല. ഞാന്‍ അഭിനയിച്ചതില്‍ ഏറ്റവുമവസാനം റിലീസ് ചെയ്ത ‘ജവാനും മുല്ലപ്പൂവും’ സിനിമയില്‍ ശിവദയാണ് കേന്ദ്ര കഥാപാത്രം. ശിവദയുടെ കഥാപാത്രമാണ് ആ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നത്, ശക്തയായ ആ സ്ത്രീ കഥാപാത്രമാണ് ആ സിനിമയുടെ യഥാര്‍ത്ഥ നെടുംതൂണ്. മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന അഭിനേത്രികള്‍ക്ക് അന്നുമിന്നും മലയാള സിനിമയില്‍ നല്ലൊരു സ്ഥാനം തന്നെയുണ്ട്.
ഒടിടി പ്ലാറ്റ്ഫോമുകള്
കൊറോണ എന്ന മഹാമാരിയോടെയാണ് ഒടിടി പ്ലാറ്റ്ഫോമുകള് മലയാള സിനിമാപ്രേക്ഷകര്‍ക്ക് മുന്നില്‍ വലിയൊരു വാതില്‍ തുറന്നിട്ടത്. അത് ചീത്തയാണെന്നല്ല, അന്നത് ആവശ്യമായിരുന്നു. പക്ഷേ ഒടിടിയിലൂടെ സിനിമ കാണുമ്പോള്‍ ഇഷ്ടാനുസരണം കാണാം, ആസ്വദിക്കാം. ആസ്വാദകന്റെ ഫേ്ളാ നഷ്ടപ്പെടുത്തുന്നതില്‍ ഒടിടിക്ക് പങ്കുണ്ട്. അത് ഒരു പരിധിവരെ തിയേറ്ററിലേക്ക് ആളെ എത്തിക്കുന്നതില്‍ തടസ്സപ്പെടുത്തുന്നുണ്ട്.
പിന്നെ ആകെയുള്ള വിഷമം ചില സിനിമകളൊന്നും തിയേറ്ററിലേക്ക് ആളെ എത്തിക്കുന്നില്ല എന്നതാണ്. പല കൊച്ചു സിനിമകളിലും നല്ല കണ്ടന്റ് ഉണ്ടെങ്കില്‍ പോലും പ്രേക്ഷകര്‍ കാണാന്‍ കൂട്ടാക്കുന്നില്ല. മലയാള സിനിമ കാണുന്നതിന് അപ്പുറത്തേക്ക് മൊഴിമാറ്റ സിനിമകള്‍ക്കും ബിഗ് ബജറ്റ് സിനിമകള്‍ക്കും വേണ്ടി മാത്രമായി സിനിമാപ്രേക്ഷകര്‍ കാത്തിരിക്കുന്നില്ലേ എന്നൊരു ആശങ്കയുണ്ട്. കൊച്ചു സിനിമകള്‍ ഒടിടി വഴിയാണെങ്കിലും കാണാം, ബിഗ് ബജറ്റ് സിനിമകള്‍ പക്ഷേ തിയേറ്ററില്‍ തന്നെ കാണണം എന്ന ചിന്താഗതി മലയാളികളുടെ മനസ്സിലേക്ക് പതിയുന്നില്ലേ എന്നൊരു സംശയമുണ്ട്. ആരെയും കുറ്റപ്പെടുത്തുകയല്ല, എങ്കിലും അങ്ങനെയൊരു ചിന്ത പതിയെ മലയാള സിനിമാപ്രേക്ഷകരെ കീഴ്പെടുത്തുന്നുണ്ടോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
മണിച്ചേട്ടനും സുബിയും ഇന്നസെന്റ് ചേട്ടനും
കലാഭവന്‍ മണിച്ചേട്ടന്റെ വേര്‍പാട് എനിക്കുണ്ടാക്കിയ നഷ്ടം ചെറുതൊന്നുമല്ല. ഒരു നല്ല സുഹൃത്തിനെ, സഹോദരനെ ഒക്കെയാണെനിക്ക് നഷ്ടപ്പെട്ടത്. സൗഹൃദത്തിന്റെ പേരില്‍ ചേട്ടനെനിക്ക് തന്നിട്ടുള്ള ഉപകാരങ്ങള്‍ കുറച്ചൊന്നുമല്ല. ഒരുപാട് വേദികള്‍ എനിക്കദ്ദേഹം ഒരുക്കിത്തന്നിട്ടുണ്ട്. പ്രോഗ്രാം ട്രിപ്പുകളിലൊക്കെ എന്നെ വിളിക്കുമായിരുന്നു. വ്യക്തിപരമായി ചേട്ടനെനിക്ക് ഒരുപാട് പ്രോഗ്രാമുകള്‍ക്ക് അവസരം ഉണ്ടാക്കിത്തന്നിട്ടുണ്ട്. അതുകൊണ്ട് പൊതുവായ ഒരു നഷ്ടത്തേക്കാളുപരി വ്യക്തിപരമായി എനിക്കും മിമിക്രി കലാകാരന്മാര്ക്കും മണിച്ചേട്ടന്റെ വേര്‍പാട് അസഹനീയമായിരുന്നു. മരിക്കുന്ന സമയത്തോളം അദ്ദേഹം ഞങ്ങളുടെ സംഘടനയുടെ പ്രസിഡന്റായിരുന്നു. മിമിക്രി അസോസിയേഷന്റെ പ്രസിഡന്റായതു കൊണ്ട് മണിച്ചേട്ടന് നേതൃത്വം കൊടുത്ത് എത്രയോ പ്രോഗ്രാമുകള്‍ ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്. സിനിമയില്‍ അത്രയ്ക്കും പ്രശസ്തിയില്‍ നില്‍ക്കുമ്പോഴും അദ്ദേഹം കൂടെ നിന്ന പലര്‍ക്കും വേണ്ടി നിലകൊണ്ടു. ഞങ്ങളുടെ ഒരു നേതാവായിരുന്നു മണിച്ചേട്ടന്.
ഞങ്ങള്‍ക്കൊപ്പം നിന്ന ഒരു സഹോദരിയും സുഹൃത്തുമൊക്കെയായിരുന്നു സുബി. മിമിക്രി രംഗത്ത് അധികം സ്ത്രീരത്നങ്ങള്‍ ഇല്ലാതായിരുന്ന സമയത്തു പോലും സുബി ശരിക്കും തിളങ്ങി നിന്നിരുന്നു.ഇന്നിപ്പോള്‍ സംസാരിക്കുമ്പോള്‍ പോലും സുബി ഇവിടെയുണ്ടെന്ന തോന്നലില്‍ തന്നെയാണ് ഞാന്‍ സംസാരിക്കുന്നത്. വാചകങ്ങളില്‍ നിര്‍വ്വചിക്കാനാവില്ല ആ നഷ്ടം. അദ്ധ്വാനിച്ച് വിജയം നേടിയ ആളെന്ന നിലയിലും എനിക്കൊരുപാട് ബഹുമാനം തോന്നിയിട്ടുണ്ട് അവളോട്. ഉള്ളില്‍ ഒരുപാട് തേങ്ങലുകള്‍ അടക്കിപ്പിടിച്ച് കാണികളെ ചിരിപ്പിക്കാന്‍ അവള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ഇന്നസെന്റ് ചേട്ടന്റെ വേര്‍പാട് മലയാളികള്‍ക്ക് മുഴുവന്‍ സംഭവിച്ച ഒരു വേര്‍പാടാണ്. മാധ്യമങ്ങളിലൂടെ അദ്ദേഹത്തിന്റെ വേര്‍പാടിന്റെ ആഴം കാണാന്‍ കഴിഞ്ഞതാണ്. നേരിട്ട് അവിടെയെത്തിയപ്പോഴും ഞാനത് അനുഭവിച്ചാണ്. മലയാള സിനിമയുടെ സ്വത്ത് തന്നെയായിരുന്നു അദ്ദേഹം.
സോഷ്യല്‍ മീഡിയ ഒഴിവാക്കരുത്
ഒരു കലാകാരനെ സംബന്ധിച്ച് സ്വന്തമായി പ്രൊമോഷന് ചെയ്യുക എന്നത് അത്യന്താപേക്ഷിതമാണ്. ഞാനിവിടെയുണ്ട് എന്ന് മറ്റുള്ളവര്‍ മനസ്സിലാക്കണമെങ്കില്‍ അതില്‍ ലൈവാകണം. ന്യൂ ജനറേഷന് കൂടുതലായി നോക്കുന്നതും പിന്തുടരുന്നതും സോഷ്യല്‍ മീഡിയയാണ്. അതുകൊണ്ടു തന്നെ അതിനെ നല്ല രീതിയില്‍ ഉപയോഗിക്കണം. അതില്‍ കോംപ്ലക്സ് തോന്നിയിട്ട് കാര്യമില്ല. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ അത്ര കണ്ട് സജീവമല്ലെങ്കില്‍ കൂടി കുറച്ച് പ്രെമോഷനൊക്കെ അതിലൂടെ ചെയ്യാറുണ്ട്. ചിലപ്പോഴൊക്കെ സോഷ്യല്‍ മീഡിയ നെഗറ്റീവാകാറുണ്ട്. എങ്കിലും നല്ല രീതിയില്‍ അത് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞാല്‍ സോഷ്യല്‍ മീഡിയ കലാകാരന്മാര്ക്ക് എന്നും ഉപകാരപ്രദം തന്നെയാണ്.
കുടുംബത്തിന്റെ പിന്തുണ
കുടുംബമാണല്ലോ എല്ലാത്തിലും വലുത്. എനിക്കവിടെ നിന്നു കിട്ടിയ പിന്തുണ തന്നെയാണ് ഇവിടം വരെയെത്തിച്ചത്. വിവാഹത്തിന് മുമ്പും അമ്മയും അച്ഛനും സഹോദരനും വിവാഹശേഷം അവര്‍ക്കൊപ്പം ചേര്‍ന്നു നിന്ന് ഭാര്യയും എനിക്ക് പലപ്പോഴും കരുത്തായി മാറിയിട്ടുണ്ട്. ഡിഗ്രിക്ക് പഠിക്കുന്ന മകളും ഒന്‍പതില്‍ പഠിക്കുന്ന മകനുമൊക്കെ കട്ട സപ്പോര്‍ട്ടായി എപ്പോഴും കൂടെയുണ്ട്. എന്റെ സിനിമകള്‍ കാണുക മാത്രമല്ല മനസ്സു തുറന്നുള്ള വിമര്‍ശനങ്ങളും അവര്‍ നടത്താറുണ്ട്.
നാട്ടുകാര്ക്കാണെങ്കിലും അവരുടെ നാട്ടിലെ ഈ എളിയ കലാകാരനെ പിന്തുണയ്ക്കുന്നതില്‍ ഒരു മടിയുമില്ല. എന്ത് ചടങ്ങുണ്ടെങ്കിലും എന്നെ വിളിക്കാനും ഞാനഭിനയിച്ച സിനിമകള്‍ കണ്ട് അതില്‍ അഭിമാനം കൊള്ളാനുമൊക്കെ അവര്‍ മുന്നിലാണ്. അവരുടെ നാട്ടിലുള്ള ഏക സിനിമാ നടനാണ് ഞാന. ആ സ്നേഹം അവര്‍ക്ക് എന്നോടുണ്ട്. നിറഞ്ഞ മനസ്സോടെ അവരതെനിക്ക് തരുന്നുമുണ്ട്.
സ്വപ്നങ്ങള്‍ക്ക് അതിര്‍വരമ്പുകളില്ല
സിനിമയെ സ്നേഹിച്ചെത്തിയ ഏതൊരു അഭിനേതാവിന്റേയും ഏറ്റവും വലിയ ലക്ഷ്യം സിനിമാനടനാവുക എന്നതാണ്. പക്ഷേ പല കലാകാരന്മാരും അതിന് പറ്റാതെ സിനിമയിലെ മറ്റ് മേഖലകളിലേക്ക് ഒതുങ്ങിപ്പോയിട്ടുണ്ട്. എന്നോട് വ്യക്തിപരമായി അത് തുറന്നു പറഞ്ഞിട്ടുള്ളവരുമുണ്ട്. എന്നെ സംബന്ധിച്ച് സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചെത്തി അതേ മേഖലയില്‍ തന്നെ നിലനില്ക്കാന് കഴിയുന്നു എന്നുള്ളതു തന്നെയാണ് വലിയ കാര്യം. ചെറിയ വേഷങ്ങളാണെങ്കിലും വലിയ വേഷങ്ങളാണെങ്കിലും അഭിനയിക്കാന്‍ കഴിയുന്നു എന്നതു തന്നെയാണ് എനിക്ക് വലുത്. ഞാനിതു പറയുന്നതു പോലും സിനിമയെക്കുറിച്ച് ഒരുപാട് അറിയാവുന്ന ഒരാളെന്ന നിലയിലല്ല. വലിയൊരു സിനിമയുടെ വക്താവ് എന്ന നിലയ്ക്കുമല്ല. എനിക്ക് സിനിമയില്‍ നിന്നു കിട്ടിയതെല്ലാം നല്ലതു തന്നെയാണ്.
സിനിമയിലാണെങ്കിലും അത്യാവശ്യം നല്ല തിരക്കുണ്ട് ഇപ്പോള്‍. രജിഷ വിജയന്, വിനയ് ഫോര്‍ട്ട്,പ്രിയ വാര്യര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘കൊള്ള’, ഷെയ്ന് നിഗം, സിദ്ധാര്‍ത്ഥ് ഭരതന്, സണ്ണി വെയ്ന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘വേല’, സുരാജ് വെഞ്ഞാറമൂടിനൊപ്പം മുഴുനീള വേഷമുള്ള ‘ലിക്വര്‍ ഐലന്റ്’ എന്നിവയാണിപ്പോള്‍ റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങള്‍. കുഞ്ചാക്കോ ബോബന്, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമയിലാണിപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. രണ്ടു മൂന്നു സിനിമകള്‍ വേറെയും കമ്മിറ്റ് ചെയ്തിട്ടുണ്ട്. എല്ലാം പ്രതീക്ഷയുള്ള സിനിമകള്‍ തന്നെയാണ്.
സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ചുറ്റുപാടില്‍ നിന്നാണ് ഞാന്‍ വന്നത്. അന്നൊന്നും സിനിമയില്‍ അഭിനയിക്കുമെന്നോ സിനിമാ നടനാകുമെന്നോ കരുതിയിട്ടില്ല. വേദികളിലായിരുന്നു എനിക്കന്ന് ചവിട്ടുപടിയായത്. അന്നൊന്നും മറ്റ് തൊഴിലുകളൊന്നും അറിയില്ല. മിമിക്രി കലാകാരന് എന്നതു മാത്രമാണ് ഐഡന്റിറ്റി. വിവാഹം കഴിക്കുന്ന സമയത്ത് 350 രൂപ കിട്ടുന്ന ഒരു കലാകാരനാണ് ഞാന്‍. പക്ഷേ ഉത്സവസീസണ്‍ കഴിഞ്ഞല്‍ എന്തു ചെയ്യുമെന്ന് ഞാനന്ന് ആശങ്കപ്പെട്ടിട്ടുണ്ട്. അന്നാണ് ഭാഗ്യം പോലെ സിനിമാലയിലേക്ക് ഞാന്‍ ചേരുന്നത്. അവിടെ നിന്നാണ് സിനിമയിലേക്ക് ചവിട്ടിക്കയറിയത്. പകച്ചു പോയ സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും കലാമേഖല എനിക്കെന്നും തുണയായിട്ടുണ്ട്. ഒരു അഭിനേതാവായി അറിയപ്പെടാന്‍ ആഗ്രഹിച്ച എനിക്ക് അതില്‍ത്തന്നെ തുടരാന്‍ കഴിയുന്നുണ്ടല്ലോ. ഇപ്പോഴും ഞാനിവിടെവിടെയുണ്ടല്ലോ. സിനിമയില്‍ വരുക എന്നതിനപ്പുറം നിലനില്ക്കുക എന്നതാണ് വലിയ കാര്യം. ആ നിലനില്പ്പില് ഏറ്റക്കുറച്ചിലുണ്ടാകും. ഏറ്റക്കുറച്ചിലിനപ്പുറത്തേക്ക് വലിയൊരു കയറ്റം വരട്ടെ എന്നതാണ് പ്രാര്‍ത്ഥനയും ആഗ്രഹവും.